കാളയെ വാങ്ങാന്‍ പണമില്ല: പകരം കലപ്പ വലിക്കുന്നതു പെണ്‍മക്കള്‍

ത്സാന്‍സി: നിലമുഴാന്‍ കാളയോ, ട്രാക്ടറോ ഇല്ല. വാങ്ങാനാണെങ്കില്‍ പണവുമില്ല. ഉത്തര്‍പ്രദേശിലെ ത്സാന്‍സിയിലെ ഒരു ഗ്രാമത്തില്‍ ദരിദ്രകര്‍ഷകന്റെ നിലം ഉഴുന്നതു സ്‌കൂള്‍ വിദ്യാര്‍ഥികളായ പെണ്‍മക്കള്‍. ദാരിദ്ര്യവും കടവും കൂടിയപ്പോള്‍ 60കാരനായ അജയ്‌ലാല്‍ അഹര്‍വാറാണു 10ഉം 13ഉം വയസ്സായ തന്റെ രണ്ടു പെണ്‍മക്കളെയും കൂട്ടി കൃഷിയിടത്തിലേക്കിറങ്ങിയത്.
ബഡഗോണ്‍ ഗ്രാമത്തിലാണ് സംഭവം. അതിരാവിലെ മുതല്‍ അച്ഛനും മക്കളും പാടത്തെത്തി നിലമുഴും.ഭക്ഷണത്തിനായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബം ഗ്രാമത്തിലെ തന്നെ മറ്റു ദരിദ്ര  കര്‍ഷകരുടെ സഹായത്തോടെയാണു കഴിഞ്ഞുവരുന്നത്. വിത്തും മറ്റു സഹായങ്ങളും പലപ്പോഴും അവരാണു നല്‍കുന്നത്്. നാട്ടുകാര്‍ ഉപയോഗിച്ച് ഒഴിവാക്കുന്ന വസ്ത്രങ്ങളാണ് കുട്ടികള്‍ക്കും കൊടുക്കുന്നത്. മണ്ണു കൊണ്ടു നിര്‍മിച്ച ഷെഡ്ഡില്‍ കഴിയുന്ന കുടുംബത്തിന് മാസം 20 കിലോ അരി മാത്രമാണു റേഷനായി ലഭിക്കുന്നത്. രേഖകളില്‍ ദാരിദ്ര്യരേഖയില്‍ താഴേത്തട്ടില്‍ അല്ലാത്തതിനാല്‍ വീട്, കക്കൂസ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും യോഗ്യരല്ല. ഇതിനു പുറമെ കാര്‍ഷികാവശ്യത്തിനായി പലിശക്കാരില്‍ നിന്നു വാങ്ങിയ ഒന്നരലക്ഷം രൂപയുടെ കടഭീതിയിലുമാണ് കുടുംബം. രാജ്യത്തു കര്‍ഷകരുടെ ദയനീയാവസ്ഥ വെളിവാക്കുന്ന സമാനരീതിയിലുള്ള സംഭവങ്ങള്‍ നേരത്തെ മധ്യപ്രദേശിലും റിപോര്‍ട്ട് ചെയ്തിരുന്നു.

RELATED STORIES

Share it
Top