കാലിക്കറ്റ് സര്‍വകലാശാലാ ഫുട്‌ബോള്‍ അക്കാദമി ഇല്ലാതാക്കാന്‍ ശ്രമം

തേഞ്ഞിപ്പലം: മലബാറിലെ കായിക പ്രേമികളുടെ സ്വപ്‌ന പദ്ധതിയായ ഫുട്‌ബോള്‍ അക്കാദമി നഷ്ടപ്പെടുത്താനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെയും സിന്‍ഡിക്കറ്റിന്റെയും നീക്കത്തിനെതിരേ പി അബ്ദുല്‍ഹമീദ് എംഎല്‍എയുടെ നേതൃത്വത്തില്‍ സര്‍വകലാശാലാ ഭരണകാര്യാലയത്തിന് മുന്നില്‍ 10ന് ധര്‍ണ നടത്തും.
സ്‌പോട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ (സായ്) കേന്ദ്ര സഹായത്തോടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനായുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായതാണ്. 2016ല്‍ അന്നത്തെ സിന്‍ഡിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതിനുള്ള തീരുമാനവും കൈക്കൊണ്ടു. അന്താരാഷ്ട നിലവാരം പുലര്‍ത്തുന്ന 200 കോടിയുടെ ഫുട്‌ബോള്‍ അക്കാദമി കേരളത്തിലേയ്്ക്കുകൊണ്ടു വരാന്‍ സ്‌പോട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലാ കാംപസിനെ പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അന്ന് അതിനുവേണ്ടി പ്രത്യേക താല്‍പര്യവും കാട്ടി. അക്കാദമി സ്ഥാപിക്കാന്‍ മലബാറാണെന്ന് വിലയിരുത്തുകയും അന്നുണ്ടായിരുന്ന സിന്‍ഡിക്കറ്റ് 20 ഏക്കര്‍ ഭൂമി 30 വര്‍ഷത്തേയ്്ക്ക് പാട്ടത്തിനു നല്‍കുവാനും തീരുമാനമെടുത്തു. സര്‍വകലാശാലയിലെ സൗകര്യം സംബന്ധിച്ച് സായിയുമായി പരസ്പരം ധാരണയിലെത്തിയതുമായിരുന്നു.
ഈ കാലയളവിനകം ഫുട്‌ബോള്‍ അക്കാദമി പ്രാരംഭ നടപടിയെന്നോളം സായി 20 കോടി ആദ്യഗഡുവായി അനുവദിക്കുകയും ചെയ്തു. എന്നാല്‍, മലബാറിന്റെ പൊതുവായും പ്രത്യേകിച്ച് കായിക വികസനത്തിനും സഹായകരമാവുന്ന വലിയ പദ്ധതിക്ക് തടസം നില്‍ക്കുകയാണ് സിന്‍ഡിക്കേറ്റ് ചെയ്തത്. സിന്‍ഡിക്കറ്റിന്റെ നടപടി ഫുട്‌ബോള്‍ അക്കാദമി നഷ്ടപ്പെടാനിടയാക്കുമെന്ന സാഹചര്യത്തിലാണ് സര്‍വകലാശാലാ ഭരണകാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനമെടുത്തത്.
കാലിക്കറ്റ് സര്‍വകലാശാലയ്്ക്കും പ്രത്യേകിച്ച് അതുള്‍കൊള്ളുന്ന പ്രദേശത്തിനും വികസന കുതിപ്പിന് കാരണമാവുന്ന അക്കാദമി നഷ്ടപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് അധികാരികള്‍ പിന്‍മാറണമെന്നും എംഎല്‍എ പറഞ്ഞു. ഇന്ത്യയില്‍ തന്നെ ഇത്തരം അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി കേരളത്തിലേയ്്ക്കു ലഭിച്ചത് നഷ്ടപ്പെടാനുള്ള സാഹചര്യം ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top