കാലിക്കറ്റില്‍ ലക്ഷങ്ങള്‍ ചെലവിട്ടു നിര്‍മിച്ച അന്വേഷണ കൗണ്ടര്‍ ഇനിയും തുറന്നില്ല

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അക്കാദമിക ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായുള്ള അന്വേഷണ കൗണ്ടറിന് ഇനിയും പുതിയ സൗകര്യമായില്ല. ടാഗൂര്‍ നികേതനില്‍ അഞ്ചുലക്ഷത്തോളം രൂപ ചെലവിട്ട് പുതിയ അന്വേഷണ കൗണ്ടര്‍ ഒരുക്കിയെങ്കിലും കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികസംവിധാനം സജ്ജീകരിക്കാത്തതിനാല്‍ മാസങ്ങളായി വെറുതെ കിടക്കുകയാണ്. അവസാനവട്ട മിനുക്കുപണികള്‍ പൂര്‍ത്തീകരിച്ചിട്ടുപോലും കൗണ്ടറില്‍ ഡോര്‍ സ്ഥാപിച്ചിട്ടില്ല.
രണ്ടരമാസം മുമ്പാണ് ടാഗൂര്‍ നികേതന്റെ പ്രവേശനകവാടത്തില്‍ തന്നെ പുതിയ അന്വേഷണകൗണ്ടര്‍ ഒരുക്കാന്‍ പ്രവൃത്തി തുടങ്ങിയത്. തുടക്കത്തില്‍ വൈസ് ചാന്‍സലറും പ്രോ വൈസ് ചാന്‍സലറും പ്രവൃത്തി വിലയിരുത്താനും മറ്റും ഇടയ്ക്കിടെ ടാഗൂര്‍നികേതനി ല്‍ സന്ദര്‍ശനം നടത്തിയിരുന്നെങ്കിലും പിന്നീട് തുടര്‍നടപടികളുണ്ടായില്ല. പുതിയ കൗണ്ടറില്‍ പലയിടത്തും പെയിന്റ് ഇളകിയിട്ടുണ്ട്. ഗ്ലാസ് പാളികള്‍ക്കും ഇളക്കം തട്ടിയിട്ടുണ്ട്. ലക്ഷങ്ങള്‍ ചെലവിട്ടു നിര്‍മിച്ച കൗണ്ടര്‍ വെറുതെ കിടക്കുമ്പോള്‍ ഇതിനു മുന്നില്‍ മേശകള്‍ സജ്ജീകരിച്ചൊരുക്കിയ താല്‍ക്കാലിക കൗണ്ടറിലാണ് ജീവനക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നത്. പഞ്ചായത്ത് ഓഫിസുകളില്‍ പോലും അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഫ്രണ്ട് ഓഫിസ് സംവിധാനമുണ്ടെന്നിരിക്കെയാണ് കേരളത്തിലെ തന്നെ പ്രമുഖ സര്‍വകലാശാലയായ കാലിക്കറ്റിലെ അന്വേഷണ കൗണ്ടറിന്റെ ഈ ദുരവസ്ഥ.

RELATED STORIES

Share it
Top