കാവിരാഷ്ട്രീയമാണെങ്കില്‍ രജനിയുമായി സഖ്യത്തിനില്ല: കമല്‍ ഹാസന്‍

കാംബ്രിജ്: രജനീകാന്തിന്റേതു കാവിരാഷ്ട്രീയമാണെങ്കില്‍ അദ്ദേഹവുമായി സഖ്യത്തിനില്ലെന്നും തന്റേതു കാവിരാഷ്ട്രീയമല്ലെന്നും പ്രമുഖ നടന്‍ കമല്‍ ഹാസന്‍. അദ്ദേഹത്തിന്റേത് കാവിരാഷ്ട്രീയമാണെന്നു തെളിയിക്കുന്ന ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഹാവഡ് സര്‍വകലാശാലയിലെ വാര്‍ഷിക ഇന്ത്യന്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ചുവപ്പല്ല. രജനീകാന്തിന്റെ രാഷ്ട്രീയ നിറം കാവിയാകരുതെന്ന് താന്‍ ആഗ്രഹിക്കുന്നു. ഇനി അഥവാ കാവിയാണെങ്കില്‍ സഖ്യം ഒരിക്കലും സാധ്യമെല്ലന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. തിരെഞ്ഞടുപ്പില്‍ രജനിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം തള്ളിക്കളയാനാവില്ല. എന്നാല്‍, ഇരുപാര്‍ട്ടികളുടെയും നയങ്ങളും ആശയങ്ങളും ഒത്തുപോയാല്‍ മാത്രമേ ഇതു സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ഓരോ ജില്ലയിലെയും ഒരു ഗ്രാമം വീതം ദത്തെടുത്ത് അത്  ലോകെത്ത ഏറ്റവും മികച്ച ഗ്രാമമാക്കി മാറ്റും. ഇതിനായി പദ്ധതി തയ്യാറാക്കും. ആദ്യഘട്ടത്തില്‍ ഒരു ഗ്രാമമായിരിക്കും തിരഞ്ഞെടുക്കുക. പിന്നീടിത് ഓരോ ജില്ലയിലേക്കും വ്യാപിപ്പിക്കും. ആത്മവിശ്വാസമുള്ള, സ്വയംപര്യാപ്ത ഗ്രാമങ്ങളുണ്ടാവണമെന്ന ഗാന്ധിജിയുടെ ആശയമാണ് ഇക്കാര്യത്തില്‍ വഴികാട്ടിയെന്നും കമല്‍ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ നടത്താനിരിക്കുന്ന പ്രചാരണ യാത്രയുടെ ഔദ്യോഗിക വെബ്‌സൈറ്റും കമല്‍ ഉദ്ഘാടനം ചെയ്തു. 'നാളൈ നമതേ' എന്ന പേരിലാണ് ഈ മാസം 21ലെ പാര്‍ട്ടി പ്രഖ്യാപനത്തിനു ശേഷം കമല്‍ ഹാസന്റെ യാത്ര.

RELATED STORIES

Share it
Top