കാല്‍പ്പന്തു കളിയുടെ ലോകമാമാങ്കത്തിന് ഇന്ന് 90 വയസ്സ്

എം  എം സലാം
21ാമതു റഷ്യന്‍ ലോകകപ്പ് കലാശപ്പോരാട്ടത്തിനു രണ്ടു ദിവസം മാത്രം ശേഷിക്കെ കാല്‍പ്പന്തുകളിയുടെ വിശ്വമാമാങ്കത്തിന്റെ ചരിത്രത്തിന് ഇന്ന് 90 വയസ്സ് തികയുന്നു. 1930 ജൂലൈ 13നായിരുന്നു ഉറുഗ്വേയില്‍ ആദ്യ ലോകകപ്പ് ആരംഭിച്ചത്. ഒളിംപിക്‌സിനെ പോലും കടത്തിവെട്ടി ലോകത്തെ ഏറ്റവും ജനപ്രിയമായ കായികവിനോദമാക്കി ഇന്നത്തെ കാല്‍പ്പന്തു കളിയെ മാറ്റിയെടുക്കുന്നതില്‍ ഉറുഗ്വേയില്‍ നടന്ന ആദ്യ ലോകകപ്പിനുള്ള പങ്ക് വളരെ വലുതാണ്. യൂറോപ്പ് മുഴുവന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട അക്കാലത്തു കാല്‍പ്പന്തുകളിയെ അകമഴിഞ്ഞു സ്‌നേഹിച്ച ഉറുഗ്വന്‍ ജനതയുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ശ്രമഫലത്തില്‍ നിന്നായിരുന്നു ആദ്യ ലോകകപ്പ് പിറവിയെടുത്തത്.
1930ല്‍ ഉറുഗ്വേ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുകയായിരുന്നു. അതുപോല 1924, 1928 വര്‍ഷങ്ങളിലെ ഒളിംപിക്‌സ് ചാംപ്യന്‍മാരും അവരായിരുന്നു. ഇതു കൂടാതെ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ചെലവും ലാഭവീതവുമെല്ലാം നല്‍കാന്‍ സമ്മതിച്ചതും ആദ്യ ലോകകപ്പിന്റെ ആതിഥേയരായി ഉറുഗ്വേയെ തിരഞ്ഞെടുക്കാന്‍ സംഘാടകരായ ഫിഫയെ പ്രേരിപ്പിച്ചു. എന്നാല്‍ വേദി നിശ്ചയിച്ച ശേഷമായിരുന്നു മിക്കവാറും നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നത്. ഗതാഗത സംവിധാനങ്ങള്‍ ഇത്രത്തോളം വികസിച്ചിട്ടില്ലാത്ത അക്കാലത്ത് ഉറുഗ്വേയിലെത്താന്‍ അന്ന് കപ്പലില്‍ അറ്റ്‌ലാന്റിക് സമുദ്രം കുറുകെ കടക്കണമായിരുന്നു. അത് ചെലവേറിയതും സാഹസികത നിറഞ്ഞതുമായിരുന്നതിനാല്‍ പ്രമുഖ ടീമുകളെല്ലാം ലോകകപ്പില്‍ പങ്കെടുക്കുന്നതിനു വിസമ്മതമറിയിച്ചു. കൂടാതെ  രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ തങ്ങളുടെ താരങ്ങളെ വിട്ടുകൊടുക്കാന്‍ പ്രഫഷനല്‍ ക്ലബ്ബുകളും മടിച്ചു. ഇതിനെല്ലാം പുറമെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നതിനാല്‍ രാജ്യത്തിനകത്തു നിന്നു തന്നെ ലോകകപ്പിനെതിരേ എതിര്‍ശബ്ദങ്ങള്‍ ഉയരാനും തുടങ്ങി. മല്‍സരം തുടങ്ങാന്‍ രണ്ടു മാസം മാത്രം അവശേഷിക്കുമ്പോഴും ആരൊക്കെയാവും ലോകകപ്പില്‍ പങ്കെടുക്കുക എന്നതിനെക്കുറിച്ച് ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഒടുവില്‍ ബെല്‍ജിയം, ഫ്രാന്‍സ്, യുഗോസ്ലാവിയ, റുമാനിയ എന്നിവര്‍ സന്നദ്ധത അറിയിച്ചു. ലാറ്റിനമേരിക്കയില്‍ നിന്ന് എട്ടു രാജ്യങ്ങള്‍ കൂടിയായതോടെ ടീമുകളുടെ എണ്ണം പതിമൂന്നായി.
160 ലക്ഷം ഡോളര്‍ ചെലവില്‍ ഉറുഗ്വേ ലക്ഷം പേര്‍ക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയം മോണ്‍ടിവിഡിയോയില്‍ നിര്‍മിച്ചു. ഉറുഗ്വേ, അര്‍ജന്റീന, ബ്രസീല്‍, ചിലി, പെറു, പരാഗ്വേ, ബൊളിവിയ എന്നീ ഏഴു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും യുഎസ്, മെക്‌സിക്കോ എന്നീ രണ്ട് സൗത്ത് അമേരിക്കന്‍ രാജ്യങ്ങളും യുഗോസ്ലാവിയ, ഫ്രാന്‍സ്, ബെല്‍ജിയം, റുമേനിയ എന്നീ നാല് യൂറോപ്യന്‍ രാജ്യങ്ങളുമാണ് ആദ്യ ലോകകപ്പില്‍ പങ്കെടുത്ത രാജ്യങ്ങള്‍. ഉദ്ഘാടന മല്‍സരത്തില്‍ മെക്‌സിക്കോയും ഫ്രാന്‍സും ഏറ്റുമുട്ടി. ഫ്രാന്‍സിന്റെ ലൂസിയന്‍ ലോറങ് നേടിയ ലോകകപ്പിലെ ആദ്യഗോള്‍ ചരിത്രപ്പിറവിയായി. ഫ്രാന്‍സ് 4-1ന് ജയിച്ചു.
ഇതായിരുന്നു ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യമല്‍സരവും. അര്‍ജന്റീന, യുഗോസ്ലാവിയ, ഉറുഗ്വേ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമിയില്‍ പ്രവേശിച്ചു. ഉറുഗ്വേയും അര്‍ജന്റീനയും ഫൈനലിലും എത്തി.
ജൂലൈ 30നായിരുന്നു ഫൈനല്‍. ആരുടെ പന്തുകൊണ്ടു കളിക്കുമെന്നൊരു കൗതുകകരമായ തര്‍ക്കവും അതിനിടെ ഉടലെടുത്തു. ഒടുവില്‍ ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെയും രണ്ടാം പകുതിയില്‍ ഉറുഗ്വേയുടെയും പന്തു കൊണ്ട് കളിക്കാന്‍ തീരുമാനമായി.
സ്വന്തം കാണികളെ സാക്ഷിനിര്‍ത്തി കലാശപ്പോരാട്ടത്തില്‍ ഉറുഗ്വേ 4-2ന് ജയിച്ച് ആദ്യ ലോകകപ്പും നേടി. ഉറുഗ്വേയുടെ നായകന്‍ ജോസ് നസാസി ഫിഫാ പ്രസിഡന്റ് യുള്‍റിമേയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങി. രണ്ടാം സ്ഥാനത്തിന് പുറമെ മറ്റൊരു നേട്ടം കൂടി അര്‍ജന്റീനയ്ക്കുണ്ടായി. അവരുടെ സ്‌ട്രൈക്കര്‍ ഗില്ലാര്‍മോ സ്‌റ്റൈബല്‍ ആദ്യ ലോകകപ്പ് ടോപ് സ്‌കോററായി തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലുടനീളം എട്ടു ഗോളുകളാണ് അദ്ദേഹം നേടിയത്.

RELATED STORIES

Share it
Top