കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തിസ്ഥാപന ഉടമ അറസ്റ്റില്‍

കൊച്ചി: മരടില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ റീ പാക്ക് ചെയ്തു വില്‍പന നടത്തിയ സംഭവത്തില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. കര്‍ണാടക സ്വദേശി ശിവസുബ്രഹ്മണ്യനാണ് അറസ്റ്റിലായത്.
ചെന്നൈയിലുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്നു ചൊവ്വാഴ്ചയാണ് ഇയാളെ പനങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. കുട്ടികള്‍ കഴിക്കുന്ന ചോക്കലേറ്റുകള്‍, മില്‍ക്ക് പൗഡറുകള്‍, ഉള്‍പ്പെടെ 100ലേറെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ റീ പാക്ക് ചെയ്തു വീണ്ടും വിപണിയിലെത്തിക്കുന്ന നെട്ടൂരിലെ കാര്‍വര്‍ എന്ന ഗോഡൗണ്‍ നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നു ഗോഡൗണ്‍ നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും നാട്ടുകാരും ചേര്‍ന്നു വളഞ്ഞ ശേഷം പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. ആറു വര്‍ഷമായി തമിഴ്‌നാട് സ്വദേശികള്‍ കാര്‍വര്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ വാടകയ്ക്ക് എടുത്തു ഗോഡൗണ്‍ ഉപയോഗിച്ചുവരികയായിരുന്നു. പല കമ്പനികളുടെയും ഉല്‍പന്നങ്ങളായ ചോക്കലേറ്റ്, ആട്ട, മൈദ, മില്‍ക്കോസ്, വിവിധയിനം ഓയിലുകള്‍, പുട്ടുപൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് ഇവിടെ നിന്നു വിതരണം നടത്തിയിരുന്നത്.
കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ തിരിച്ചു ഗോഡൗണിലെത്തിച്ച് വീണ്ടും പുതിയ പാക്കറ്റില്‍ നിറച്ചു വിപണിയിലെത്തിക്കുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ അധ്യക്ഷ സുനില സിബി, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍, കൗണ്‍സിലര്‍ ആന്റണി ആശാംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പാക്കിങ് നിര്‍ത്തിവയ്പിച്ച ശേഷം വിവരം ഭക്ഷ്യസുരക്ഷ അധികൃതരെ അറിയിച്ചത്.
തുടര്‍ന്നു ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥ സംഘം ഗോഡൗണ്‍ പരിശോധിച്ച ശേഷം പനങ്ങാട് പോലിസിന്റെ സാന്നിധ്യത്തില്‍ ഗോഡൗണ്‍ പൂട്ടി സീല്‍ വയ്ക്കുകയും ചെയ്തു.

RELATED STORIES

Share it
Top