കാലിക്കറ്റ് സെനറ്റ്: അനധ്യാപക പ്രതിനിധി തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പരാജയം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്കുള്ള അധ്യാപകേതര സ്റ്റാഫ് പ്രതിനിധി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം അനുകൂല സംഘടനയായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എംപ്ലോയിസ് യൂനിയന് വിജയം. വിനോദ് എന്‍ നീക്കാംപുറത്താണ് 187 വോട്ടിന്റെ ഭൂരിപക്ഷത്തിന് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് അനുകൂലമുള്ള മൂന്ന് സംഘടനകള്‍ ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും കനത്ത പരാജയം നേരിട്ടു.
ബിജെപി അനുകൂല സംഘടനയും മല്‍സര രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസ് അനുകൂല കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍, ലീഗ് അനുകൂല സോളിഡാരിറ്റി ഓഫ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ്, കോണ്‍ഗ്രസ് അനുകൂല മറ്റൊരു സംഘടനയായ എംപ്ലോയീസ് ഫോറം എന്നിവര്‍ ചേര്‍ന്ന് ജനാധിപത്യ വേദിയായി മല്‍സരിച്ച കെ പ്രവീണ്‍ കുമാറാണ് പരാജയപ്പെട്ടത്. കഴിഞ്ഞ 28നായിരുന്നു തെരഞ്ഞെടുപ്പ്. കടുത്ത മല്‍സരമായിരുന്നു സെനറ്റിലെ സ്റ്റാഫ് പ്രതിനിധി തിരഞ്ഞെടുപ്പില്‍ നടന്നത്. യുഡിഎഫ് അനുകൂല സംഘടനകളുടെ അംഗബലം കൊണ്ട് ജനാധിപത്യ വേദിക്ക് വിജയപ്രതീക്ഷയായിരുന്നു.
എന്നാല്‍ അടിയൊഴുക്കുകളാണ് പരാജയത്തിന് കാരണമായി കാണുന്നത്. രണ്ട് പതിറ്റാണ്ടായി സിപിഎം അനുകൂല സംഘടനാ പ്രതിനിധിയാണ് സെനറ്റിലെത്താറുള്ളത്. അത് ഇത്തവണയും ആവര്‍ത്തിച്ചു.
ജനാധിപത്യ വേദി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഒടുവില്‍ ജില്ലാ യുഡിഎഫ്  നേതൃത്വം ഇടപ്പെട്ടാണ് പ്രവീണ്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കി പ്രശ്‌നം പരിഹരിച്ചത്. ഇത്തവണ ലീഗനുകൂല സംഘടനയായ സോളിഡാരിറ്റിക്കായിരുന്നു സ്ഥാനാര്‍ഥിയാവാന്‍ നേരത്തെയുണ്ടായിരുന്ന ധാരണ.
എന്നാല്‍ ജില്ലാ യുഡിഎഫ് ഇടപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ സ്റ്റാഫ് ഓര്‍ഗനൈസേഷന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനോട് സോളിഡാരിറ്റിയില്‍ അസംതൃപ്തി ഉണ്ടായിരുന്നു. ഈ അസംതൃപ്തി തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടോ എന്ന പരിശോധനയിലാണ് നേതൃത്വം. മാത്രവുമല്ല അബ്ദുസലാം വീസിയായ സമയത്ത് സോളിഡാരിറ്റിയും സ്റ്റാഫ് ഓര്‍ഗനൈസേഷനുമായി ഇടഞ്ഞ് നിന്ന എംപ്ലോയീസ് ഫോറത്തെ കൂട്ടി ജനാധിപത്യ വേദിയുണ്ടാക്കിയതിലും കോണ്‍ഗ്രസ്, ലീഗ് സംഘടനകളിലെ അണികള്‍ക്കിടയില്‍ എതിര്‍പ്പുളളവരുണ്ട്. യുഡിഎഫിന് അനുകുല സാഹചര്യമുണ്ടായിട്ടും വലിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടത് വരും ദിവസങ്ങളില്‍ ചര്‍ച്ചയാവും. വിനോദ് എന്‍ നീക്കാം പുറത്തിന് 811 വോട്ടും കെ പ്രവീണ്‍ കുമാറിന് 624 വോട്ടും ലഭിച്ചു. ബിജെപി അനുകൂല സംഘടനാ സ്ഥാനാര്‍ഥിയായ പുരുഷോത്തമന് 43 വോട്ടും ലഭിച്ചു. 22 വോട്ട് അസാധുവായി.

RELATED STORIES

Share it
Top