കാഴ്ച വൈകല്യമുള്ള യുവതിയെ മര്‍ദ്ദിച്ചതായി പരാതി
fousiya sidheek2017-06-23T12:44:59+05:30
കോട്ടയം: കാഴ്ചവൈകല്യമുള്ള ലോട്ടറി വില്‍പ്പനക്കാരിയായ യുവതിയെ മര്‍ദ്ദിച്ചതായി പരാതി. കോട്ടയം ആര്‍പ്പൂക്കര തെക്കേക്കര വീട്ടില്‍ പെണ്ണമ്മ(49)യാണ് ആര്‍പ്പൂക്കര സ്വദേശികളും മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം ലോട്ടറി വില്‍പ്പന നടത്തുന്നവരുമായ പനമ്പാലം സുരേഷ്, സുധ, റോസമ്മ എന്നിവര്‍ മര്‍ദ്ദിച്ചെന്നു കാണിച്ച് ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കിയത്. ഈമാസം 19നാണ് പരാതിക്ക് ആസ്പദമായ സംഭവം. യുവതി എസ്പിക്കു നല്കിയ പരാതിയില്‍ പറയുന്നതിങ്ങനെ. കാഴ്ച വൈകല്യമുള്ള താനും ഭര്‍ത്താവ് അഗസ്റ്റ്യനും 10 വര്‍ഷമായി മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിതത്തിന് മുന്നില്‍ ലോട്ടറി വില്‍പ്പന നടത്തിവരികയാണ്. തന്നെ മര്‍ദ്ദിച്ച പനമ്പാലം സുരേഷും സുധയും റോസമ്മയും മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രധാന ഗേറ്റിന്റെ പരിസരത്ത് ലോട്ടറി വില്‍പ്പന നടത്തിവരുന്നവരാണ്. ഇതില്‍ സുധയും റോസമ്മയും കാഴ്ച വൈകല്യമുള്ളവരാണ്. 19ന് രാവിലെ 10.30ന് അത്യാഹിതത്തിനു മുന്നില്‍ ലോട്ടറി വില്‍പ്പന നടത്തുകയായിരുന്ന തന്നെ സുരേഷിന്റെ നിര്‍ദേശ പ്രകാരം സുധയും റോസമ്മയും ചേര്‍ന്ന് കാഴ്ച വൈകല്യമുള്ളവര്‍ ഉപയോഗിക്കുന്ന വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. തലയ്ക്ക് അടിയേല്ക്കാതിരിക്കാനായി കൈകൊണ്ട് തടുത്തപ്പോഴാണ് എല്ലിനു പൊട്ടലുണ്ടായത്. ഇതുകൂടാതെ ഇരുകാലുകള്‍ക്കും അടിയേറ്റിട്ടുണ്ട്. ബഹളം കേട്ട് പരിസരത്തുള്ളവര്‍ എത്തിയപ്പോഴാണ് ഇവര്‍ മര്‍ദ്ദനം അവസാനിപ്പിച്ചത്. അടുത്ത പണി നിനക്കാണെന്നു ഭര്‍ത്താവിനെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. മുമ്പ് ഇവര്‍ ഭര്‍ത്താവിനെയും മര്‍ദ്ദിച്ചിട്ടുണ്ട്. എല്ലിന് പൊട്ടലുള്ളതിനാല്‍ കൈക്ക് പ്ലാസ്റ്ററിട്ടിരിക്കുകയാണ്. താനും ഭര്‍ത്താവും മെഡിക്കല്‍ കോളജില്‍ ലോട്ടറി വില്‍പ്പന നടത്തുന്നതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു കാരണം. സുരേഷിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തങ്ങള്‍ ലോട്ടറി വില്‍പ്പന നടത്തിവന്നിരുന്നത്. കാഴ്ചവൈകല്യമുള്ളവരെ കൊണ്ടുതന്നെ നിന്നെയൊക്കെ അടിപ്പിക്കുമെന്ന് സുരേഷ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്ണമ്മ പരാതിയില്‍ പറയുന്നു.