കാലാവസ്ഥാ മാറ്റം കെട്ടുകഥയല്ല: ട്രംപ്‌

വാഷിങ്ടണ്‍: കാലാവസ്ഥാ മാറ്റം ഒരു കെട്ടുകഥയല്ലെന്നു സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ കാലാവസ്ഥാ മാറ്റത്തിനു ദീര്‍ഘകാല പ്രത്യാഘാതമുണ്ടാക്കാന്‍ സാധിക്കില്ലെന്നും പെട്ടെന്നു തന്നെ അതിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവുമെന്നും ട്രംപ് പറഞ്ഞു.
സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള വാദങ്ങള്‍ യാഥാര്‍ഥ്യമല്ലെന്ന നിലപാടായിരുന്നു ട്രംപ് മുമ്പ് സ്വീകരിച്ചിരുന്നത്.
കാലാവസ്ഥാ മാറ്റം കെട്ടുകഥയല്ലെന്ന് ഇപ്പോള്‍ താന്‍ വിശ്വസിക്കുന്നില്ലെന്നു സിബിഎസ് അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. എന്തൊക്കെയോ നടക്കുന്നുണ്ട്. മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ അവയെല്ലാം പഴയപടിയാക്കാന്‍ സാധിക്കുമെന്നു ട്രംപ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ ശതകോടിക്കണക്കിനു ഡോളര്‍ ചെലവഴിക്കുന്നതിനോടും തൊഴിലവസരങ്ങള്‍ കുറയ്ക്കുന്നതിനോടും തനിക്കു താല്‍പര്യമില്ലെന്നു ട്രംപ് വ്യക്തമാക്കി.
ആഗോളതാപനം ചെറുക്കുന്നതിനായുള്ള പാരിസ് ഉച്ചകോടിയില്‍ നിന്നു പിന്‍മാറിക്കൊണ്ടുള്ള ട്രംപിന്റെ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു കരാറില്‍ നിന്നുള്ള യുഎസിന്റെ പിന്‍മാറ്റം. യുഎസിലെ ഫ്‌ലോറിഡ അടക്കമുള്ള മേഖലകളില്‍ മിഷേല്‍ ചുഴലിക്കാറ്റ് കനത്ത നാശംവിതച്ച് ദിവസങ്ങള്‍ക്കു ശേഷമാണു കാലാവസ്ഥാ മാറ്റത്തെ യാഥാര്‍ഥ്യമായി അംഗീകരിക്കുന്നുവെന്ന ട്രംപിന്റെ പ്രതികരണം പുറത്തുവരുന്നത്.

RELATED STORIES

Share it
Top