കാലാവസ്ഥ സൃഷ്ടിക്കുന്ന അഭയാര്‍ഥികളുടെ കാര്യത്തില്‍ പ്രത്യേക ആസൂത്രണം ആവശ്യം

തിരുവനന്തപുരം: കാലാവസ്ഥ സൃഷ്ടിക്കുന്ന അഭയാര്‍ഥികളുടെ കാര്യത്തില്‍ പ്രത്യേക ആസൂത്രണം വേണമെന്നു മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബുപോള്‍. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രളയാനന്തര കേരളം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത് ഇതുവരെ ചെയ്തിട്ടില്ല, ഈ മഹാപ്രളയം- അതിനെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കണം. പ്രളയ മേഖലയിലെ മനുഷ്യരുടെ മാനസിക പുനരുജ്ജീവനത്തിനു പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രാധാന്യം നല്‍കണം. ഡാമുകള്‍ തുറന്നുവിട്ടതാണു മഹാപ്രളയത്തിനു കാരണമായതെന്ന വിലയിരുത്തലുകള്‍ അര്‍ധസത്യം മാത്രമാണ്. ഡാമുകളുടെ ധര്‍മം വെള്ളപ്പൊക്ക നിയന്ത്രണം കൂടിയാണെന്നുള്ളതു നാം മറന്നു പോവരുത്. ആകെ മഴവെള്ളത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഡാമില്‍ നിന്നു വരുന്നത്. പ്രളയമുണ്ടായപ്പോള്‍ വേണ്ടവിധം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്ന പരാതികള്‍ ഉയരുന്നുണ്ട്. നിലവിലെ റെഡ് അലര്‍ട്ടിന് ഒരു പരിധിയുണ്ട് എന്നതാണ് ഇതിന് കാരണം.
ഡാമുകളില്‍ ഒരു പ്രത്യേക ജലനിരപ്പ് എത്തുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കുന്നു. അതിന് ശേഷവും വെള്ളം ഉയര്‍ന്നാല്‍ പിന്നീട് ഒരു സൂപ്പര്‍ റെഡ് അലര്‍ട്ട് നല്‍കാന്‍ നിലവിലുള്ള നിയമങ്ങള്‍ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ നിലവിലെ മഹാപ്രളയത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് അതിന് പരിഹാരം കണ്ടെത്താന്‍ നമുക്ക് കഴിയണം. പരമാവധി സംഭരണ ശേഷിയുടെ (എഫ്എല്‍ആര്‍) ഒരു മീറ്റര്‍ താഴെ മാത്രമേ വെള്ളം നിര്‍ത്താന്‍ പാടുള്ളൂ. അത് 10 അടിയാക്കി മാറ്റിയാലും കുഴപ്പമില്ല. ഇക്കാര്യത്തില്‍ സാങ്കേതിക വിദഗ്ധര്‍ക്കു തീരുമാനമെടുക്കാം.
കാലവര്‍ഷത്തിലും ഡാമുകള്‍ തുറന്നുവിടുമ്പോഴും ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങള്‍ അടയാളപ്പെടുത്തണം. എതിര്‍പ്പുകള്‍ ഉണ്ടായാലും അവിടെ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കരുത്. നദികളോട് അനുബന്ധിച്ച ജലശുദ്ധീകരണ പ്ലാന്റുകള്‍ വെള്ളപ്പൊക്കം അടയാളപ്പെടുത്തിയ പ്രദേശത്തിന് പുറത്തു സ്ഥാപിക്കണം. അതിന് ചെലവേറുമെങ്കിലും അത് അടുത്ത തലമുറയ്ക്കു ഗുണകരമാവും. കുട്ടനാട്ടിലെ ആവാസവ്യവസ്ഥയെയും കൃഷിയെയും കുറിച്ച് പുനര്‍വിചന്തനം വേണം.
കുട്ടനാട്ടിലെ ഭുപ്രകൃതിയില്‍ നടത്തിയ ആദ്യ മനുഷ്യ ഇടപെടലാണു തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും. ഇതിനു ഗുണവും ദോഷവും ഉണ്ട്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് കുട്ടനാട്ടിന്റെ ഭൂവ്യവസ്ഥയെ വെല്ലുവിളിച്ച് നിര്‍മിച്ച റോഡാണ്. ഗാഡ്ഗില്‍ റിപോര്‍ട്ടിന് എതിരായി പറഞ്ഞവര്‍ ഗാഡ്ഗില്‍ റിപോര്‍ട്ട് വായിക്കാത്തവരാണ്. കനത്ത മഴയുടെ അനന്തരഫലങ്ങള്‍ കുറയ്ക്കുന്നതിനാണു മരങ്ങളും മലഞ്ചെരിവുകളും സംരക്ഷിക്കണമെന്നു പറയുന്നത്. അവനവനു വിവരമില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതാണു പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്നതെന്നും പ്രളയ ദുരിതത്തെ സര്‍ക്കാര്‍ ഭംഗിയായി കൈകാര്യം ചെയ്തുവെന്നതില്‍ സംശയമില്ലെന്നും ബാബുപോള്‍ പറഞ്ഞു.

RELATED STORIES

Share it
Top