കാലവര്‍ഷത്തില്‍ ഇടിഞ്ഞുവീണ പാറയും മണ്ണും നീക്കംചെയ്യാന്‍ നടപടിയില്ല

രാജാക്കാട്: ബോഡിമെട്ട്- സിങ്കുകണ്ടം റൂട്ടില്‍ കാലവര്‍ഷത്തില്‍ ഇടിഞ്ഞുചാടിയ കൂറ്റന്‍ പാറക്കല്ലും മണ്ണും നീക്കംചെയ്യാന്‍ നടപടിയില്ല. വളവിന് സമീപത്തായി കിടക്കുന്ന പാറക്കല്ല് വന്‍ അപകട ഭീഷിണിയാണ് ഉയര്‍ത്തുന്നത്. ബോഡിമെട്ടില്‍ സിങ്കുകണ്ടം, ചിന്നക്കനാല്‍ തുടങ്ങിയ മേഖലകളിലേക്കും ഈ പ്രദേശത്തെ ആളുകള്‍ക്ക് പൂപ്പാറ, രാജകുമാരി, ശാന്തമ്പാറ തുടങ്ങിയ മേഖലകളിലേക്കും പോകുന്നതിനും വരുന്നതിനും ഏക ആശ്രയമായ റോഡാണ് ഇന്ന് അപകടക്കെണിയായി മാറിയിരിക്കുന്നത്.
വീതികുറഞ്ഞ റോഡിന്റെ വലിയ കൊക്കയുള്ള ഭാഗത്തായിട്ടാണ് വളവിനു സമീപം കഴിഞ്ഞ കാലവര്‍ഷത്തിലെ ശക്തമായ മഴയില്‍ വന്‍ പാറക്കല്ലും മണ്ണും ഇടിഞ്ഞുവീണ് കിടക്കുന്നത്. ഇതോടെ ചെറുവാഹനത്തിന് മാത്രമാണ് ഇതുവഴി കടന്നുപോകുവാന്‍ കഴിയുന്നത്. ജീപ്പടക്കമുള്ള വാഹനങ്ങള്‍ സാഹസികമായിട്ടാണ് ഇതുവഴി മേഖലയിലെ തോട്ടങ്ങളിലേക്ക് തൊഴിലാളികളേയും വ—ളവും മറ്റുമായി വാഹനങ്ങള്‍ കടന്നുപോകുന്നത്.
കല്ലും മണ്ണും നീക്കം ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഒരുവിധ നടപടിയുമില്ല. രാത്രികാലങ്ങളിലടക്കം വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ വലിയ അപകടങ്ങള്‍ക്കും സാധ്യതയേറെയാണ്.

RELATED STORIES

Share it
Top