കാഴ്ച്ചയില്ലാത്ത വയോധികന് കൈത്താങ്ങായി ജനമൈത്രി പോലിസ്‌ചെങ്ങന്നൂര്‍: ഇരുകാലുകളുമില്ലാത്ത അന്ധനായ വൃദ്ധന് കൈത്താങ്ങായി ജനമൈത്രി പോലിസ്. പോലിസ് ആവശ്യപ്പെട്ടതനുസരിച്ച് ചെങ്ങന്നൂര്‍ തിട്ടമേല്‍ കുറ്റിയില്‍ വീട്ടില്‍ കുട്ടപ്പ(80)നെ പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തു. ജന്മനാ അന്ധനായ കുട്ടപ്പന്‍ ട്രെയിനില്‍ പാട്ടുപാടി ലഭിക്കുന്ന തുക കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. 14 വര്‍ഷങ്ങള്‍ക്കു മുമ്പ് ട്രയിന്‍ മാറിക്കയറുന്നതിനിടയില്‍ കാല്‍ വഴുതി ട്രെയിനിനടിയില്‍പ്പെട്ട് ഇരുകാലുകളുടേയും മുട്ടിന് കീഴ്‌പോട്ടുള്ള ഭാഗം അറ്റുപോവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടപ്പന്‍ കിടപ്പിലായത്. ജനമൈത്രീ പോലീസ്, ബീറ്റ് ഓഫീസര്‍മാരായ ദിനേശ് ബാബു, ഒ ആര്‍രഞ്ജിനി എന്നിവരുടെ ഭവന സന്ദര്‍ശനത്തിനിടയിലാണ് കുട്ടപ്പന്റെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. ചെങ്ങന്നൂര്‍ കരുണ പാലിയേറ്റീവ് കെയര്‍ കുട്ടപ്പനെ സൗജന്യമായി ഗാന്ധിഭവനിലേക്ക് മാറ്റുന്നതിന് ആംബുലന്‍സ് വിട്ടുനല്‍കി.  ചെങ്ങന്നൂര്‍ സി.ഐ. എം ദിലീപ്ഖാന്‍, ഗാന്ധിഭവന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ ആര്‍ രാജപ്പന്‍, പൊതു പ്രവര്‍ത്തക മഞ്ജു വിനോദ്, നഗരസഭാ കൗണ്‍സിലര്‍ കെ ഷിബുരാജന്‍, സി. ആര്‍.ഒ. റ്റി സി സുരേഷ്, കരുണ പാലിയേറ്റീവ് കെയര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ വി സന്തോഷ്, പുലിയൂര്‍ ഉണ്ണികൃഷ്ണന്‍, മനു തോമസ്, ജനറല്‍ സെക്രട്ടറി എന്‍ ആര്‍ മോഹനന്‍പിള്ള തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

RELATED STORIES

Share it
Top