കാലിക്കടവ്-ഒളവറ റോഡില്‍ പൊടിശല്യം രൂക്ഷം; യാത്ര ദുസ്സഹം

തൃക്കരിപ്പൂര്‍: മെക്കാഡം റോഡ് പ്രവൃത്തിയുടെ ഭാഗമായി റോഡിന്റെ ഇരുവശവും എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച്് വീതിയില്‍ കിളച്ചിട്ടതിനാല്‍ കാലിക്കടവ്-തൃക്കരിപ്പൂര്‍-ഒളവറ റോഡില്‍ പൊടിശല്യം രൂക്ഷം. ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. വീതി കൂട്ടുന്നതിനായി റോഡിന്റെ ഇരുവശങ്ങളും വളരെ മുന്‍കൂട്ടിതന്നെ കിളച്ചിട്ടതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നു നാട്ടുകാര്‍ പറയുന്നു. ഈ പ്രദേശങ്ങള്‍ പൂഴിമണലായതിനാല്‍ പൊടിപടലങ്ങള്‍ നാടാകെ പരക്കുന്നു. റോഡരികിലൂടെയുള്ള കാല്‍നടയാത്രയും ദുരിതമായിട്ടുണ്ട്. വാഹനങ്ങള്‍ പോകുമ്പോള്‍ പൊടിയുയര്‍ന്നു പരിസരമാകെ മണ്ണില്‍കളിക്കുന്നു. കാലിക്കടവ്, ചന്തേര, നടക്കാവ്, കൊയോങ്കര തുടങ്ങിയ സ്ഥലങ്ങളിലാണ് വീതികൂട്ടുന്നതിനായി കൂടുതല്‍ ഭാഗങ്ങള്‍ കിളച്ചിട്ടിരിക്കുന്നത്. പൊടിശല്യം കാരണം ഇവിടങ്ങളിലെ കടകളില്‍ ഇരിക്കാന്‍ പോലും കഴിയുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു. ബസ്സ്റ്റാന്റില്‍ ബസ് കാത്തുനില്‍ക്കുന്നവരും ബുദ്ധിമുട്ടുന്നുണ്ട്. ആറുമാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം റോഡ് പണി ഉദ്ദേശിച്ച രീതിയില്‍ നടക്കുന്നില്ലെന്നും പരാതി. പ്രവൃത്തി വേഗത്തിലാക്കാന്‍ സ്ഥലം എംഎല്‍എ കരാര്‍ ഏറ്റെടുത്ത കമ്പനിയുമായും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആദ്യ രണ്ടു ദിവസം വേഗത്തിലാക്കിയെങ്കിലും വീണ്ടും പണി മന്ദഗതിയിലാണെന്നു പരാതിയുണ്ട്. കാലിക്കടവ്-തൃക്കരിപ്പൂര്‍-ഒളവറ വരെ 12 കിലോമീറ്റര്‍ റോഡാണ് പത്തു കോടി രൂപാ ചെലവില്‍ മെക്കാഡം ചെയ്യുന്നത്. കാസര്‍കോട് എന്‍സ്്പാന്‍സ് കമ്പനിയ്ക്കാണ് കരാര്‍. കാലിക്കാട്് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഏഴിമല നാവല്‍ അക്കാദമി, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, പഴയങ്ങാടി, മാട്ടൂല്‍, ചൂട്ടാട് ബീച്ച് മേഖലയിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാവുന്നതാണ് റോഡ്. പ്രവൃത്തി വേഗത്തിലാക്കി ജനങ്ങളുടെ യാത്രപ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top