കാലവര്‍ഷക്കെടുതി: നഷ്ടപരിഹാരം ഉടനെ വിതരണം ചെയ്യുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിക്കിരയായവര്‍ക്കുള്ള നഷ്ടപരിഹാരം ഉടനെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സി കെ ശശീന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുമ്പ് ദുരന്തങ്ങള്‍ ഉണ്ടായ ഘട്ടങ്ങളില്‍ നഷ്ടപരിഹാര തുക യഥാസമയം വിതരണം ചെയ്യാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നേരിടുന്നതിന് നാട്ടുകാരുടെ സിവില്‍ വോളന്റിയര്‍ സേന രൂപീകരിക്കും. ഇവര്‍ക്ക് ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കും. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് വിവിധ വകുപ്പുകള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. വയനാട് ജില്ലയില്‍ വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളില്‍ നല്ല ഭക്ഷണം ലഭ്യമാക്കുന്നതിനും ശുദ്ധമായ കുടിവെള്ളവും വൈദ്യുതിയും ഉറപ്പുവരുത്തുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. എല്ലാ ദിവസവും മെഡിക്കല്‍ ടീം ക്യാംപുകള്‍ സന്ദര്‍ശിച്ച് ആരോഗ്യപരിശോധന നടത്തണമെന്നും, പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top