കാലിത്തീറ്റ നിര്‍മാണ യൂനിറ്റിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍

അബ്ദുല്‍ ഹക്കീം കല്‍മണ്ഡപം
കൊല്ലങ്കോട്: വൈക്കോല്‍ ഉപയോഗിച്ചുള്ള സമീകൃത കാലിത്തീറ്റ നിര്‍മാണ യൂനിറ്റിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍. മുതലമട കുറ്റിപ്പാടത്ത് ഒരു കോടി രൂപയോളം ചെലവഴിച്ച് നെല്‍കര്‍ഷകര്‍ക്ക് സഹായകമായി പ്രവര്‍ത്തിക്കേണ്ട സമ്പുഷ്ടീകരിച്ച വൈക്കോല്‍ അധിഷ്ഠിത സമീകൃത കാലിത്തീറ്റ നിര്‍മാണ യൂനിറ്റാണ് കൊയ്ത്ത് ആരംഭിച്ചിട്ടും ഓര്‍ഡര്‍ ഇല്ലെന്ന പേരില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നത്.
2013 ല്‍ മന്ത്രി ഇ ദിവാകരന്‍ ഉദ്ഘാടനം ചെയ്ത കാലിത്തീറ്റ നിര്‍മാണ യൂനിറ്റ് പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കുവാന്‍ മൂന്നു വര്‍ഷത്തോളം വൈകിയത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.തുടര്‍ന്നാണ് പ്രാദേശികമായി വൈക്കോല്‍ ശേഖരിച്ച് വൈക്കോല്‍കട്ടയെന്ന പേരിലുള്ള സമീകൃത കാലിത്തീറ്റ നിര്‍മാണം ആരംഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസം 25 ടണ്‍ സമീകൃത കാലിത്തീറ്റ നിര്‍മിച്ചെങ്കിലും ഇത്തവണ പകുതിയോളം കുറഞ്ഞ സ്ഥിതിയാണ്. ഓര്‍ഡറുകള്‍ കുറഞ്ഞതാണ് ഉത്പാദനം കുറയുവാന്‍ കാരണമെന്ന് കേരള ഫീഡിലെ അധികൃതര്‍ പറയുന്നത്.
എന്നാല്‍ വൈക്കോലില്‍ നി ര്‍മിതമായ സമീകൃത കാലിത്തീറ്റകള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലും മറ്റു ജില്ലകളിലും നല്ല ഡിമാന്റുണ്ടെന്നും വിപണന സാധ്യത കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതില്‍ കേരള ഫീഡ്‌സിലെ ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ചയാണ് ഉല്‍പാദനം കുറയുവാന്‍ ഇടയാക്കിയത് എന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 11 ജീവനക്കാരുള്ള ഫാക്ടറിയില്‍ ദിനംപ്രതി അഞ്ച് ടണ്ണിലധികം സമീകൃത കാലിത്തീറ്റ ഉല്‍പാദിപ്പിക്കാമെന്നിരിക്കെ അതിനു വേണ്ട വൈക്കോല്‍ സമാഹരിക്കാത്തത് നെല്‍കൃഷി കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമാവുന്നത്. ഒന്നാം വിളവിറക്കല്‍ അവസാനിച്ചിട്ടും നെല്‍കര്‍ഷകരില്‍ നിന്നും വൈക്കോല്‍ സംഭരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ ആരോപിക്കുന്നു.
ചിറ്റൂര്‍ മേഖലയില്‍ നിന്നും നേരത്തെ 100 ടണ്‍ വരെ വൈക്കോലും പ്രാദേശിക കര്‍ഷകരില്‍ നിന്നും 20 ടണ്‍ വൈക്കോലുമാണ് സംഭരിച്ചിരുന്നത്. ഒരു ടണ്‍ വൈക്കോലിന് 8000 രൂപ വരെ നല്‍കി സംഭരിച്ചിരുന്ന കാലിത്തീറ്റ നിര്‍മാണ യൂണിറ്റ് നിലവില്‍ വൈക്കോല്‍ സംഭരിക്കുവാന് ആരംഭിക്കാത്തതിനാല്‍ മഴമൂലം കഷ്ടത്തിലായ കര്‍ഷകര്‍ക്ക് വൈക്കോലിലും ആശ്വാസം കിട്ടാത്ത അവസ്ഥയാണുണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു.
വൈക്കോല്‍ സമീകൃത കാലിത്തീറ്റയുടെ ഉത്പാദനം വര്‍ദ്ദിപ്പിച്ച് പ്രദേശത്തെ കര്‍ഷകരുടെ വൈക്കോലുകള്‍  പൂര്‍ണമായും സംഭരിക്കുവാന്‍ നടപടിയെടുക്കണമെന്ന് പാടശേഖരസമിതികളുടെ ആവശ്യം ശക്തമാവുകയാണ്.

RELATED STORIES

Share it
Top