കാഴ്ചപരിമിതരെ കാണാന്‍ നന്മയുടെ കാഴ്ച വേണം: ജയസൂര്യ

കൊച്ചി: കാഴ്ചയില്ലാത്തവരെ കാണാന്‍ നന്മയുടെ കാഴ്ചയാണ് ആവശ്യമെന്നു നടന്‍ ജയസൂര്യ. കാഴ്ച വൈകല്യങ്ങളുണ്ടായിട്ടും ആത്മവിശ്വാസം സ്ഫുരിക്കുന്ന അവരുടെ ജീവിതം എല്ലാം തികഞ്ഞുവെന്ന് അഹങ്കരിക്കുന്ന മറ്റുള്ളവര്‍ മാതൃകയാക്കണമെന്നും ജയസൂര്യ പറഞ്ഞു. കേരള ബ്ലൈന്‍ഡ് അസോസിയേഷന്‍ നാഷനല്‍ സര്‍വീസ് സ്‌കീമുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കാഴ്ചവൈകല്യമുള്ളവര്‍ക്കായി നടപ്പാക്കുന്ന 'കാഴ്ചയില്ലാത്തവര്‍ക്കൊരു സഹായ സ്പര്‍ശം' പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം സെ ന്റ് തെരേസാസ് കോളജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഴ്ചവൈകല്യമുള്ളവരെ സാധാരണക്കാരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നതു കാഴ്ചപരിമിതികളുണ്ടെങ്കിലും തെറ്റുകള്‍ മനസ്സിലാക്കി അതു തിരുത്താന്‍ കാണിക്കുന്ന മനസ്സാണ്. അകാരണമായി സ്‌നേഹിക്കാനുള്ള കഴിവ് കാഴ്ചവൈകല്യമുള്ളവര്‍ക്ക് ഏറെയാണെന്നും ജയസൂര്യ ചൂണ്ടിക്കാട്ടി.
കാഴ്ചയില്ലാത്തവരുടെ ജീവിതകഥ പറഞ്ഞ ഹാപ്പി ജേര്‍ണിയില്‍ അഭിനയിച്ച സമയത്ത്് അവരുടെ ജീവിതം ഏറെ അടുത്തറിഞ്ഞതാണ്. കാഴ്ചയുടെ സൗഭാഗ്യം നിഷേധിക്കപ്പെട്ടിട്ടും തളരാതെ മുന്നോട്ടു നീങ്ങിയ ഇവരുടെ അനുഭവങ്ങള്‍ ഓരോ പാഠപുസ്തകങ്ങളാണെന്നും ജയസൂര്യ പറഞ്ഞു. കേരള ബ്ലൈന്‍ഡ് അസോസിയേഷന്‍ രക്ഷാധികാരിയും ചലച്ചിത്ര നടിയുമായ സോണിയ മല്‍ഹാര്‍ അധ്യക്ഷത വഹിച്ചു.
ബ്ലൈന്‍ഡ് ക്രിക്കറ്റ് ഡവലപ്‌മെന്റ് ഏഷ്യ റീജ്യനല്‍ ഡയറക്ടര്‍ രജനീഷ് ഹെന്റി മുഖ്യപ്രഭാഷണം നടത്തി. കാഴ്ചയില്ലാത്തവര്‍ക്കൊരു സഹായൃസ്പര്‍ശം എന്ന പേരില്‍ നടപ്പാക്കുന്ന നിരവധി പദ്ധതികളുടെ രൂപരേഖയും ലോഗോയും ചടങ്ങില്‍ ജയസൂര്യ പ്രകാശനം ചെയ്തു.
സംസ്ഥാനത്തുള്ള 83216 കാഴ്ചവൈകല്യമുള്ളവരെ ലക്ഷ്യമിട്ടാണു പദ്ധതികള്‍ നടപ്പാക്കുന്നത്. കാഴ്ചയില്ലാത്തവര്‍ക്കൊരു സഹായ സ്പര്‍ശത്തി ല്‍ സഹായോപകരണ വിഭാഗത്തില്‍ നിരവധി ഉപകരണങ്ങളാണ് കാഴ്ച വൈകല്യമുള്ളവര്‍ക്കായി നല്‍കുന്നത്.

RELATED STORIES

Share it
Top