കാലവര്‍ഷക്കെടുതി: നഷ്ടപരിഹാര കണക്കെടുപ്പ് 30നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

ഇരിട്ടി: കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കൃഷിക്കും ഉണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തുന്നതിന് റവന്യൂ വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്തില്‍ സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശം നല്‍കി.
കണക്കെടുപ്പ് ഈ മാസം 30നകം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണം. ജൂണ്‍ 20 വരെ ജില്ലയില്‍ കാലവര്‍ഷക്കെടുതി മൂലമുണ്ടായ നാശനഷ്ടം കണക്കാക്കുന്നതിനായി വില്ലേജ് ഓഫിസര്‍മാരും ഗ്രാമപ്പഞ്ചായത്തിലെ ഓവര്‍സിയര്‍മാരും സംയുക്തമായി 27 വരെ നാശനഷ്ടങ്ങളുണ്ടായ വീടുകള്‍ സന്ദര്‍ശിക്കും. വീട്ടുകാര്‍ വിശദവിവരങ്ങള്‍ നല്‍കണമെന്നും സ്ഥലത്തില്ലാത്തവര്‍ വില്ലേജ് ഓഫിസറെയും ഓവര്‍സിയറെയും നേരില്‍ കണ്ട് വിവരങ്ങള്‍ നല്‍കണമെന്നും കലക്ടര്‍ അറിയിച്ചു. കാലവര്‍ഷത്തില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടം തിട്ടപ്പെടുത്താനുള്ള അധികാരം റവന്യൂ വകുപ്പില്‍നിന്ന് പഞ്ചായത്തിന് കൈമാറി നേരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം പഞ്ചായത്തുകളിലെ ഓവര്‍സിയര്‍ തസ്തികയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ സ്ഥലത്തെത്തി നഷ്ടം കണക്കാക്കി തുടര്‍നടപടിക്കായി റവന്യൂ വകുപ്പിന് സമര്‍പ്പിക്കണം. റവന്യൂ അധികൃതരും പരിശോധിച്ച ശേഷമാണ് നഷ്ടം കണക്കാക്കുക. ഇത് ഏറെ കാലതാമസം ഉണ്ടാക്കുമെന്ന പരാതിയെ തുടര്‍ന്നാണ് സംയുക്ത കണക്കെടുപ്പ് നടത്താന്‍ജില്ലാ കലക്ടര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. കാര്‍ഷിക വിളകള്‍ക്കുണ്ടായ നഷ്ടവും ഇതുപോലെ തിട്ടപ്പെടുത്തണം. നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ജില്ലയില്‍ കാലവര്‍ഷം തുടങ്ങിയ ശേഷം ആറുകോടിയോളം രൂപയുടെ നഷ്ടമാണ് ഇതുവരെ റവന്യൂ വകുപ്പ് പ്രഥമികമായി കണക്കാക്കിയത്.
പരിശോധന ഇനിയും പൂര്‍ത്തിയായിട്ടില്ല. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും പഞ്ചായത്തില്‍നിന്നും ലഭിക്കുന്ന റിപോര്‍ട്ടുകള്‍ താലൂക്ക് തലത്തില്‍ ക്രോഡീകരിച്ചാണ് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കുക. നേരത്തെ കാലവര്‍ഷത്തില്‍ വീടുകളും കെടിടങ്ങളും തകര്‍ന്നാല്‍ പൊതുജനങ്ങള്‍ വില്ലേജുകളില്‍ പരാതി നല്‍കുകയായിരുന്നു പതിവ്. പുതിയ ഉത്തരവ് പ്രകാരം പരാതി നല്‍കേണ്ടത് പഞ്ചായത്ത് ഓഫിസുകളിലാണ്. വില്ലേജില്‍ ലഭിക്കുന്ന പരാതികളും പഞ്ചായത്തില്‍ അയക്കും. പഞ്ചായത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഓവര്‍സിയര്‍മാര്‍ക്ക് ഏറെ തിരക്കുള്ളപ്പോഴാണ് നഷ്ടപരിഹാരം കണക്കാക്കാനുള്ള ചുമതലകൂടി അവരില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത്.ഇതാണ് കാലതാമസത്തിന് കാരണം. ഒരു പഞ്ചായത്തില്‍ തന്നെ ഒന്നിലധികം റവന്യൂ വില്ലേജുകളും ജീവനക്കാരും ഉള്ളതിനാല്‍ ഉടന്‍ സംഭവസ്ഥലത്തെത്തി നാശം വിലയിരുത്തി നഷ്ടപരിഹാര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയും.വീടുകളുടെ മേല്‍ക്കൂരയിലും മറ്റും മരം വീണാല്‍ ഉടന്‍ റവന്യൂ അധികൃതര്‍ എത്തുന്നതിനാല്‍ പ്രതിരോധ നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു.

RELATED STORIES

Share it
Top