കാലിക്കറ്റില്‍ സുവര്‍ണജൂബിലി ആഘോഷം തകൃതി; ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍

തേഞ്ഞിപ്പലം: സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍  ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളെ അവഗണിച്ച് 2018ല്‍ വിജയിച്ചവര്‍ക്ക് ബിരുദസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നീക്കം.
അപേക്ഷ നല്‍കി മൂന്നു മാസം മുതല്‍ ആറു മാസം വരെ കാത്തിരിപ്പ് തുടരുകയും പലരും ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന പരാതികള്‍ ദിനേന സര്‍വകലാശാലക്ക് ലഭിച്ച് കൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് സുവര്‍ണ ജൂബിലി മാമാങ്കത്തിന്റെ പേരില്‍ 2018 ല്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ബിരുദദാന ചടങ്ങ് നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം നല്‍കാന്‍ സംവിധാനം ഒരുക്കുന്നത്.
ഈ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബിരുദദാന ചടങ്ങ് നടത്തി അതിവേഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാണ് അധികൃതരുടെ നീക്കം. എന്നാല്‍ നേരത്തെ അപേക്ഷ നല്‍കിയ പഴയ  വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ പെട്ടെന്ന് നല്‍കാനുള്ള തീരുമാനമൊന്നും സര്‍വകലാശാല അധികാരികള്‍ കൈക്കൊണ്ടിട്ടില്ല. ഇവര്‍ പെട്ടെന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള ഫീസടച്ച് അപേക്ഷ നല്‍കി ഇപ്പോഴും മാസങ്ങളോളം കാത്തിരിക്കുകയാണ്.
അതെസമയം 2018ല്‍ പാസായവര്‍ക്ക് 1000 രൂപ ഫീസടച്ച് ഓണ്‍ലൈനായി 27ന് മുമ്പായി അപേക്ഷ നല്‍കാനാണ് നിര്‍ദേശം. സര്‍വകലാശാലയുടെ ഈ തീരുമാനം അപേക്ഷ നല്‍കി ആറ് മാസവും അതിലധികവും കാത്തിരിക്കുന്ന നേരത്തെ പീനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളോടുള്ള അവഗണനയാണെന്നാണ് ആക്ഷേപം. അധിക ഫീസടച്ച് അപേക്ഷിച്ചാല്‍ ഒരു മാസം കൊണ്ട് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകളാണ് ആറ് മാസത്തോളം വിദ്യാര്‍ഥികള്‍ കാത്തിരിക്കേണ്ടി വരുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2018 പരീക്ഷ പാസായ അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഒറിജിനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റിനായി ഓണ്‍ലൈനില്‍ ജൂണ്‍ 27 വരെ അപേക്ഷിക്കാന്‍ ഉത്തരവിറക്കിയത്.
അപേക്ഷയില്‍, സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള മേല്‍വിലാസമായി പഠിച്ച കോളജിന്റെ വിലാസമാണ് നല്‍കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് നിശ്ചിത രേഖകള്‍ സഹിതം ജൂണ്‍ 27നകം അതത് കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദൂര പ്രൈവറ്റ് വിഭാഗം ഏപ്രില്‍ 2018 ഡിഗ്രി ആറാം സെമസ്റ്റര്‍ സിയുസിബിസിഎസ്എസ് പരീക്ഷ പാസായ വിദ്യാര്‍ഥികള്‍ക്കും ഗോള്‍ഡന്‍ ജൂബിലി ബിരുദദാന രീതിയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന് ഓണ്‍ലൈനില്‍ ജൂണ്‍ 27 വരെ അപേക്ഷിക്കാം.
പ്രിന്റൗട്ടും രേഖകളും ജോയന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്8, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പിഒ, മലപ്പുറം 673635 എന്ന വിലാസത്തില്‍ 28നകം സമര്‍പ്പിക്കണം. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചവരും സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് ഫലം ലഭിക്കാനുള്ളവരും ഈ രീതിയില്‍ ഒറിജനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ അര്‍ഹരല്ലന്നും സര്‍വകലാശാലയുടെ ഉത്തരവില്‍ പറയുന്നു.

RELATED STORIES

Share it
Top