കാലവര്‍ഷക്കെടുതി; രണ്ടു വീടുകള്‍ തകര്‍ന്നു

തലശ്ശേരി: നാലു ദിവസമായി പെയ്ത കനത്ത മഴയില്‍ വീട് തകര്‍ന്നു. സ്ത്രീകളും കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. മഠത്തുംഭാഗം നവജ്യോതി ക്ലബ്ബിന് സമീപം പുത്തലോംകുന്നത്ത് ലക്ഷ്മിയുടെ വീടാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഓടുമേഞ്ഞ അടുക്കള ഭാഗവും കോണ്‍ക്രീറ്റ് ചെയ്ത ചിമ്മിനിയും ഉഗ്രശബ്ദത്തോടെ നിലംപൊത്തി. വീട്ടിലുണ്ടായിരുന്നവര്‍ ശബ്ദംകേട്ട് നോക്കുമ്പോള്‍ അടുക്കളഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു.
ചിമ്മിനിയുടെ കോണ്‍ക്രീറ്റും മറ്റു അവശിഷ്ടങ്ങളും സമീപത്തെ പറമ്പില്‍ പതിച്ചു. അടുക്കളയുടെ സമീപത്തെ കുളിമുറിയുടെ ചുമരില്‍ വിള്ളല്‍ വീണു. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇരിട്ടി:  ഇന്നലെ ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് പൊട്ടിവീണ് വീട് തകര്‍ന്നു. കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അളപ്രയിലെ കരിയില്‍ രാജന്റെ വീടിനു മുകളിലാണ് സമീപത്തെ തെങ്ങ് വീണത്.
രാജന്റെ ഭാര്യ അനിത, മക്കളായ അഞ്ജന, അക്ഷയ്, അഞ്ജിത എന്നിവര്‍ ശബ്ദംകേട്ട് വീടിന്റെ പിറകുവശം വഴി ഇറങ്ങിയോടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
വീട് പൂര്‍ണമായും തകര്‍ന്നതോടെ ഇനിയെന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ഈ നിര്‍ധന കുടുംബം. സംഭവമറിഞ്ഞ് തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ വി പത്മാവതി, വാര്‍ഡ് മെംബര്‍ കെ കെ വിമല, സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയി കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. കുടുംബാംഗങ്ങളെ  വാടകവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

RELATED STORIES

Share it
Top