കാവേരി തര്‍ക്കം: തമിഴ്‌നാട് കേന്ദ്രത്തിനെതിരേ കോടതിയലക്ഷ്യം ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനു വീഴ്ച സംഭവിച്ചുവെന്നും സര്‍ക്കാര്‍ കാണിച്ചത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. പതിറ്റാണ്ടുകള്‍ നീണ്ട കാവേരി നദീജല തര്‍ക്കം തീര്‍പ്പാക്കി സുപ്രിംകോടതി അന്തിമവിധി പുറപ്പെടുവിച്ചത് ഫെബ്രുവരി 16നാണ്. നദീജലം കൈകാര്യം ചെയ്യുന്നതിനായി കാവേരി ബോര്‍ഡ് ആറാഴ്ചയ്ക്കുള്ളില്‍ രൂപീകരിക്കണമെന്നും അന്തിമവിധിയില്‍ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിശ്ചയിച്ച കാലാവധിക്കുള്ളില്‍ സര്‍ക്കാര്‍ ബോര്‍ഡ് രൂപീകരിച്ചില്ലെന്നും ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടി. കാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹ, കേന്ദ്ര ജലവിഭവ സെക്രട്ടറി യു പി സിങ് എന്നിവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണത്തിനുള്ള കാലാവധി മൂന്നുമാസം കൂടി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യം സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബോര്‍ഡ് രൂപീകരിക്കാനുള്ള ആറുമാസ കാലാവധി മാര്‍ച്ച് 29ന് അവസാനിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചത്. കാവേരി ബോര്‍ഡ് രൂപീകരിക്കാനുള്ള പദ്ധതി എന്താണെന്നു വ്യക്തമാക്കണമെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാവേരി പദ്ധതിയും കാവേരി മാനേജ്‌മെന്റ് ബോര്‍ഡും രണ്ടാണെന്നും ഇതില്‍ വ്യക്തത വേണമെന്നുമാണ് കേന്ദ്രത്തിന്റെ ആവശ്യം.
എന്നാല്‍, കാവേരി തര്‍ക്കത്തില്‍ കര്‍ണാടക തിരഞ്ഞെടുപ്പിനു മുമ്പ് എന്തു തീരുമാനമെടുത്താലും തിരഞ്ഞെടുപ്പില്‍ അത് ബിജെപിയെ ബാധിക്കുമെന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ കേസ് നീട്ടിക്കൊണ്ടുപോവുന്നതെന്നാണ് സൂചന.

RELATED STORIES

Share it
Top