കാല്‍പന്തില്‍ ക്ലാസിക് പോര്; റയലും ബാഴ്്‌സയും നേര്‍ക്കുനേര്‍


ബാഴ്‌സലോണ ഃറയല്‍ മാഡ്രിഡ് (രാത്രി 12.15 സോണി ടെന്‍ 1)

ബാഴ്‌സലോണ: ലോക ഫുട്‌ബോള്‍ ആരാധകര്‍ക്ക് തകര്‍പ്പന്‍ പ്രതിരോധത്തിന്റെയും മുന്നേറ്റത്തിന്റെയും ആവേശ കാഴ്ചകള്‍ സമ്മാനിക്കാനൊരുങ്ങി സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഇന്ന് കളത്തിലിറങ്ങുന്നു.  സീസണില്‍ നേരത്തേ തന്നെ ലാലിഗ കിരീടം ചൂടിയ ബാഴ്‌സലോണയ്ക്ക് ഇത് അഭിമാനത്തിന്റെ പോരാട്ടമാണ്. കിരീട ജേതാക്കളെ വീഴ്ത്താനൊരുങ്ങുന്ന റയലിന്റെ മുമ്പില്‍ തങ്ങള്‍ പരാജിതരല്ലെന്ന് തെളിയിക്കാനുള്ള അഭിമാനപ്പോരാട്ടം. ബാഴ്‌സയുടെ സ്വന്തം തട്ടകമായ ക്യാംപ് നൗവിലാണ് മല്‍സരമെന്നുള്ളത് ബാഴ്‌സ ആരാധകരുടെ ആവേശവീര്യത്തിന് നിറപ്പകിട്ടേകുന്നു.
റയലിന് ഇന്ന് ജയിക്കാനായാല്‍ സീസണില്‍ അപരാജിതരായി കുതിക്കുന്ന ബാഴ്‌സയ്ക്കുള്ള കടുത്ത പ്രഹരമായിരിക്കും ഇത്. സീസണില്‍ 34 മല്‍സരങ്ങള്‍ കളിച്ച ബാഴ്‌സ 26 മല്‍സരങ്ങളില്‍ വെന്നിക്കൊടി നാട്ടിയപ്പോള്‍ എട്ട് മല്‍സരങ്ങളില്‍ ടീമിന്റെ കളിക്കരുത്ത് സമനിലയിലും അവസാനിച്ചു. അവസാന മല്‍സരത്തില്‍ ഡിപാര്‍ട്ടിവോ ലാ കൊരുണയെ 4-2ന് പരാജയപ്പെടുത്തിയായിരുന്നു ബാഴ്‌സയുടെ കിരീടധാരണം. ഇന്ന് കൂടി ജയിച്ചാല്‍ അപരാജിതരായി 41 മല്‍സരം എന്ന ലീഗ് റെക്കോഡ് മറികടക്കാനും ബാഴ്‌സയ്ക്കാവും. ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇരുടീമുകളും 237 മല്‍സരങ്ങളില്‍  അങ്കപ്പോര് തടത്തിയപ്പോള്‍ വിജയത്തേരില്‍ ഒരുപടി മുന്നില്‍ നിന്ന് റയലിന് ആശ്വസിക്കാം. 95 മല്‍സരങ്ങളില്‍ റയലും 92 മല്‍സരങ്ങളില്‍ ബാഴ്‌സയും ജയിച്ചപ്പോള്‍ 49 മല്‍സരങ്ങളാണ് സമനിലയുടെ തുലാസില്‍ ഒതുങ്ങിയത്.
റയലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോയും ബാഴ്‌സ സൂപ്പര്‍ താരം മെസ്സിയുമാണ് എല്‍ ക്ലാസിക്കോയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ചപ്പോള്‍ റോണോയെ മറികടന്ന മെസ്സിയാണ് കളിമികവില്‍ മുന്‍പന്തിയില്‍.  29 തവണ ഇരുവരും നേര്‍ക്കുനേര്‍ മാറ്റുരയ്ച്ചപ്പോള്‍ 19 ഗോളുമായി മെസ്സിയാണ് മുന്നില്‍.  17 ഗോളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. റയല്‍ നിരയില്‍ പരിക്ക് മൂലം ഡിഫന്‍ഡര്‍ ഡാനിയല്‍ കര്‍വാചല്‍ കളിക്കില്ലെന്നിരിക്കേ ബാഴ്‌സയ്ക്കുമുണ്ട് പരിക്ക് പേടി. പരിക്കേറ്റ സൂപ്പര്‍ താരം ആന്ദ്രേ ഇനിയേസ്റ്റ കളിക്കുന്ന കാര്യം സംശയത്തിലാണ്. ലീഗില്‍ 34 മല്‍സരങ്ങളില്‍ നിന്നായി ഇതുവരെ 87 ഗോളുകള്‍ ബാഴ്‌സ എതില്‍ പോസ്റ്റിലേക്ക് വിതറിയപ്പോള്‍ റയലിന് നേടാനായത് 82 ഗോളുകള്‍. ലാലിഗയില്‍ 34 ഗോളുകളുമായി ഗോള്‍ സ്‌കോറര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ള മെസ്സിയാണ് ഇതിലെ മൂന്നില്‍ ഒന്ന് ഭാഗം ഗോളും അക്കൗണ്ടിലാക്കിയത്.  24 ഗോളുമായി റോണോ രണ്ടാം സ്ഥാനത്താണ്. 23 ഗോളുകളുമായി പിന്നാലെ സുവാരസുമുണ്ട്.  റയലിന്റെയും ബാഴ്‌സയുടെയും പ്രതിരോധതാരങ്ങള്‍ മെസ്സിയെയും റോണോയെയും പൂട്ടിയിടാനുള്ള തന്ത്രവുമായാണ് കളത്തിലിറങ്ങുക. എങ്കിലും റയലിനേക്കാള്‍ ബാഴ്‌സയുടെ പ്രതിരോധത്തിനാണ് കൂടുതല്‍ മാര്‍ക്ക്. റയലിന്റെ 37നെതിരേ 21 ഗോളുകളാണ് ബാഴ്‌സ വഴങ്ങിയിട്ടുള്ളത്. കണക്കുകളെല്ലാം കടലാസില്‍ ഒതുങ്ങാതെ കളിക്കളത്തിലും ആവര്‍ത്തിക്കാന്‍ ബാഴ്‌സ തുനിഞ്ഞിറങ്ങുമ്പോള്‍ കണക്കുകള്‍ കാറ്റില്‍പറത്തി പുതിയ ചരിത്രം രചിക്കാനാവും റയല്‍ ശ്രമിക്കുക.

RELATED STORIES

Share it
Top