കാളക്കൂറ്റന്‍മാരെ തളച്ച് റഷ്യന്‍ പട ക്വാര്‍ട്ടറില്‍

മോസ്‌കോ: ലുശ്‌നിക്കിയില്‍ തടിച്ചുകൂടിയ ആതിഥേയരായ റഷ്യന്‍ ആരാധകരുടെ പിന്തുണവെറുതെയായില്ല. നിശ്ചിത സമയത്ത് 1-1 സമനില പങ്കിട്ട മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ഇഗോര്‍ അക്കിന്‍ഫീവെന്ന റഷ്യന്‍ ഗോള്‍കീപ്പര്‍ സ്പാനിഷ് ടീമിന്റെ അന്തകനായി. സ്‌പെയിനിനു വേണ്ടി അഞ്ചാം കിക്കെടുത്ത അസ്പാസിന്റെ ഷോട്ട് അക്കിന്‍ഫീവിന്റെ കാലില്‍ തട്ടി പുറത്തുപോയതോടെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന്റെ വിജയവുമായി സ്വന്തം മണ്ണില്‍ അഭിമാന ജയത്തോടെ റഷ്യ ക്വാര്‍ട്ടറില്‍ കടന്നു.
ജീവന്‍മരണ പോരാട്ടത്തില്‍ ഡീഗോ കോസ്റ്റയെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മാറ്റില്‍ സ്‌പെയിന്‍ ബൂട്ടണിഞ്ഞപ്പോള്‍ ഉരുക്കുകോട്ട കെട്ടി 5-3-2 ശൈലിയാണ് റഷ്യ ഇറങ്ങിയത്. മൂന്നു മാറ്റങ്ങളുമായാണ് സ്‌പെയിന്‍ വന്നത്. കര്‍വാചലിനു പകരം നാച്ചോയും ഇനിയസ്റ്റയ്ക്ക് പകരം കൊക്കെയും ആദ്യ ഇലവനില്‍ ഇടം നേടി.
മല്‍സരത്തിന്റെ 12ാം മിനിറ്റില്‍ ഇഗ്നോവിച്ചിന്റെ സെല്‍ഫ് ഗോളില്‍ ആദ്യം ലീഡെടുത്തത് സ്‌പെയിനായിരുന്നു. സ്‌പെയിനിന് അനുകൂലമായ ഫ്രീകിക്കില്‍ സ്പാനിഷ് താരം സെര്‍ജിയോ റാമോസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ഇഗ്നോവിച്ചിന്റെ കാലില്‍ തട്ടി പന്ത് വലയിലാവുകയായിരുന്നു. എന്നാല്‍, ആദ്യ പകുതി അവസാനിക്കും മുമ്പു റഷ്യ സമനില പിടിച്ചു. റഷ്യക്ക് അനുവദിച്ച കോര്‍ണറില്‍ സ്പാനിഷ് ബോക്‌സിലേക്കുയര്‍ന്നുവന്ന പന്ത് ഡിഫന്‍ഡര്‍ പിക്വെയുടെ കൈയില്‍ തട്ടിയതിനു ലഭിച്ച പെനല്‍റ്റിയെ ആന്റം സ്യൂബ വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഇരു ടീമും പ്രതിരോധത്തിലൂന്നി പന്ത് തട്ടിയതോടെ നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും 1-1 സമനില പാലിച്ചു. ഇതോടെ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. സ്‌പെയിനിനു വേണ്ടി ആദ്യ കിക്കെടുത്ത ഇനിയസ്റ്റ പന്ത് വലയിലെത്തിച്ചു. സ്‌പെയിന്‍ 1-0ന് മുന്നില്‍. തുടര്‍ന്ന് റഷ്യയ്ക്കു വേണ്ടി സ്‌മോളോവും സെര്‍ജി ഇഗ്നേഷേവിച്ചും സ്‌പെയിനിനു വേണ്ടി പിക്വെയും ലക്ഷ്യം കണ്ടു. എന്നാല്‍, സ്‌പെയിനിനു വേണ്ടി മൂന്നാം കിക്കെടുത്ത കോക്കെയുടെ ഷോട്ട് അക്കിന്‍ഫീവ് തടുത്തിട്ടപ്പോള്‍ റഷ്യയുടെ ഗോളോവിന്‍ ലക്ഷ്യം കണ്ടു. 3-2ന് റഷ്യ മുന്നില്‍. നാലാം കിക്കെടുത്ത സ്‌പെയ്‌നിന്റെ റാമോസും റഷ്യയുടെ ചെറിഷേവും ലക്ഷ്യം കണ്ടു. സ്‌പെയിനിനു വേണ്ടി അവസാന കിക്കെടുത്ത അസ്പാസിന്റെ ഷോട്ട് റഷ്യന്‍ ഗോളിയുടെ കാലില്‍ തട്ടി പുറത്തേക്ക് തെറിച്ചതോടെ 4-3ന് പെനല്‍റ്റി ജയിച്ച് റഷ്യ ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ സ്പാനിഷ് വമ്പന്‍മാര്‍ കണ്ണീരോടെ മടങ്ങി.

RELATED STORIES

Share it
Top