കാലിലെ പന്തും കാല്‍പ്പന്തുകളിയും

അഷ്‌റഫ്   ശ്രമദാനി
മനുഷ്യ സൗന്ദര്യത്തെക്കുറിച്ചുള്ള പഠനം പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് കാലോളജി. പക്ഷേ, കാല്‍പ്പന്തുകളിയോടുള്ള മലയാളികളുടെ അഭിനിവേശം ഈ ശാസ്ത്രശാഖയെ പന്തിന്റെ സ്വന്തം സയന്‍സാക്കി പുനര്‍നാമകരണം ചെയ്യാന്‍ മാത്രം (ഓരോ വേള്‍ഡ് കപ്പ് വരുന്തോറും) ശാക്തീകരിച്ചുവരുകയാണ്! (ഭാഷാപണ്ഡിതന്‍മാര്‍ ക്ഷമിക്കണം).
തീര്‍ച്ചയായും കായിക സൗന്ദര്യം തിമര്‍ത്തു കളിക്കുന്ന മാന്യമായൊരു സംഭവം തന്നെയാണ് ഫുട്‌ബോള്‍. ശക്തി, ചടുലത, വേഗം, ചാരുത, സംഘബോധം, പ്രത്യുല്‍പന്നമതിത്വം, ലക്ഷ്യസാക്ഷാത്കാരം, കിതപ്പ്, കുതിപ്പ് അങ്ങനെ പലതും. ഇതൊക്കെത്തന്നെയാണല്ലോ മനുഷ്യ സൗന്ദര്യം. കാലോളജിയില്‍ പെടാന്‍ മാത്രം ക്വാളിഫൈഡാണ് കാല്‍പ്പന്തുകളി എന്നു ചുരുക്കം.
പക്ഷേ, ഈ പന്തിനു മാത്രം സ്വന്തമായ യോഗം/ തലയിലെഴുത്ത് മനസ്സിലാവണമെങ്കില്‍ ഇന്ത്യയുടെ ഏഴകളെ, അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളെ, കീഴ്ജാതികളെ, അവര്‍ണരെ പന്തുമായി തട്ടി അഥവാ തട്ടിച്ചുനോക്കണം. കാല്‍പ്പന്തിന് ഒരന്തസ്സുണ്ട്. അവര്‍ണന് എന്ത് അന്തസ്സ്? അമാവാസിക്കും അബ്ദുല്‍ ഖാദറിനും തമ്മിലെന്തു സംബന്ധം? നമ്മുടെ പ്രഥമ പൗരന്‍ ശ്രീ കോവിന്ദ്ജിക്ക് ഈയിടെ ഒരമ്പലപ്രവേശനത്തിനുണ്ടായ 'സാങ്കേതിക' തടസ്സം മാത്രം പോരേ ചിന്തിക്കുന്ന കാല്‍പ്പന്തുകളിക്കാര്‍ക്ക് ഒരു കുഞ്ഞന്‍ ഉദാഹരണത്തിന്?
തുടക്കം മുതല്‍ ഗോള്‍മുഖം വരെയും മുന്നേറിയ ശേഷം വീണ്ടും ഓരോ അടിമപ്പന്തുകളെയും മേലാളവര്‍ഗം തട്ടിക്കളിക്കുക തന്നെയാണ് അനുസ്യൂതം. ഇപ്പോള്‍ നാം ഫാഷിസത്തിന്റെ കളിയില്‍ ജയിച്ചടക്കുവാന്‍ തകര്‍ക്കപ്പെടുന്ന തലയോട്ടിക്കാല്‍പ്പന്തുകള്‍. വാര്‍ത്തകള്‍ വിശകലനം ചെയ്യേണ്ടതില്ല. വെറുതെ ഓടിച്ചുവായിച്ചാല്‍ തന്നെ നമ്മള്‍ എവിടെയെത്തി എന്നറിയാം. ഒരു ശുദ്ധാത്മാവ് ഒരു കുട്ടിക്ക് മിഠായി വച്ചുനീട്ടിയാല്‍ മതി അയാളുടെ ഉയിര് ഊരിയെടുക്കപ്പെടാന്‍. ലിഞ്ച് നഞ്ച് ലിഞ്ച് ആള്‍ക്കൂട്ടക്കൊല. ആപ്പ് തൂപ്പ് കോപ്പ്.
ഈ ദാരുണമായ പൈശാചിക ദൗത്യത്തിനു പോലും ഹൈടെക് വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നുവല്ലോ എന്ന ഊറ്റമാണ് നമുക്ക്. വിഗ്രഹം തൊഴാന്‍ സിസിടിവി സ്‌ക്രീന്‍ ഉപയോഗിച്ച് ആത്മസായൂജ്യമടയും പോലെയല്ലല്ലോ വാട്ട്‌സ്ആപ്പ് വഴി സന്ദേശമിട്ട് വട്ടംകൂട്ടി ശട്ടംകെട്ടിയ കൊലകള്‍. കുക്കുടഭോജനത്തിനു കേളികേട്ട കേരളീയരല്ലേ കടയില്‍ നിന്നു കോഴി വാങ്ങിയ ഇന്ത്യക്കാരനെ ലിഞ്ച് (ആള്‍ക്കൂട്ടക്കൊല) നടത്തുന്നത്! ഇതരസംസ്ഥാന തൊഴിലാളികളോടുള്ള നമ്മുടെ മാനസികാവസ്ഥയേക്കാള്‍ വലിയൊരു ദുരവസ്ഥ സാക്ഷര കേരളത്തിനുണ്ട്. ജാതി-മത വേര്‍തിരിവുകള്‍ ഏറെയുള്ളത് കേരളത്തിലാണെന്നു പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായി നിര്‍വിശങ്കം പറയുമ്പോള്‍ നെറ്റി ചുളിച്ചിട്ടു കാര്യമില്ല.
ആള്‍ക്കൂട്ട ആക്രമണ കൊലപാതകങ്ങള്‍ തടയാന്‍ നിയമ നിര്‍മാണം വേണമെന്നും വിദ്വേഷസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കണമെന്നും കേന്ദ്രസര്‍ക്കാരിനോടാണ് സുപ്രിംകോടതി പറയുന്നത്; നാലു കാലും ഒരു വാലും രണ്ടു കൊമ്പുമുള്ള ശ്രീമതി പശുക്കുട്ടിയമ്മയോടല്ല. കേരളത്തിന്റെ സാമൂഹിക സമ്പ്രദായങ്ങളും രീതികളും ഉടച്ചുവാര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുകൂടി ദയാബായി പറയുന്നുണ്ട്. അത് ഇപ്പോള്‍ അടിച്ചുപൊളിച്ചും ഉടച്ചുവാര്‍ത്തും പൂര്‍വാധികം ഭംഗിയായി നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, അതിനായി പിന്തുടരപ്പെടുന്ന മാതൃക അറിഞ്ഞോ അറിയാതെയോ ഹിന്ദുത്വ ഫാഷിസത്തിന്റേതാവുന്നു.
നാം നമുക്ക് സവിശേഷമായി ഉണ്ടെന്ന് ഇതഃപര്യന്തം ഊറ്റം കൊണ്ടിരുന്ന സാമുദായികമായ ഏകതാനതയ്ക്ക് ക്ഷതമേല്‍പിച്ചുകൊണ്ടാണ് ഈ ഇടത് അടവുനയം. ജൂത-സയണിസ്റ്റ് ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ ഉപോല്‍പന്നമാണെന്ന്, നിര്‍മിതിയാണെന്ന് ഒളിഞ്ഞും തെളിഞ്ഞും ആഗോള പൊതുബോധത്തിലും അടയാളപ്പെടുത്തപ്പെട്ട ഐഎസിന്റെ ഇന്ത്യന്‍ പതിപ്പെന്ന് ഒരു നവലിബറല്‍ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനത്തെ ആക്ഷേപിക്കുമ്പോള്‍ ഉണ്ടാവുന്ന വര്‍ഗീയ ധ്രുവീകരണം വേദനിപ്പിക്കുന്നത് നമ്മളെത്തന്നെയാണ്. ഒരു മതനിരപേക്ഷ ഘടനയുള്ളതുകൊണ്ട് ശരിയാവുമെന്ന് മതേതര കേരളത്തിനു പ്രതീക്ഷയുള്ള സിപിഎം അഭിശപ്തമായ ഐഎസിനെ എഴുന്നള്ളിച്ചുകൊണ്ടുവരുന്നത് എന്തിനാണ്?
മതനിരപേക്ഷതയുടെയും ന്യൂനപക്ഷ സംരക്ഷണത്തിന്റെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി നിന്നുകൊണ്ട് ഇസ്‌ലാമോഫോബിയ റീചാര്‍ജ് ചെയ്യുന്ന രീതി കൊള്ളാം. അത് മേത്തരം മേത്തന്‍മാരെ ഊര്‍ജസ്വലരാക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ പുണ്യാളന്‍ അഗര്‍ബത്തി കത്തിച്ചു സുഗന്ധം പരത്തി നല്ല മഹാപിള്ള (മാപ്പിള)മാരായി കുമ്പസാരക്കൂട്ടിലേക്കു വരുന്നത്.
തെളിവുണ്ടെങ്കില്‍ കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കാന്‍ എന്തിനാണ് ഒരു ചാര്‍ത്തും അറ്റാച്ച്‌മെന്റും മാളോരേ? ഉണ്ടച്ചുരുട്ടുകള്‍ ഓവറായാലും പ്രശ്‌നമാണല്ലോ. ചിലപ്പോള്‍ അതു പൊതുബോധത്തില്‍ വിള്ളലുണ്ടാക്കും. 'സുഡാപി' ഒരു മതേതര സംഘടനയാണെന്നും മുഖ്യധാരാ താരപ്രഭയില്ലാത്ത, യോഗ്യരായ അമുസ്‌ലിംകള്‍ അതിലുമുണ്ടെന്നും വാര്‍ത്താസമ്മേളനത്തിനു വന്ന നേതാക്കളുടെ കസ്റ്റഡിനാടകത്തിലൂടെ തെളിഞ്ഞത് ഒരു കൊച്ചു കൊച്ചിന്‍ ഉദാഹരണം. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്ന് കമ്മ്യൂണിസ്റ്റ് കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട ഫിഖ്ഹിന്റെ കിതാബുകളിലുള്ളതുകൊണ്ടും എന്തിനെയും സൈദ്ധാന്തികവല്‍ക്കരിക്കാന്‍ സിദ്ധിയുള്ള ഉലമാക്കള്‍ അവര്‍ക്ക് ആവശ്യത്തിനും (ആവേശത്തിനും) ഉള്ളതുകൊണ്ടും എന്ത് ഉണ്ടച്ചുരുട്ട് ആപ്പും ഹലാല്‍ ചിക്കനാവുകയാണ്.
പിന്നെ ഇതിനൊക്കെ പരിഹാരമെന്ന നിലയ്ക്കും സംപ്രീതിക്കായും രാമായണമാസം ആര് ആചരിച്ചാലും മുസ്‌ലിംകള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ആക്ഷേപവുമുണ്ടാവില്ല. അഥവാ അത്തരം വല്ല ശങ്കയോ വസ്‌വാസോ ഉണ്ടെങ്കില്‍ ഒരു മൗലൂദ് മാസാചരണത്തിലൂടെ അതിനെ പ്രതിരോധിക്കാന്‍ പറ്റിയ മുസ്‌ലിം മാന്‍പവര്‍ യുഡിഎഫിലുമുണ്ട്. മണിമണിയായി മങ്കൂസ് മൗലൂദ് ഓതാന്‍ പറ്റിയ മന്ത്രി തന്നെ എല്‍ഡിഎഫിലുണ്ടല്ലോ. മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ പാര്‍ട്ടി ചെയ്ത പല പദ്ധതികളും പോലെ പാളുകയില്ലിതു കട്ടായം. തങ്ങളിലുള്ളത് മാനവരക്തം മാത്രമാണെന്ന മഹിതാശയം പുനഃപ്രക്ഷേപണം നടത്താനുള്ള ഒരവസരവും ഇതോടെ വീണുകിട്ടും.
കുറ്റാരോപിതര്‍ തന്നെ അഭിമന്യു വധം അനിഷ്ടസംഭവമാണെന്നും യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും പറയുന്ന നിലയ്ക്ക് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും മലയാളിയുടെ മത-സാമുദായിക സൗഹൃദത്തിനു മേല്‍ ഇത്രയധികം കരിഓയില്‍ ഒഴിക്കേണ്ടിയിരുന്നില്ല. ആവശ്യത്തിനു കാളകൂടവിഷം സംഘപരിവാരം തന്നെ ചീറ്റുന്നുണ്ടല്ലോ. വന്ദ്യവയോധികനായ സ്വാമി അഗ്നിവേശിനെ വരെ കൈയേറ്റം നടത്തുന്നവര്‍ക്ക് എന്ത് ആദരം? അവരുടെ വിതാനത്തിലേക്ക് നയതന്ത്ര വ്യതിയാനം നടത്തുകയാണ് സിപിഎം.
സുപ്രിംകോടതിയുടെ നിര്‍ദേശം മാനിച്ച് ആള്‍ക്കൂട്ട തല്ലിക്കൊലയ്‌ക്കെതിരേ സമഗ്ര നിയമം കൊണ്ടുവരണമെന്നു പോളിറ്റ് ബ്യൂറോ ആവശ്യപ്പെടുമ്പോള്‍ പാര്‍ട്ടിയോട് നമുക്ക് ലേശം പഴയ ഗൃഹാതുരത്വം തോന്നുന്നുവെന്നത് ശരിയാണ്. പക്ഷേ, ഒരു ജനതയോടുള്ള അന്ധമായ പകപോക്കല്‍ അതിന്റെ തിളക്കം കെടുത്തുകയാണ്. ബുദ്ധിയും ദേശത്തോട് സ്‌നേഹവുമുള്ളവര്‍ ഇതില്‍ ചകിതരും വ്യഥിതരുമാവേണ്ടതുണ്ട്. ഉപായംകൊണ്ട് ഓട്ടയടക്കാമെന്ന വ്യാമോഹവും മൗഢ്യവും തീര്‍ച്ചയായും നമുക്കു നന്മ വരുത്തില്ല.
ഇസ്‌ലാമോഫോബിയയുടെ സകലമാന കെടുതികളും യാതനകളും നന്നായി അനുഭവിച്ചറിയുന്ന ആഫ്രിക്കന്‍ വംശജരാണ് യൂറോപ്യന്‍ മഹാ രാജ്യമായ ഫ്രാന്‍സിന്റെ യശസ്സുയര്‍ത്തി ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടതെന്നു നമുക്ക് അറിയാം. ഇതു കളിയും കാര്യവുമാണ്. പാര്‍ശ്വവല്‍ക്കരിച്ചും അപഹസിച്ചും അടിച്ചമര്‍ത്തിയും പീഡിപ്പിച്ചും പകപോക്കിയും ചാപ്പകുത്തിയും മേലാളര്‍ അപരവല്‍ക്കരിച്ച ഒരു ജനത ഇന്ത്യയില്‍ മാനവികതയുടെ, സ്വാതന്ത്ര്യത്തിന്റെ, സുരക്ഷയുടെ, നിര്‍ഭയത്വത്തിന്റെ, ക്ഷേമത്തിന്റെ, തുല്യനീതിയുടെ കാവലാളുകളായി വരുന്ന ഒരു കാലവും വന്നുകൂടായ്കയില്ല.

RELATED STORIES

Share it
Top