കാവേരി നദീജല തര്‍ക്കം: ഇരു സഭകളും ബഹളത്തില്‍ മുങ്ങി

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ 19ാം ദിവസവും കാവേരി നദീജല തര്‍ക്കം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്താല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ബഹളത്തില്‍ മുങ്ങി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് ആന്ധ്രയില്‍ നിന്നുള്ള വിവിധ കക്ഷികളും കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അംഗങ്ങളും ഉയര്‍ത്തുന്ന പ്രതിഷേധം ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാക്കിയിരുന്നു. ഇത് മോദിസര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതില്‍ വരെ എത്തി. ഇതിനു പിന്നാലെ ഇന്നലെ ദലിത് പ്രക്ഷോഭവും പോലിസ് വെടിവയ്പും സഭാനടപടികള്‍ തടസ്സപ്പെടാന്‍ കാരണമായി.
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ പാര്‍ലമെന്റിന് അകത്തും പുറത്തും എഐഎഡിഎംകെ അംഗങ്ങള്‍ പ്രതിഷേധിച്ചു. ദലിതുകള്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പിനെ പാര്‍ലമെന്റ് അപലപിക്കണമെന്നാവശ്യപ്പെട്ടു തൃണമൂല്‍ അംഗങ്ങള്‍ സഭ സമ്മേളിക്കുന്നതിനു മുമ്പ് പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധിച്ചു.
ഇറാഖിലെ മൗസിലില്‍ കൊല്ലപ്പെട്ട 39 പേരുടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ചു.
അതിനിടെ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്നലെ പാര്‍ലമെന്റിലെത്തി. പാര്‍ട്ടി അംഗങ്ങളുമായും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, കോണ്‍ഗ്രസ് എംപി ജ്യോതിരാധിത്യ സിന്ധ്യ എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തി. 11 മണിക്ക് ലോക്‌സഭ സമ്മേളിച്ച ഉടന്‍ തന്നെ ഞങ്ങള്‍ക്ക് നീതി വേണമെന്ന മുദ്രാവാക്യവുമായി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ സഭ ഉച്ചവരെ നിര്‍ത്തിവച്ചു.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് ആര്‍ജെഡിയിലെ മനോജ് കുമാര്‍ ഝാ, ടിഡിപിയിലെ സി എം രമേഷ് എന്നിവര്‍ ഇന്നലെ രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ദലിത് പ്രക്ഷോഭ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പ്രസ്താവന നടത്തി. എസ്‌സി-എസ്ടി ആക്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നും വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ സഭ പിരിഞ്ഞു.

RELATED STORIES

Share it
Top