കാലിക്കറ്റ് സര്‍വകലാശാലാ സി സോണ്‍ നാട്യ പ്രഭയില്‍ നിറകാഴ്ചകള്‍ പെയ്തിറങ്ങി

മഞ്ചേരി: കാലിക്കറ്റ് സര്‍വകലാശാല സിസോണ്‍ കലോല്‍സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ വേദികളില്‍ നാട്യ പ്രഭയുടെ നിറക്കാഴ്ചകള്‍ പെയ്തിറങ്ങി. പ്രധാന വേദിയായ ഒഎന്‍വിയില്‍ ഭരത നാട്യവും ക്ലാസിക്കല്‍ നൃത്ത രൂപങ്ങളും അരങ്ങിലെത്തി. ഇവിടെ അവസാനയിനം ഹിന്ദി നാടകമായിരുന്നു. സഫ്ദര്‍ഹാഷ്മിയെ അനുസ്മരിക്കുന്ന രണ്ടാം വേദിയില്‍ നാടോടി നൃത്തവും സംസ്‌കൃത നാടകും അരങ്ങേറി. മലയാളിയുടെ ചിരിയ്ക്ക് നാടന്‍ തനിമ പകര്‍ന്ന കലാഭവന്‍ മണിയുടെ പേര് ആലേഖനം ചെയ്ത നാലാം വേദിയില്‍ മിമിക്രിയും മോണോആക്ടും കഥാപ്രസംഗവുമായിരുന്നു വിഭവങ്ങള്‍. പോരാട്ടത്തിന്റെ തേങ്ങലായി ജ്വലിക്കുന്ന ഗൗരി ലങ്കേഷിന്റെ പേരിലുള്ള നാലാം വേദിയില്‍ മലയാള യവ്വനം ഗാനാര്‍ച്ചന നടത്തി. സെമി ക്ലാസിക്കല്‍ സംഗീതവും ക്ലാസിക്കല്‍ സംഗീതവുമായിരുന്നു മല്‍സരയിനങ്ങള്‍. കലോല്‍സവങ്ങളില്‍ ജനകീയമാതൃക തീര്‍ത്ത മലപ്പുറം മോഡല്‍ സി സോണിന് അന്യമാകുന്ന കാഴ്ച്ചയാണുള്ളത്. മല്‍സരാര്‍ഥികളില്‍ കവിഞ്ഞ കാഴ്ചക്കാരില്ലാത്ത അവസ്ഥയാണ് വേദികള്‍ക്കു മുന്നില്‍. നാട്ടുകാരാരും കാംപസ് കലോല്‍സവം ആസ്വദിക്കാന്‍ കുന്നു കയറി എന്‍എസ്എസിലെത്തുന്നില്ല. സംസ്ഥാന സ്‌ക്കൂള്‍ കലോല്‍സവത്തില്‍ മലപ്പുറം സൃഷ്ടിച്ച ജനകീയത തുടര്‍ന്നുവന്ന ഉപജില്ലാ കലോല്‍സവങ്ങള്‍ക്കുപോലും ലഭിക്കുമ്പോളാണ് സി സോണ്‍ ഒഴിഞ്ഞ വേദികള്‍ക്കു മുന്നില്‍ പുരോഗമിക്കുന്നത്. ക്ലാസിക്കല്‍ നൃത്തയിനങ്ങള്‍ക്കും സംഗീത മല്‍സരങ്ങള്‍ക്കും നിര്‍ജീവമായ സദസാണ് സാക്ഷ്യം വഹിച്ചത്. മിമിക്രി, മോണോആക്ട് മല്‍സരങ്ങള്‍ക്ക് പ്രതീക്ഷയോടെ കാണികളെത്തിയെങ്കിലും മല്‍സരാര്‍ഥികള്‍ നിരാശപ്പെടുത്തി.മത്സരാര്‍ഥികളുടെ വര്‍ധനവില്‍ റെക്കോഡിട്ട മഞ്ചേരി എന്‍എസ്എസ് കോളജിലെ ‘ലാലി ഗാല 2018’ന് സമയമാണ് പ്രശ്‌നം ഉയര്‍ത്തുന്നത്. സമയം ക്രമപ്പെടുത്തി അഞ്ചു ദിവസങ്ങളില്‍ കെട്ടിയാടേണ്ടതും സര്‍ഗ പ്രതിഭ തെളിയിക്കേണ്ടതുമായ ഇനങ്ങള്‍ക്ക് സമയ നിഷ്ഠയില്ലായ്മ പ്രകടമായി. പ്രധാന അരങ്ങുകളിലും പുറത്തുമായി 7000 പ്രതിഭകള്‍ വിവിധ മല്‍സരങ്ങളില്‍ മാറ്റുരക്കുന്ന കലോല്‍സവത്തില്‍ നാലു വേദികളിലും പലര്‍ച്ചെയാണ് മല്‍സരങ്ങള്‍ പൂര്‍ത്തിയാവുന്നത്. ഇന്റര്‍സോണ്‍ കലോല്‍സവത്തിനു പോലുമില്ലാത്ത മല്‍സരാര്‍ഥികളുടെ തള്ളിക്കയറ്റത്തിന്റെ ആധിക്യത്തില്‍ മല്‍സര ക്രമം നീളുന്ന അവസ്ഥ മൂന്നാം ദിവസവുമുണ്ടായി.

RELATED STORIES

Share it
Top