കാലവര്‍ഷപ്പുകിലില്‍ പെറ്റിയടി മുട്ടി പോലിസ്

ടി എസ് നിസാമുദ്ദീന്‍

ഇടുക്കി: ശക്തമായ കാലവര്‍ഷം തുടരുന്നത് നാടൊട്ടുക്കും ദുരിതം വിതയ്ക്കുന്നതിനിടെ കേരളാ പോലിസിനും വരുത്തിവച്ച നഷ്ടം ചില്ലറയല്ല. കാലവര്‍ഷപ്പുകിലില്‍ പെറ്റിയടി മുട്ടിയ പോലിസിന്റെ രണ്ട് പഞ്ഞമാസങ്ങളാണു കടന്നുപോവുന്നത്. മാസാമാസം കിട്ടിക്കൊണ്ടിരുന്ന പിഴപ്പടിയില്‍ വന്‍ ഇടിവുണ്ടായതോടെ അവശ്യ സര്‍വീസുകളെ—ല്ലാം അത്യാവശ്യ കാറ്റഗറിയിലേക്കു മാറ്റി മാനത്തേക്കു നോക്കിയിരിക്കുകയാണവര്‍. സൂര്യനൊന്നു വെളിച്ചത്തുവന്നിട്ടുവേണം ഇതിന്റെയൊക്കെ കേട് തീര്‍ക്കാന്‍.!
ഹെല്‍മറ്റ് വയ്ക്കാത്തവരെയും ലൈസന്‍സ്  ഇല്ലാത്തവരെയും മരണപ്പാച്ചില്‍ നടത്തുന്നവരെയുമൊക്കെ പിടികൂടുന്ന വകയില്‍ ലഭിച്ചിരുന്ന തുകയില്‍ വന്‍ കുറവുണ്ടായതുമൂലം പോലിസ് വിഭാഗത്തിനുണ്ടായ പ്രതിസന്ധി ചിരിച്ചുതള്ളാനാവില്ലെന്നാണ് ഉന്നതോദ്യോഗസ്ഥരും പറയുന്നത്. സംസ്ഥാനമൊട്ടുക്ക് ദൈനംദിന ചെലവുകള്‍ക്കും മറ്റും ഉപയോഗിച്ചിരുന്ന പങ്കാണ് മുടങ്ങിയിരിക്കുന്നത്. എല്ലാ മാസവും ഓരോ പോലിസ് സ്‌റ്റേഷന്‍ പരിധിയിലും നിശ്ചിത പെറ്റിക്കേസുകള്‍ ഉണ്ടാവണമെന്നും പിഴയിനത്തില്‍ കൃത്യമായ തുക കണ്ടെത്തണമെന്നുമുള്ളത് പോലിസിലെ അലിഖിത നിയമമാണ്. മുറതെറ്റാതെ അത് ലഭ്യമാക്കുന്നതില്‍ ട്രാഫിക്ക് പോലിസും മറ്റും കാട്ടിയിരുന്ന ശുഷ്‌കാന്തിയുടെ തെളിവാണ് എല്ലാ മാസവും അവസാന ആഴ്ചയില്‍ മുക്കിലും മൂലയിലും പോലിസിന്റെ പരിശോധന.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ നിര്‍ത്താതെ പെയ്യുന്ന മഴയി ല്‍ പുറത്തിറങ്ങാന്‍ പോലുമാവാത്തപ്പോള്‍ എങ്ങനെ പരിശോധനയ്ക്കിറങ്ങുമെന്നാണ് പോലിസിന്റെ ചോദ്യം. എന്തായാലും ഇക്കാര്യത്തില്‍ കണ്ണുരട്ടലുകളൊന്നും മുകളീന്നു വരുന്നില്ല എന്ന ആശ്വാസത്തിലാണ് പോലിസുകാരും. ഇടവേളയിട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മഴ മാറിനിന്നപ്പോ ള്‍ പോലിസ് പരിശോധന നടത്തി യിരുന്നു. പോലിസിന്റെ ശല്യമില്ലാത്തതിനാല്‍ ഹെല്‍മറ്റെടുക്കാതെ റോഡിലിറങ്ങിയ ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലായി ഇരയായതെന്നു മാത്രം.

RELATED STORIES

Share it
Top