കാളികാവില്‍ വീണ്ടും ഡിഫ്തീരിയ ബാധയെന്ന് സംശയം

കാളികാവ്: കാളികാവില്‍ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ഡിഫ്തീരിയ ബാധയെന്ന് സംശയം. ഡിഫ്തീരിയ പിടിപെട്ടതായി സംശയിക്കുന്ന യുവതി ചികില്‍സയിലാണെന്നാണ് റിപോര്‍ട്ട്. രണ്ട് വര്‍ഷം മുമ്പ് കാളികാവില്‍ ഡിഫ്തീരിയ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ചികില്‍സിച്ച് ഭേദമാവുകയും ചെയ്തിരുന്നു. അതിനുശേഷം രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും ഡിഫ്തീരിയ പിടിപ്പെടുന്നത്. ഡിഫ്തീരിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്ത പശ്ചാതലത്തില്‍ ആശുപത്രിയില്‍ ചികില്‍സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നു. സിഎച്ച്‌സിയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഡോക്ടര്‍മാരുടെ കുറവ് ആശുപത്രിയിലെത്തുന്ന രോഗികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഡിഫ്തീരിയ ബാധിച്ചതായി സംശയിക്കുന്ന യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളതായിട്ടാണ് വിവരം.
പകര്‍ച്ചപ്പനിയും മറ്റ് അസുഖങ്ങളും കാരണം മലയോരവാസികള്‍ കൂടുതലായി ആശ്രയിക്കുന്നത് ഈ സര്‍ക്കാര്‍ ആശുപത്രിയെയാണ്. അഞ്ഞൂറോളം രോഗികള്‍ ദിനംപ്രതി ആശ്രയിക്കുന്ന ആശുപത്രിയില്‍ രണ്ടോ മൂന്നോ ഡോക്ടര്‍മാര്‍ മാത്രമാണ് രോഗികളെ പരിശോധിക്കുന്നത്. മഴക്കാല രോഗങ്ങള്‍ വ്യാപകമായ പശ്ചാതലത്തില്‍ ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യമുയര്‍ന്നു. ഡിഫ്തീരിയ ബാധിച്ചതായി സംശയിക്കുന്ന യുവതിക്ക് ഭാഗികമായി മാത്രമേ കുത്തിവയ്പ്പ് എടുത്തിട്ടുള്ളൂവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് സര്‍വേ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

RELATED STORIES

Share it
Top