കാവിയും ചുവപ്പും തമ്മില്‍ ഇഴയടുപ്പം കൂടുന്നു: പി കെ ഫിറോസ്‌

കല്‍പ്പറ്റ: ജനാധിപത്യം ഭീഷണി നേരിടുന്ന കാലത്തും കാവിയും ചുവപ്പും തമ്മില്‍ ഇഴയടുപ്പം കൂടുക തന്നെയാണെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ മുസ്്‌ലിം ലീഗ് സഫലമാക്കിയ നവോത്ഥാനമാണ് കേരളത്തെ മതസൗഹാര്‍ദത്തിന്റെ തെളിമ മങ്ങാത്ത നാടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ നിഷേധത്തിനെതിരേ വിദ്യാര്‍ഥി പ്രതിരോധം എന്ന പ്രമേയത്തില്‍ എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്ക് കാവലൊരുക്കാന്‍ മുസ്്‌ലിം ലീഗ് സഹിച്ച ത്യാഗങ്ങള്‍ നിരവധിയാണ്. കേരളപ്പിറവിക്ക് ശേഷം പിറവിയെടുത്ത മുഴുവന്‍ സര്‍വകലാശാലകള്‍ക്കു പിന്നിലും ലീഗിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട്ടെ സ്‌കൂളില്‍ ദേശീയപതാകയുയര്‍ത്തിയ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിനെതിരേ നടപടിയെടുക്കാതിരിക്കുകയും വിഷയത്തില്‍ കൃത്യമായ നിലപാടെടുത്ത ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയും ചെയ്തത് ഫാഷിസത്തിനെതിരേ പോരാടുമെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം പ്രഖ്യാപിക്കുന്ന ഇടതു സര്‍ക്കാരാണ്.
ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ പ്രത്യേക ഉത്തരവിറക്കുകയും ആര്‍എസ്എസ് കായിക പരിശീലനത്തിന് സ്‌കൂളുകള്‍ അനുവദിക്കുകയും ചെയ്യുക വഴി സംസ്ഥാനത്തെ സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്- അദ്ദേഹം പറഞ്ഞു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ജനറല്‍ സെക്രട്ടറി എം പി നവാസ് പ്രമേയ പ്രഭാഷണം നടത്തി. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം, ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി, സ്വാഗതസംഘം ചെയര്‍മാന്‍ സി മൊയ്തീന്‍കുട്ടി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായില്‍, സെക്രട്ടറി പി ജി മുഹമ്മദ്, ലീഗ് ഭാരവാഹികളായ എന്‍ കെ റഷീദ്, പടയന്‍ മുഹമ്മദ്, യഹ്‌യാഖാന്‍ തലക്കല്‍ സംസാരിച്ചു.

RELATED STORIES

Share it
Top