കാഴ്ചകളുടെ കാന്‍വാസ് നിവര്‍ത്തി തൃശൂര്‍ പൂരംപി എച്ച്  അഫ്‌സല്‍

തൃശൂര്‍: ഗജവീരന്‍മാരും വാദ്യമേളവും വര്‍ണക്കുടകളും പുരുഷാരവും. വടക്കുംനാഥന് ചുറ്റും നിറക്കാഴ്ചകളുടെ കാന്‍വാസ് നിവര്‍ത്തുകയായിരുന്നു തൃശൂര്‍ പൂരം. തേക്കിന്‍കാട്ടിലെ ഓരോ അണുവിലും സ്‌നേഹവും സന്തോഷവും ആരവങ്ങളും മാത്രം തേടിയെത്തുന്നവരുടെ ഉ ല്‍സവം. കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് നിറക്കാഴ്ചയൊരുക്കി മഠത്തില്‍വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവും. നിയന്ത്രണങ്ങള്‍ക്കിടയിലും ആവേശം ഒട്ടും ചോരാതെ പൂരപ്രേമികളെ ഉല്‍സവത്തിമിര്‍പ്പിന്റെ വാനോളം ഉയര്‍ത്തിയ കുടമാറ്റം. രാവിലെ തുടങ്ങി രാത്രിയിലും തുടര്‍ന്നു നേരം വെളുക്കുന്നതുവരെയും നീണ്ടുനിന്ന ആഘോഷങ്ങള്‍. രാവിലെ 7.30ന് കണിമംഗലം ശാസ്താവ് വടക്കുംനാഥനെ വണങ്ങാനെത്തിയതോടെ പ്രദക്ഷിണ വഴികളില്‍ പൂരാവേശം നിറഞ്ഞു. തുടര്‍ന്നങ്ങോട്ട് ആനകളുടെയും മേളക്കാരുടെയും ഘോഷയാത്രകളായിരുന്നു. സമയക്രമമനുസരിച്ച് മറ്റു ഘടകപൂരങ്ങളായ ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂ ര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, കുറ്റൂര്‍ നൈതലക്കാവ് ഭഗവതിമാരും പനമുക്കുംപിള്ളി ശാസ്താവും ഗജവീരന്‍മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളി വടക്കുംന്നാഥനെ പ്രണമിച്ചു മടങ്ങി. പഴയനടക്കാവ് നടുവില്‍ മഠത്തില്‍ പതിനൊന്നരയോടെ കോങ്ങാട് മധു തിമിലയില്‍ ആദ്യതാളമിടുന്നതോടെ തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തില്‍ വരവിന് തുടക്കമായി. ഉച്ചയ്ക്ക് 12ന് പത്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെ മേളം അകമ്പടിയോടെ പാറമേക്കാവ് ഭഗവതി പുറത്തേക്കെഴുന്നള്ളിയതോടെ പൂരം അതിന്റെ ആവേശത്തിലേക്കുയര്‍ന്നു. എഴുന്നള്ളിപ്പ് ഉച്ചയ്ക്ക് രണ്ടോടെ വടക്കുംനാഥന്റെ ചുറ്റുമതില്‍ കടന്നതോടെ മേള പ്രേമികളുടെ ഹൃദയതാളം കൂട്ടുന്ന ഇലഞ്ഞിത്തറ മേളത്തിന് തുടക്കമായി. മേളം കൊട്ടിക്കലാശിച്ചതോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ തെക്കോട്ടിറങ്ങി മുഖാമുഖം നിരന്നു. ഇതോടെ പൂരാസ്വാദകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റി വാനില്‍ വര്‍ണങ്ങള്‍ നിവര്‍ത്തി കുടമാറ്റം ആരംഭിച്ചു. ഇന്നു രാവിലെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കുംനാഥനെ വണങ്ങി ഉപചാരം ചൊല്ലി പിരിയുന്നതോടെ 36 മണിക്കൂര്‍ നീണ്ടുനിന്ന വിസ്മയക്കാഴ്ചകള്‍ക്ക് സമാപനമാവും.

RELATED STORIES

Share it
Top