കാല്‍ തല്ലിയൊടിക്കുമെന്ന് ഭിന്നശേഷിക്കാരെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി

കൊല്‍ക്കത്ത: അനങ്ങിയാല്‍ കാല്‍ തല്ലിയൊടിക്കുമെന്ന് ഭിന്നശേഷിക്കാരെ പൊതുചടങ്ങില്‍ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി. മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ബാബുല്‍ സുപ്രിയോയാണ് പശ്ചിമ ബംഗാളിലെ അസനോളില്‍ നടന്ന ചടങ്ങില്‍ വിവാദ പരാമര്‍ശം നടത്തിയത്. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറുകളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്ന സാമാജിക് അധികാരിത ശിബിര്‍ എന്ന ചടങ്ങില്‍ സംബന്ധിക്കവെ സദസ്യരില്‍ ഒരാള്‍ എഴുന്നേറ്റുനടന്നതാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത്.
മൈക്കിലൂടെയാണ് മന്ത്രി ഭിന്നശേഷിക്കാരെ ഭീഷണിപ്പെടുത്തിയത്. എന്താണ് നിങ്ങളുടെ പ്രശ്‌നം? ഇനി അവിടെ നിന്ന് അനങ്ങിയാല്‍ കാല്‍ തല്ലിയൊടിക്കും. കാല്‍ തല്ലിയൊടിച്ച ശേഷം ഒരു ഊന്നുവടി തരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഇനി അയാള്‍ അവിടെ നിന്ന് അനങ്ങിയാല്‍ കാല്‍ തല്ലിയൊടിക്കാന്‍ മന്ത്രി സുരക്ഷാജീവനക്കാര്‍ക്ക് നിര്‍ദേശവും നല്‍കി. മുമ്പും ഒട്ടനവധി വിവാദ പ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ ഇടംപിടിച്ച വ്യക്തിയാണ് ബാബുല്‍ സുപ്രിയോ.

RELATED STORIES

Share it
Top