കാല്‍പ്പന്തില്‍ ഇതിഹാസം രചിക്കാന്‍ കക്കാട്ടിലെ പെണ്‍പട

കാഞ്ഞങ്ങാട്: മുംബൈയിലെ ബൊറിവാലിയിലെ മണ്ണില്‍ കേരളത്തിനായി പന്തു തട്ടാന്‍ കക്കാട്ടിന്റെ മണ്ണില്‍ നിന്നും പെണ്‍പട. ദേശീയ സീനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിലാണ് കക്കാട്ട് ജിഎച്ച്എസ്എസിലെ മൂന്ന് പെണ്‍കുട്ടികള്‍ കേരളത്തിനായി ബൂട്ടണിയുന്നത്. പ്ലസ്ടു കൊമേഴസ് വിദ്യാര്‍ഥിനികളായ എം അഞ്ജിത, എം കൃഷ്ണപ്രിയ, പി അശ്വതി എന്നിവരാണ് കേരളത്തിനായി ബൂട്ടണിയുന്നത്. ഇതേ സ്‌കൂളിലെ കായിക അധ്യാപിക ടി ആര്‍ പ്രീതി മോളാണ് ഇവരുടെ പരിശീലകയും കേരളത്തിന്റെ ടീം മാനേജരും. കേരള ടീമിനായി മൂന്ന് താരങ്ങളേയും ഒരു മാനേജരേയും സമ്മാനിക്കാനായതിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് കക്കാട് ഗ്രാമം.
ഇതിന് മുമ്പും കക്കാട്ടു നിന്ന് സംസ്ഥാന നാഷണല്‍ താരങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാന അണ്ടര്‍ 19 സ്‌കൂള്‍ ഫുട്‌ബോളില്‍ ചാംപ്യന്‍മാരാണ് കക്കാട്ട് സ്‌കൂള്‍ ടീം. ഇവര്‍ മൂന്നു പേരും സംസ്ഥാന റഫറി ടെസ്റ്റ് പ്രാഥമിക റൗണ്ട് പാസായവരാണ്.
അശ്വതിയും അഞ്ജിതയും ഖേല്‍ ഇന്ത്യ, പൈക്ക, ഊര്‍ജ കപ്പ് അണ്ടര്‍ 16 മല്‍സരങ്ങളില്‍ കേരളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. അഞ്ജിത സൈക്കിള്‍ പോളോ കേരള ടീമിലും ഇടം നേടിയിരുന്നു. മുംബൈയിലെ ബൊറിവാലിയില്‍ ഇന്നലെ മല്‍സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ടീം മുഴുവന്‍ ആത്മവിശ്വാസത്തിലാണെന്നും ഇപ്രാവശ്യം ജേതാക്കളായി തന്നെ തിരിച്ച് വരുമെന്നും കേരള ടീം മാനേജര്‍ ടി ആര്‍ പ്ര മോള്‍ പറഞ്ഞു.

RELATED STORIES

Share it
Top