കാലിക്കറ്റ് വിസിയുടെ പേഴ്‌സനല്‍ സ്റ്റാഫിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ഓഫിസില്‍ കയറി പേഴ്‌സനല്‍ സ്റ്റാഫിനു നേരെ എസ്എഫ്‌ഐക്കാരുടെ മര്‍ദനം. സുരക്ഷ ലംഘിച്ച് ഓഫിസിലെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകനായ കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജീനക്കാരനെ മര്‍ദിച്ചത്. പേഴ്‌സനല്‍ സ്റ്റാഫിലെ സെക്ഷന്‍ ഓഫിസര്‍ ടി പി ദാമോദരനാണ് മര്‍ദനമേറ്റത്. ഷര്‍ട്ടില്‍ പിടിച്ചു വലിക്കുകയും കഴുത്തി ല്‍ പിടിച്ച് അമര്‍ത്തുകയും ചെയ്തതായി ദാമോദരന്‍ പറഞ്ഞു. വിസിയെ കാണാനെന്നു പറത്താണ് എസ്എഫ്‌ഐ സംഘം ഓഫിസിലെത്തിയത്.
കഴിഞ്ഞ ദിവസം ഹെല്‍ത്ത് സയന്‍സ് വിദ്യാര്‍ഥികള്‍ കോഴ്‌സ് നിര്‍ത്തലാക്കുന്ന നടപടിക്കെതിരേ ഭരണ കാര്യാലയത്തിനു മുന്നില്‍ സമരം നടത്തിയിരുന്നു. ഇക്കാര്യം വിസിയുമായി സംസാരിക്കാനുണ്ടെന്ന് അറിയിച്ചാണ് എസ്എഫ്‌ഐക്കാ ര്‍ ഹെല്‍ത്ത് സയന്‍സ് വിദ്യാര്‍ഥികളെയും കൂട്ടി ഓഫിസിലെത്തിയത്. വിസിയെ അന്വേഷിച്ചപ്പോള്‍ അവധിയിലാണെന്ന് ഓഫിസ് സ്റ്റാഫ് മറുപടി നല്‍കി. വിസിയെ ഫോണില്‍ ബന്ധപ്പെടാന്‍ ഭീഷണി സ്വരത്തി ല്‍ എസ്എഫ്‌ഐ സംഘം ആവശ്യപ്പെട്ടു. ഓഫിസില്‍ വരില്ലെന്ന് വിസി പറഞ്ഞതായുള്ള വിവരം സെക്ഷന്‍ ഓഫിസറായ ദാമോദരന്‍ എസ്എഫ്‌ഐക്കാരെ അറിയിച്ചു. അങ്ങനെയെങ്കില്‍ വിസിയുടെ ചേംബറിന്റെ താക്കോല്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. താക്കോല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ കസ്റ്റഡിയിലാണെന്ന് ദാമോദരന്‍ അറിയിച്ചപ്പോഴാണ് ദാമോദരനെ ഭീഷണിപ്പെടുത്തി ക്രൂരമായി മര്‍ദിച്ചത്. സംഭവ സമയം സഹജീവനക്കാരെല്ലാം സമീപത്തുള്ള കോണ്‍ഫിഡന്‍ഷ്യല്‍ റൂമിലായിരുന്നു.
എസ്എഫ്‌ഐ സംഘത്തിന്റെ മര്‍ദനം കണ്ട് ഓഫിസിലുണ്ടായിരുന്ന വനിതാ ജീവനക്കാരി ശബ്ദം വച്ചപ്പോള്‍ സമീപത്തെ ഓഫിസിലുള്ളവരും മറ്റു ജീവനക്കാരും ഓടിയെത്തുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ദാമോദരനെ ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയ്ക്കു വിധേയനാക്കി. പിന്നീട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രജിസ്ട്രാര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐ ക്രിമിനലിസം സര്‍വകലാശാലാ ജീവനക്കാര്‍ക്ക് നേരെ നടത്തുന്നത് ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പരീക്ഷാ ഭവനിലും ജീവനക്കാരനു നേരെ ഓഫിസില്‍ കയറി എസ്എഫ്‌ഐ ഭീഷണിപ്പെടുത്തിയിരുന്നു. സമാധാനപരമായി ഓഫിസില്‍ ജോലി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് ജീവനക്കാര്‍ക്കുള്ളത്. ദാമോദരന്റെ പരാതി പ്രകാരം രജിസ്ട്രാര്‍ പോലിസിനു പരാതി കൈമാറിയിട്ടുണ്ട്. ദാമോദരനു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം അനുകൂല സംഘടന ഒഴികെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി.

RELATED STORIES

Share it
Top