കാലവര്‍ഷത്തില്‍ എസി റോഡ് തകര്‍ന്നു; യാത്ര അപകടഭീതിയില്‍

രാമങ്കരി:  കാലവര്‍ഷം കനത്തതോടെ കുണ്ടും കുഴിയുമായി മാറിയ ആലപ്പുഴ ചങ്ങനാശേരി റോഡില്‍ അപകടങ്ങള്‍ പതിയിരിക്കാന്‍ തുടങ്ങിയതോടെ ഇതിലേയുള്ള സഞ്ചാരം യാത്രാക്കാര്‍ക്ക് പേടി സ്വപ്‌നമായി മാറി.  പെരുന്നമുതല്‍ കിടങ്ങറ ഒന്നാം പാലം വരെയും പള്ളിക്കുട്ടുമ്മ മണലാടി മുക്കുമുതല്‍ നെടുമുടി പാറശേരി പാലം വരെയുള്ള കിലോമീറ്ററുകളോളം ദൂരത്തിലാണ് റോഡ് തകര്‍ന്നത്. ടാറും മെറ്റലിങും തകര്‍ന്നു  വന്‍ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഈ കുഴികളില്‍പ്പെട്ട്  ഏതുനിമിഷവും വാഹനങ്ങള്‍ അപകടത്തില്‍ പെടാമെന്ന സ്ഥിതിയിലാണ്.
നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്. കാലവര്‍ഷം ശക്തിപ്പെട്ടതോടെ ഇരുവശവുമുള്ള പാടശേഖരങ്ങളിലേക്ക് എസി കനാലില്‍ നിന്നും വെള്ളം കുത്തിയൊഴുകിയത് റോഡിന്റെ  പല ഭാഗങ്ങളിലും വന്‍ കുഴികള്‍ തന്നെ രൂപപ്പെടുന്നതിന് കാരണമാകുകയായിരുന്നു. ഈ കുഴികളില്‍പ്പെട്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരന്തരം കേടാകുകയും തുടര്‍ന്ന് സര്‍വീസ് മുടങ്ങുകയും ചെയ്യുന്നത് പതിവായതോടെ യാത്രക്കാരുടെ ദുരിതം പറഞ്ഞറിയിക്കുക തന്നെ പ്രയാസമായി. മറ്റു സ്വകാര്യ വാഹനങ്ങളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട.
കേടാകുന്ന വാഹനങ്ങള്‍ പിന്നീട് കെട്ടിവലിക്കേണ്ട ഗതികേടിലാണ് കാര്യങ്ങള്‍. രാത്രിയിലും മറ്റും കുഴികളില്‍ വീഴുന്ന ടൂവിലര്‍ യാത്രക്കാരുടെ എണ്ണം ഓരോ ദിവസവും പെരുകുകയാണ്. രണ്ടു ദിവസം തുടര്‍ച്ചയായി മഴ പെയ്താല്‍ റോഡ് വെള്ളത്തിനടിയിലാകും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കെഎസ്ടിപി നിയന്ത്രണത്തിലുള്ള ഈ റോഡില്‍ കഴിഞ്ഞ കുറേ നാളുകളായി അറ്റകുറ്റ പണികള്‍ വെറും പേരിന് മാത്രമായി ചുരുങ്ങിയെന്ന് മാത്രമല്ല ഒട്ടും നിലവാരം പുലര്‍ത്താത്ത നിലയിലുമാണ്. ഇതിനെതിരെ നാട്ടുകാരുടെയും മറ്റും പ്രതിഷേധം ശക്തമാകാറുണ്ടെങ്കിലും അതൊന്നും അധികാരികള്‍ കണക്കിലെടുക്കാറില്ല. ഇതു റോഡ് പൂര്‍ണ്ണമായി തകര്‍ന്നതിന് കാരണമായതായും പറയുന്നു.
റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പുറമെ  പല പാലങ്ങളുടേയും കൈവരികള്‍ തകര്‍ന്നുകിടക്കുന്നത് വലിയ വാഹനങ്ങള്‍ക്ക് ഭീഷണിയായിട്ടുണ്ട്. ചങ്ങനാശേരി മനയ്ക്കച്ചിറ പാലത്തിന്റെ ഒരു വശത്തെ കൈവരികള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അതുപോലെ കിടങ്ങറ ഒന്നാംപാലവും അതിന്  സമാന്തരമായി പണിതിട്ടുള്ള ചെറുപാലത്തിനും ഇടയിലെ വന്‍ വിടവ് ടുവീലറുകളുള്‍പ്പടെയുള്ള മറ്റു ചെറു വാഹനങ്ങളും ഏത് സമയത്തും അപകടത്തില്‍ പെടുന്നതിന് കാരണമാകുകയാണ്.  അത് സമ്പന്ധിച്ച് യാതൊരു സുരക്ഷാ മുന്നറിയിപ്പുകളില്ലാത്തതും യാത്രക്കാരുടെ ജീവന് വന്‍ വെല്ലുവിളിയായിട്ടുണ്ട് പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണാന്‍ പൊതുമരാമത്ത് വകുപ്പോ അല്ലെങ്കില്‍ കെഎസ്ടിപിയോ തയ്യാറാകണമെന്ന് ജനാധിപത്യ കേരളാകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസഫ് കെ നെല്ലുവേലി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top