കാലാവസ്ഥാ വിവരങ്ങളുടെ ആശയവിനിമയം വ്യക്തവും ലളിതവുമാവണം: ഗവര്‍ണര്‍

തിരുവനന്തപുരം: കാലാവസ്ഥാ സംബന്ധമായ വിവരങ്ങ ള്‍ ജനങ്ങളിലേക്കു കൂടുതല്‍ വ്യക്തവും ലളിതവുമായി എത്തേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ഇക്കാര്യങ്ങളുടെ ഏകോപനത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് മുന്‍കൈയെടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ലോക ബഹിരാകാശ വാരാചരണത്തിന്റെ ഉദ്ഘാടനം തുമ്പ വിഎസ്എസ്‌സിയി ല്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ പ്രധാന മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തേണ്ടത് ആവശ്യമാണ്. ശാസ്ത്രീയ വിവരങ്ങള്‍ കൂടുതല്‍ കൃത്യതയോടെ മാധ്യമങ്ങള്‍ വഴി കൈമാറാന്‍ പരിശീലനങ്ങള്‍ വേണം. ശാസ്ത്രഗവേഷണങ്ങള്‍ സാധാരണ ജനങ്ങളില്‍ നിന്ന് അകന്നുനിന്ന കാലം മാറി സമൂഹത്തിലേക്ക് അടുത്തത് ബഹിരാകാശ ഗവേഷണങ്ങളുടെ നേട്ടങ്ങള്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയപ്പോഴാണ്. എന്നാല്‍, ചന്ദ്രയാനും മംഗള്‍യാനുമൊക്കെ വന്നുകഴിഞ്ഞിട്ടും ബഹിരാകാശ ശാസ്ത്ര ഗവേഷണങ്ങള്‍ സര്‍വകലാശാലകളിലേക്കു വ്യാപിക്കുന്നില്ല എന്നതില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ ആശങ്കയുണ്ട്. ബഹിരാകാശ ഗവേഷണങ്ങളില്‍ സര്‍വകലാശാലകളുടെ പങ്ക് വര്‍ധിപ്പിക്കുന്ന കൂടുതല്‍ സൗകര്യപ്രദമായ നയങ്ങള്‍ വേണം. ഇക്കാര്യത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനാവും.
ദേശാഭിമാനങ്ങളായ ഐഎസ്ആര്‍ഒ, എല്‍പിഎസ്‌സി തുടങ്ങിയവയുടെ പ്രാധാന്യം സമൂഹത്തിലെത്തിക്കാന്‍ ബഹിരാകാശ വാരാചരണം സഹായകമാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടര്‍ ഡോ. വി നാരായണന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top