കാഴ്ചയും കാഴ്ചപ്പാടും

സുലൈമാന്‍ കക്കോടി
ഇത് ഉല്‍സവങ്ങളുടെ കാലഘട്ടമാണ്. കോളനി രാജ്യങ്ങളുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം ഉല്‍സവാമോദങ്ങളില്‍ ആറാടുമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഇപ്പോഴത്തെ 'ഉല്‍സവപ്പാത' ആഗോളവല്‍കൃതകാലത്തെ നവലിബറല്‍ ഉല്‍പ്പന്നവിപണ തന്ത്രങ്ങളുമായി ചേര്‍ത്തുവായിക്കേണ്ടവയാണ്. സാഹിത്യം, സംഗീതം, നൃത്തം, വ്യാപാരം, മതം, രാഷ്ട്രീയം എല്ലാ മേഖലകളിലും ഉല്‍സവങ്ങള്‍ നിറഞ്ഞാടുന്നു. നാടകമേളകളും ഇക്കൂട്ടത്തില്‍പ്പെടുത്താം. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്കേഷന്‍സ് വകുപ്പ് കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ നാടകോല്‍സവത്തില്‍ നാലു ഹിന്ദി നാടകങ്ങളും ഒമ്പതു മലയാളനാടകങ്ങളും ഓരോന്നുവീതം ബംഗാളി, രാജസ്ഥാനി, മണിപ്പൂരി നാടകങ്ങളും ഒന്നു വിവിധ ഭാഷയിലും മറ്റൊന്ന് ഡയലോഗുകള്‍ ഇല്ലാത്ത ശരീരഭാഷയിലുള്ളതും ആയിരുന്നു. നാടകരംഗത്ത് സജീവമായ മറാത്തി, കന്നഡ, തമിഴ് നാടകങ്ങളില്ലാത്തതിനാല്‍ ഈ മേളയെ സമകാലിക ഇന്ത്യന്‍ തിയേറ്ററിന്റെ പരിച്ഛേദം എന്നു വിളിക്കാനാവില്ല. എങ്കിലും കുറേ നല്ല നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. മൂന്നു നാടകങ്ങളൊഴിച്ച് ബാക്കിയെല്ലാം എക്‌സ്പിരിമെന്റല്‍ സ്വഭാവമുള്ളവ. നാടകാവതരണത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്തതാണ് പരീക്ഷണാത്മകത എന്ന് ബ്രെഹ്റ്റ് പറഞ്ഞു വച്ചിട്ടുണ്ടല്ലോ. സാധാരണ പ്രേക്ഷകന് മനസ്സിലാവില്ല എന്നത് കപടജനകീയവാദമാണെന്നും ബ്രെഹ്റ്റ് വാദിച്ചിട്ടുണ്ട്. ആധുനിക നാടകവേദിയുടെ അപ്പോസ്തലന്മാരായ ഗ്രൊട്ടോവ്‌സ്‌കിയും യൂജിനോ ബാര്‍ബയും പ്രേക്ഷകന്റെ പരമ്പരാഗത കാഴ്ചാശീലത്തെ നാടകാവതരണം കൊണ്ട് ഉടച്ചുകളയണമെന്ന് പ്രഖ്യാപിച്ചവരാണ്. അപ്പോള്‍പ്പിന്നെ പരീക്ഷണമില്ലാതെ എന്ത് ആധുനികനാടകം?ശ്രദ്ധേയമായ അസാന്നിധ്യംയഥാതഥരീതി അവലംബിച്ചത് മൂന്നു മലയാള നാടകങ്ങളാണ്. 'ദൈവം വീണ്ടും തെറ്റിദ്ധരിക്കുന്നു', 'ചി-മേ-റ', 'ദീര്‍ഘചതുരം.' മറ്റു നാടകങ്ങളില്‍ 'ചക്ക' മാറ്റിനിര്‍ത്തിയാല്‍ ബാക്കിയെല്ലാം പ്രൊസീനിയം രീതി കൈവിടാതെ വ്യത്യസ്ത രംഗാവതരണ പരീക്ഷണങ്ങള്‍ നിര്‍വഹിച്ചവയായിരുന്നു. ക്ലാസിക് കോമഡി ('കസുമാല്‍ സപ്‌നോ', 'ഗസബ് തേരിഅദാ'), എപ്പിക് ('സൗദാഗര്‍', 'ദി ലൈസന്‍സ്', 'ദി ലോങ്മാര്‍ച്ച്'), അബ്‌സേര്‍ഡ് ('4.48 സൈക്കോസിസ്')സോഷ്യല്‍ സറ്റയര്‍ ('ചക്ക', 'തിരുമ്പി വന്താന്‍ തമ്പി') എന്നീ അവതരണരീതികളും കാണാന്‍ കഴിഞ്ഞു. മണിപ്പൂരി നാടകമായ 'റിക്ഷയും തോക്കും' മലയാള നാടകങ്ങളായ 'ഞായറാഴ്ച', 'കുഴിവെട്ടുന്നവരോട്' എന്നിവ റിയലിസ്റ്റിക് ആഖ്യാനഘടനയില്‍ ഫാന്റസിയും ദ്വന്ദ്വാത്മകതയും ഇഴചേര്‍ത്ത് അവതരിപ്പിച്ചു. എന്നാല്‍, തനത് നാടകം എന്നു വിളിക്കുന്ന ഒരു നാടകം പോലും ഈ മേളയില്‍ വന്നില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിലനിന്നിരുന്ന പാശ്ചാത്യ നാടകസംസ്‌കാരത്തെയും അതിലുപരി ഭരണകൂടത്തിന്റെ സ്വാസ്ഥ്യം കെടുത്തിയ കാലികപ്രശ്‌നങ്ങളുടെ ദൃശ്യവല്‍ക്കരണത്തെയും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ പാരമ്പര്യകലകളെ തിയേറ്ററിലേക്ക് ആവാഹിച്ചു കൊണ്ടുവന്ന തനത് നാടകവേദി അതിന്റെ സ്വാഭാവിക അന്ത്യംവരിച്ചോ? സര്‍ക്കാരിന്റെയും ബഹുരാഷ്ട്ര കുത്തകകളുടെയും ഫണ്ട് വാങ്ങി പുഷ്ടിപ്പെടുകയും വിദേശത്തു വില്‍ക്കാന്‍ വേണ്ടി മാത്രം ഉല്‍പ്പാദിപ്പിക്കുകയും ചെയ്ത തനത് നാടകക്കാര്‍ ഇന്ത്യന്‍ നാടകവേദിയില്‍ അപ്രസക്തമായോ? സംശയം അസ്ഥാനത്തല്ലെന്നു തോന്നുന്നു. ആമയും മുയലുംമേളയില്‍ വന്ന നാടകങ്ങളില്‍ ചിലതെങ്കിലും കാണികളുടെ മനസ്സില്‍ കുറച്ചുകാലത്തേക്കെങ്കിലും നിലനില്‍ക്കാന്‍ കഴിയുന്നവയാണ്. പ്രൊബീര്‍ഗുഹ രചിച്ച് ശുഭദീപ് ഗുഹ സംവിധാനം ചെയ്ത 'ദി ലോങ് മാര്‍ച്ച'് അവയിലൊന്നാണ.് പഴയ നാടോടിക്കഥയിലെ ആമ-മുയല്‍ മല്‍സരത്തെ അവലംബിച്ച് രചിച്ച ഈ നാടകം സ്ഥിരമായി ആമ തന്നെ ജയിക്കുന്ന അവസ്ഥ നിലനില്‍ക്കുന്ന 'സമദര്‍ശി' രാജ്യത്തെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നു. 10 ഘട്ടമുള്ള മല്‍സരത്തിലെ ഒമ്പതാം ഘട്ടത്തിലെ ആലസ്യമാണ് മുയലിനെ തോല്‍പ്പിക്കുന്നത്. അതാവട്ടെ എതിരാളി അടുത്തെങ്ങും എത്തിയിട്ടില്ല എന്ന തോന്നലില്‍നിന്നും സംഭവിക്കുന്നതും. പുതിയ മല്‍സരത്തിനു തയ്യാറെടുക്കുന്ന മുയല്‍ താനിനി ഒമ്പതാംഘട്ടത്തില്‍ വിശ്രമിക്കില്ലെന്നും മല്‍സരം ജയിക്കുമെന്നും വാക്കുകൊടുക്കുന്നു. മല്‍സരത്തിന്റെ ഫിനിഷിങ് പോയിന്റ് നദിയുടെ മറുകര. ഇതും ആമയ്ക്ക് വീണ്ടും ജയിക്കാന്‍ വേണ്ടിതന്നെ. ആമയ്ക്കു നീന്താനറിയാമെങ്കിലും രാത്രിയായതിനാല്‍ ലക്ഷ്യസ്ഥാനം എവിടെയെന്നറിയില്ല. ബുദ്ധിമാനായ മുയല്‍ നക്ഷത്രത്തിന്റെ സഹായത്താല്‍ അതു കണ്ടെത്താമെന്നും അതിനു തന്നെ ചുമലിലേറ്റി നദി കടക്കണമെന്നും പറയുന്നു. അതു സമ്മതിച്ചതോടെ രണ്ടു പേരും ലക്ഷ്യത്തിലെത്തുന്നു. ഇവിടെ ആരും തോല്‍ക്കുന്നുമില്ല. ജനം അതനുവദിക്കില്ല. അവര്‍ക്ക് ഒരു ജേതാവിനെ വേണം. ബുദ്ധിമാനായ മുയലാണ് ജയിച്ചതെന്നും അല്ല അധ്വാനിച്ച ആമയാണ് ജേതാവെന്നും രണ്ടുപക്ഷം. ഒടുവില്‍ ജനം ആമയെ ജയിപ്പിക്കുന്നു. കോറസിന്റെയും ആയോധനമുറകളുടെയും ശരീരചലനങ്ങളുടെയും സ്റ്റിക്‌വര്‍ക്കിന്റെയും അര്‍ഥപൂര്‍ണമായ പ്രയോഗത്തിലൂടെ നദി, പാലം, കാട്, തടവറ എന്നിവ രംഗത്ത് സൃഷ്ടിക്കപ്പെടുന്നു. സ്ത്രീത്വത്തിന്റെ നീറ്റല്‍ബ്രെഹ്റ്റിന്റെ 'ദി ജോബ്', സാദത്ത് ഹസന്‍ മന്റോയുടെ 'ദി ലൈസന്‍സ്' എന്നീ കഥകളെ ഇതിവൃത്തമാക്കി നീലം മാന്‍സിങ് ചൗധരി സംവിധാനം ചെയ്ത 'ദി ലൈസന്‍സ്' ആണ് മറ്റൊരു മികച്ച നാടകം. മന്റോയുടെ കഥയിലെ ടോങ്കോവാല, ബ്രെഹ്റ്റിന്റെ ഫാക്ടറി വാച്ച്മാന്‍ എന്നീ കുടുംബനാഥന്മാര്‍ മരണപ്പെട്ട ശേഷം അവരുടെ ഭാര്യമാര്‍ അനുഭവിക്കുന്ന ദുരിതജീവിതമാണ് ആവിഷ്‌കരിക്കുന്നത്. ടോങ്കോവാലയുടെ ഭാര്യ നീതി ഭര്‍ത്താവിന്റെ ടോങ്ക ഓടിച്ച് ജീവിതം മുമ്പോട്ടുനീക്കാന്‍ തീരുമാനിച്ചെങ്കിലും പുരുഷകേന്ദ്രിത സാമൂഹികാവസ്ഥ അവളെ അതിനനുവദിക്കുന്നില്ല. സ്ത്രീകള്‍ക്ക് ടോങ്ക ഓടിക്കാന്‍ ലൈസന്‍സ് നല്‍കില്ലെന്നും വേണമെങ്കില്‍ വേശ്യാവൃത്തിക്ക് ലൈസന്‍സ് നല്‍കാമെന്നും അധികൃതര്‍ അറിയിക്കുന്നു. ഒടുവില്‍ രണ്ടു കഥയിലെയും സ്ത്രീകള്‍ അതിജീവനത്തിനായി പുരുഷവേഷം അണിയുന്നു. നീതിയാവട്ടെ വ്യവസ്ഥകളോടുള്ള വെറുപ്പുതീര്‍ക്കാന്‍ തന്റെ ഗര്‍ഭപാത്രവും സ്തനങ്ങളും തകര്‍ക്കുന്നു. പുരുഷാധിഷ്ഠിത സാമൂഹിക വ്യവസ്ഥ സ്ത്രീയോടു കാണിക്കുന്ന നെറുകേടുകള്‍ സംവിധായിക പ്രേക്ഷകരെ അസ്വസ്ഥമാക്കും വിധം കോറിയിടുന്നു. ചോരയും പ്രണയവുംഒരു നാടിന്റെ ഭീതിദമായ അവസ്ഥയെ, ചോരയുണങ്ങാത്ത തെരുവുകളെ ആലങ്കാരികതയൊന്നുമില്ലാതെ അവതരിപ്പിച്ച നാടകമാണ് 'റിക്ഷയും തോക്കും.' അഴിമതിയില്‍ കുളിച്ച ഭരണാധികാരികള്‍, വിദേശികളില്‍നിന്നു പണം വാങ്ങി നാട്ടില്‍ ചോരപ്പുഴയൊഴുക്കുന്ന തീവ്രവാദികള്‍, ജനങ്ങളെ നിഷ്‌കരുണം വെടിവച്ചു കൊല്ലുന്ന പട്ടാളവും പോലിസും. പൊയിരേ എന്ന റിക്ഷക്കാരന്റെ ജീവിതാവസ്ഥയിലൂടെയാണ് ഇതെല്ലാം സംവിധായിക ഡോ. എസ് തനിന്‍ലെമ അവതരിപ്പിക്കുന്നത്. കലാപങ്ങള്‍ തീര്‍ത്ത അരക്ഷിതാവസ്ഥയില്‍ ജീവിതം ഹോമിക്കപ്പെട്ട സ്ത്രീകള്‍ ഒടുവില്‍ നാടിനുവേണ്ടി വാളുമായി ഇറങ്ങുന്നു. ജീവിക്കാന്‍ വേണ്ടി മനുഷ്യര്‍ നടത്തുന്ന അവസാനിക്കാത്ത പോരാട്ടത്തിന്റെ ചിത്രമാണ് ഈ നാടകം പ്രേക്ഷകന് സമ്മാനിച്ചത്. ഷേക്‌സ്പിയറുടെ 'മിഡ് സമ്മര്‍ നൈറ്റ്‌സ് ഡ്രീം' എന്ന കോമഡിയുടെ രാജസ്ഥാനി ആവിഷ്‌കാരമായ 'കസുമാല്‍ സപ്‌നോ' ആണ് ശ്രദ്ധേയമായ മറ്റൊരു നാടകം. രാജസ്ഥാനിലെ അമ്രോഗര്‍ വനപ്രദേശത്ത് നടക്കുന്ന നാലു യുവാക്കളുടെ സാഹസികപ്രണയമാണ് അജിത് സിങ് പലാവത് സംവിധാനം ചെയ്ത നാടകത്തിന്റെ പ്രമേയം. സംഗീതത്തിന്റെയും ഗാനങ്ങളുടെയും മനോഹരമായ ദൃശ്യാവിഷ്‌കാരത്തിലൂടെ പ്രണയവും സാഹസികതകളും കോമഡി പശ്ചാത്തലത്തില്‍ ഈ നാടകം അവതരിപ്പിക്കുന്നു. കാഴ്ചയുടെ വശ്യസൗന്ദര്യം തന്നെ ഈ നാടകം പ്രേക്ഷകര്‍ക്കു സമ്മാനിച്ചു. അഭിനയം, നൃത്തം, സംഗീതം എന്നിവയുടെ അനന്ത സാധ്യതകള്‍ സമന്വയിപ്പിച്ച് കാണികള്‍ക്ക് വിരുന്നൊരുക്കിയ മറ്റൊരു നാടകം നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അവതരിപ്പിച്ച 'ഗസബ് തേരി അദ' ആയിരുന്നു. സംവിധാനം ഡോക്ടര്‍ വാമന്‍ കേദ്രേ. അരിസ്‌റ്റോഫെനസിന്റെ ഗ്രീക്ക് നാടകമായ 'ലിസേസ്ടാറ്റ'യുടെ സ്വതന്ത്ര രംഗരൂപം. നൂറ്റാണ്ട് യുദ്ധത്തിന്റെ കെടുതികളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ത്രീകളുടെ വിപ്ലവകരമായ തീരുമാനം എങ്ങനെ യുദ്ധങ്ങളെ ഇല്ലാതാക്കുന്നുവെന്നാണ് നാടകം പറയുന്നത്. ശ്രദ്ധേയമായി മലയാളനാടകങ്ങള്‍ 'ഞായറാഴ്ച', 'ചക്ക', 'ചി-മേ-റ', 'ദൈവം വീണ്ടും തെറ്റിദ്ധരിക്കുന്നു' എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട മലയാള നാടകങ്ങള്‍. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത 'ഞായറാഴ്ച' കന്യാസ്ത്രീയായ ആഞ്ജലീനയുടെ കദനകഥ അരങ്ങിലെത്തിച്ചു. കൂട്ടബലാല്‍സംഗത്തിന് ഇരയായി ഗര്‍ഭിണിയായ ആഞ്ജലീനയെ സഭ പുറംതള്ളുന്നു. വീട്ടുകാരില്‍നിന്നും കാമുകനില്‍നിന്നും അവള്‍ക്ക് അവഗണനയാണ് ലഭിക്കുന്നത്. മനുഷ്യരെല്ലാം ആട്ടിയകറ്റിയപ്പോള്‍ സാത്താനാണ് രക്ഷയ്‌ക്കെത്തുന്നത്. ദൈവത്തിന്റെയും സാത്താന്റെയും ബിബ്ലിക്കല്‍ ഇമേജുകള്‍ തകര്‍ക്കുകയാണ് നാടകം. ആഞ്ജലീനയെ കാമുകന്‍ ബലാല്‍സംഗം ചെയ്യുന്നതും സാത്താന്‍ അവളുടെ പേറെടുക്കുന്നതും തികഞ്ഞ കൈയൊതുക്കത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആഞ്ജലീനയുടെ അവസാനിക്കാത്ത കദനങ്ങളിലേക്ക് ഒടുവില്‍ ക്രിസ്തു തന്നെ വന്നുചേരുന്നതോടെ നാടകം പൂര്‍ണമാവുന്നു. തുപ്പേട്ടന്‍ വര്‍ഷങ്ങള്‍ക്കു മുമ്പെഴുതിയ 'ചക്ക' സമകാലിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സോഷ്യല്‍ സറ്റയറിക് രീതിയില്‍ അവതരിപ്പിച്ചത് തൃശൂര്‍ നാടകസംഘം. ആഗോളവല്‍ക്കരണ കാലത്തെ കൊടുക്കല്‍വാങ്ങലുകളുടെ പരിഹാസ്യതയും ജനവിരുദ്ധമായ തന്ത്രങ്ങളും തുറന്നുകാണിക്കുന്നു ഈ നാടകം. തെരുവുനാടകത്തിന്റെ അവതരണരീതിയാണ് അവലംബിച്ചത്. മറ്റു നാടകങ്ങളെ അപേക്ഷിച്ച് ഈ നാടകത്തിന്റെ ലാളിത്യവും പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ഫാഷിസ്റ്റ് ഡ്രാഗണ്‍സാര്‍ത്രിന്റെ 'ദി വാള്‍' എന്ന കഥയെ ആസ്പദമാക്കി ഹാസിം അമരവിള സംവിധാനം നിര്‍വഹിച്ചതാണ് 'ചി-മേ-റ.' ഗ്രീക്ക് മിഥോളജിയിലെ തീ തുപ്പുന്ന ഡ്രാഗണാണ് ചി-മേ-റ. നാടകത്തിലാവട്ടെ ഭീകരജന്തുവിന്റെ സാന്നിധ്യം ഫാഷിസ്റ്റ് ഭരണക്രമമായി പകര്‍ന്നാടുന്നു. മാഡ്രിഡിലെ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൂന്നു രാഷ്ട്രീയ തടവുകാരുടെ വിഹ്വലതകളാണ് അവതരിപ്പിക്കുന്നത്. ഫാഷിസ്റ്റ് ഭരണ വ്യവസ്ഥയില്‍ മനുഷ്യജീവന്റെ വില എത്ര ചെറുതാണെന്നും ഒറ്റുകൊടുക്കുന്നവന്റെ മാനസികാവസ്ഥ മരണത്തേക്കാളും ദയനീയമായിരിക്കുമെന്നും പറയുന്ന നാടകം യഥാതഥ അവതരണത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി. അന്ധവിശ്വാസങ്ങള്‍ കേരളീയ ജീവിതത്തില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് 'ദൈവം വീണ്ടും തെറ്റിദ്ധരിക്കുന്നു' എന്ന ടി. രത്‌നാകരന്റെ നാടകം വളരെ പ്രസക്തമാവുന്നു. ഒരു പഴയ തറവാട്ടില്‍ നടക്കുന്ന പ്രസവമാണ് ഇതിവൃത്തം. ജനങ്ങള്‍ക്കു വേണ്ടി ജീവിക്കുന്ന ജനനേതാക്കളെ എത്ര പുച്ഛത്തോടെയാണ് ഫ്യുഡല്‍ കുടുംബവ്യവസ്ഥയില്‍ കാണുന്നതെന്നു നാടകം പറഞ്ഞുതരുന്നു. മധു ഗോപിനാഥും വക്കം സജീവും ചേര്‍ന്നവതരിപ്പിച്ച 'ജലം' ശരീരവും വര്‍ണവെളിച്ചവും സംഗീതവും ഉപയോഗിച്ചുള്ള നയനമനോഹരമായ ഒരു കൊറിയോഗ്രാഫിക് അവതരണമായിരുന്നു.സിങ്കപ്പൂരിയന്‍ നാടകകൃത്തായ കുവോ പാഓ കുനിന്റെ നാടകത്തെ അവലംബിച്ച് നരിപ്പറ്റ രാജു ഒരുക്കിയ 'കുഴിവെട്ടുന്നവരോട്' ഏകാധിപത്യാധികാര വ്യവസ്ഥയില്‍ സാധാരണ മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നു. മുത്തച്ഛനെ ശവമടക്കാന്‍ അധികൃതര്‍ അനുവദിച്ച ശവക്കുഴി പോരാതെ വരുമ്പോള്‍ ഒരു യുവാവ് അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും നിയമവ്യവസ്ഥയുടെ പരിഹാസ്യതയുമെല്ലാം നാടകം ഭംഗിയായി അരങ്ങിലെത്തിച്ചു.ചില നല്ല വാര്‍ത്തകള്‍ ഈ നാടകാവതരണങ്ങളുടെ പ്രസക്തി വിലയിരുത്തുമ്പോള്‍ രണ്ടു പ്രവണതകള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പുതിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രംഗാവിഷ്‌കാരങ്ങളുടെ അഭാവമാണ് ഒന്ന്. ഒന്നോ രണ്ടോ നാടകമൊഴിച്ച് മറ്റുള്ളവയെല്ലാം പഴയ നാടകങ്ങള്‍, പുരാണങ്ങള്‍, മിത്തുകള്‍ എന്നിവയുടെ പുതു വ്യാഖ്യാനങ്ങള്‍ എന്നു പറയപ്പെടുന്നവ. ഇത് ഉല്‍സവമനസ്സിന്റെ മറ്റൊരു പ്രത്യേകത തന്നെ. പഴമകളെ പൊലിമയോടെ ആവര്‍ത്തിക്കുക എന്നത് എല്ലാ ഉല്‍സവങ്ങളുടെയും മാനിഫെസ്റ്റോ ആണ്. തിയേറ്റര്‍ ഫെസ്റ്റിവലുകളിലും ഈ തനിയാവര്‍ത്തനങ്ങളാണ് കാണുന്നത്. മറ്റൊന്ന് ജനങ്ങളുടെ ഏറിവരുന്ന നാടകതാല്‍പ്പര്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളി നാടകത്തെ ഊട്ടിയും ഉറക്കിയും കൂടെക്കൊണ്ടു നടന്നതാണ്. സിനിമയും ടി.വിയുമൊക്കെ വന്നപ്പോള്‍ പതുക്കെ ഉപേക്ഷിക്കുകയായിരുന്നു. ദുരൂഹമായ പരീക്ഷണനാടകങ്ങള്‍ കളിച്ച് ചില നാടകക്കാരും ഈ പ്രക്രിയയെ സഹായിച്ചു. ഇന്നിപ്പോള്‍ മാറ്റം കാണുന്നുണ്ട്. ടി.വിയും ന്യൂജന്‍ സിനിമകളും ഉണ്ടാക്കിയ 'മടുപ്പ്' ഇതിനൊരു കാരണമാവും. ഏതായാലും ഈ മാറ്റം നാടകക്കാര്‍ക്ക് നല്ല വാര്‍ത്തയാണ്.

RELATED STORIES

Share it
Top