കാലാവസ്ഥാ വ്യതിയാനം : പാരിസ് ഉടമ്പടിയില്‍ നിന്ന് ട്രംപ് പിന്മാറിയേക്കുംവാഷിങ്ടണ്‍: സുപ്രധാന പാരിസ് കാലാവസ്ഥാ വ്യതിയാന ഉടമ്പടിയില്‍നിന്നു യുഎസ് അടുത്തയാഴ്ച പിന്മാറിയേക്കുമെന്നു സൂചന. ജി-7 ഉച്ചകോടിയില്‍ ഇതിന്റെ ശക്തമായ സുചന യുഎസ് പ്രസിഡന്റ് ട്രംപ് സഖ്യരാജ്യങ്ങള്‍ക്കു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കാലാവസ്ഥാ ഉടമ്പടി സംബന്ധിച്ച അന്തിമതീരുമാനം വാഷിങ്ടണില്‍ എത്തിയശേഷം ഉണ്ടാവുമെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. സിസിലിയിലെ ജി-7 ഉച്ചകോടിയില്‍ കരാറിനോടുള്ള തന്റെ എതിര്‍പ്പ് ട്രംപ് വ്യക്തമാക്കിയിരുന്നു. ധാരണയില്‍ ഒപ്പുവച്ച പല രാജ്യങ്ങളുടെയും നടപടി കാപട്യമാണെന്നും ട്രംപ് ആരോപിച്ചു. തന്റെ പ്രഥമ വിദേശസന്ദര്‍ശനം പൂര്‍ത്തിയാക്കി ഇതിനകം ട്രംപ് വാഷിങ്ടണില്‍ മടങ്ങിയെത്തി. ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിന് 2015ലാണ് പാരിസ് കരാര്‍ നിലവില്‍വന്നത്. ആഗോള താപനില 2 ഡിഗ്രിയില്‍ കൂടാതെ നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ധാരണയുണ്ടാക്കിയത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ലോകരാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്നും ഉടമ്പടി വ്യക്തമാക്കുന്നു. എന്നാല്‍, ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 55 ശതമാനത്തോളം പുറത്തുവിടുന്ന 55 രാഷ്ട്രങ്ങള്‍ ഉടമ്പടിയുടെ ഭാഗമായാല്‍ മാത്രമേ കരാര്‍ നിലവില്‍വരുകയുള്ളൂ. 2016ല്‍ ഒബാമയാണ് അമേരിക്കയെ കരാറിന്റെ ഭാഗമാക്കിയത്.

RELATED STORIES

Share it
Top