കാലികളെ കുത്തിനിറച്ചെത്തിയ കണ്ടെയ്‌നറുകള്‍ പിടികൂടി

മലപ്പുറം: നിയമം ലംഘിച്ചു കന്നുകാലികളെ കുത്തിനിറച്ചെത്തിയ കണ്ടെയ്‌നര്‍ ലോറികള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കു പാലക്കാടു വഴി  കാലികളുമായി വന്ന രണ്ട് ഇതരസംസ്ഥാന ലോറികളാണ് മലപ്പുറം കാവുങ്ങല്‍ മുണ്ടുപറമ്പ് ബൈപാസില്‍ വച്ച് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ചിരുന്നില്ല.  ഇന്നലെ 12 മണിയോടെ എംവിഐ അഫ്‌സല്‍ അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്. ഇവര്‍ നല്‍കിയ വിവര പ്രകാരം പിന്നാലെയെത്തിയ മറ്റൊരു ലോറിയും പിടികൂടി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ രണ്ടുലോറികളിലായി 45 കാലികളെ കുത്തിനിറച്ചതായി കണ്ടെത്തി. മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ വിവരത്തെ തുടര്‍ന്നു മലപ്പുറം എസ്‌ഐ ഡി എസ് വിനുവും സംഘവും സ്ഥലത്തെത്തി. കാവുങ്ങലില്‍ പുഴയോട് ചേര്‍ന്ന സ്ഥലത്ത് കന്നുകാലികളെ ഇറക്കിയ ശേഷം രണ്ടുലോറികളും പോലിസ് കസ്റ്റഡിയിലെടുത്തു. ലോറിയില്‍നിന്ന് ഇറക്കിയ ശേഷം പോലിസ് നിര്‍ദേശ പ്രകാരം കാവുങ്ങലിലെ പറമ്പില്‍ വെച്ചു ഇവയ്ക്ക് വെള്ളം നല്‍കി.  ലോറിയുടെ ചുറ്റുഭാഗവും മൂടിക്കെട്ടി മുകള്‍ ഭാഗം തുറന്ന നിലയിലായിരുന്നു. കാലികളുടെ കണ്ണില്‍ തേക്കാനുള്ള മുളകും കണ്ടെടുത്തു. മോട്ടോര്‍ വാഹന വുകുപ്പ് പ്രകാരം നിയമ ലംഘനത്തിനു മോട്ടോര്‍ വകുപ്പും മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം പ്രകാരം ലോറി ഡ്രൈവര്‍മാര്‍ക്കെതിരേ പോലിസും കേസെടുത്തു.

RELATED STORIES

Share it
Top