കാലവര്‍ഷക്കെടുതി: സാങ്കേതിക കാരണങ്ങള്‍ നിരത്തി സഹായം നല്‍കാതിരിക്കരുത്- മന്ത്രി

പാലക്കാട്: കാലവര്‍ഷക്കെടുതി ബാധിച്ച കുടുംബങ്ങളെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മതിയായ സഹായം നല്‍കുന്നതില്‍ നിന്ന്— ഒഴിവാക്കരുതെന്ന് മന്ത്രി എ കെ ബാലന്‍. ജില്ലയിലെ കാലവര്‍ഷ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വടക്കഞ്ചേരി റസ്റ്റ്ഹൗസില്‍ നടത്തിയ ഉദ്യോഗസ്ഥതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്‍പത് ശതമാനത്തിലേറെ തകര്‍ന്ന വീടുകള്‍ക്ക് പൂര്‍ണമായി തകര്‍ന്ന വീടെന്ന പരിഗണന നല്‍കുന്നത് ആലോചിക്കണം.
കല്‍പ്പാത്തി പുഴ കരകവിയുന്നതും വീടുകളില്‍ വെള്ളം കയറുന്നതും ഒഴിവാക്കാന്‍ പുഴഭിത്തി നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. എം.എല്‍.എ ഫണ്ട്, റിവര്‍ മാനേജ്—മെന്റ് ഫണ്ട് എന്നിവ ലഭ്യമാക്കി പ്രോജക്റ്റ് തയ്യാറാക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടു. ആലത്തൂരിലെ മലമല മുക്കില്‍ പഞ്ചായത്തും കൃഷിക്കാരും ചേര്‍ന്ന് നടത്തിയ തരിശ് ഭൂമിയിലെ കൃഷി പൂര്‍ണമായും വെള്ളം കയറി തകര്‍ന്നത് പരിഹരിക്കാന്‍  ഡ്രെയിനേജ് പ്രൊട്ടക്ഷന്‍ സ്—കീം പ്രയോജനപ്പെടുത്തും.  250 ഏക്കര്‍ നെല്‍കൃഷിയാണ് ഇതിലൂടെ സംരക്ഷിക്കാന്‍ കഴിയുക. കൃഷിമന്ത്രിയുമായി സംസാരിച്ച് ഇതിന് പരിഹാരം തേടും.
പുഴയില്‍ വീണ് മരിച്ച കാഞ്ഞിക്കുളം സ്വദേശി ശശികുമാര്‍, പുതുശ്ശേരിയിലെ സന്തോഷ് എന്നിവരുടെ കുടുംബങ്ങള്‍ക്കും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചയുടന്‍ ബാക്കി സാമ്പത്തിക സഹായം നല്‍കുമെന്ന് ജില്ലാ കളക്—ടര്‍ അറിയിച്ചു. ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ ഷൊര്‍ണ്ണൂര്‍ സ്വദേശി  ജയകുമാറിനെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് ഗൗരവമായി കാണണണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നും ജില്ലക്ക് രണ്ടുകോടി പത്തുലക്ഷത്തി അറുപത്തൊന്നായിരം രൂപ കിട്ടിയതായി ജില്ലാകളക്ടര്‍ അറിയിച്ചു. ഒരുകോടി എഴുപത്തഞ്ച് ലക്ഷം രൂപ ദുരന്ത നിവാരണത്തിന് വിതരണം ചെയ്തുകഴിഞ്ഞു.
രാവിലെ പാലക്കയത്ത് ഉരുള്‍പൊട്ടലുണ്ടായ പായപ്പുല്ലിലെ സന്ദര്‍ശനത്തോടെയാണ് മന്ത്രിയുടെ മഴക്കെടുതി പ്രദേശങ്ങളിലെ സന്ദര്‍ശനത്തിന് തുടക്കമായത്. കെ ഡി പ്രസേനന്‍ എംഎല്‍എ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരും അനുഗമിച്ചു. വടക്കഞ്ചേരി കിഴക്കഞ്ചേരിയില്‍ ഷോക്കേറ്റ് മരിച്ച അച്ഛന്റെയും മകന്റെയും കുടുംബത്തിന് ആവശ്യമായ സഹായം ലഭിക്കുന്ന തരത്തില്‍ ഇടപെടാന്‍ മന്ത്രി കെഎസ്ഇബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മരിച്ചവരുടെ വീട്ടിലും മന്ത്രി സന്ദര്‍ശനം നടത്തി.

RELATED STORIES

Share it
Top