കാലവര്‍ഷക്കെടുതി: കണ്ണൂരില്‍ കോടികളുടെ നഷ്ടം

കണ്ണൂര്‍: ജില്ലയില്‍ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ കോടികളുടെ നാശനഷ്ടം. ഏതാനും വീടുകള്‍ ഭാഗികമായി തകര്‍ന്നു. മലയോരത്ത് ഉള്‍പ്പെടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചു. കാര്‍ഷികനഷ്ടം ഇനിയും കൂടുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ മിക്ക വില്ലേജുകളെയും കാലവര്‍ഷം പ്രതികൂലമായി ബാധിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. ഇന്നലെ ഉച്ചയോടെ മഴയ്ക്ക് അല്‍പം ശമനമുണ്ടായെങ്കിലും നാശനഷ്ടങ്ങളുടെ കണക്ക് ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍. ഇരിക്കൂറിലെ മാപിനിയില്‍ ഇന്നലെ 73.0 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. തലശ്ശേരി-63.0 മില്ലി മീറ്റര്‍, കണ്ണൂര്‍-54.4 മില്ലി മീറ്റര്‍, തളിപ്പറമ്പ്-46.3 മില്ലി മീറ്റര്‍ എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തില്‍ ലഭിച്ച മഴയുടെ കണക്ക്.
കുന്നിടിച്ചില്‍
അപകടഭീഷണി
ഉയര്‍ത്തുന്നു
ഇരിട്ടി: മഴയില്‍ അയ്യപ്പന്‍കാവ് ഹാജി റോഡില്‍ കുന്നിടിഞ്ഞ് റോഡിലേക്ക് വീഴുന്നത് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി മണ്ണെടുത്തതാണ് മണ്ണിടിച്ചിലിനു കാരണം. എടൂര്‍-ആറളം-മണത്തണ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്.
സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കുന്നാണ് ഇടിയുന്നത്. മാക്കൂട്ടം ചുരം പാതയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ചതോടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോവുന്നുണ്ട്.

RELATED STORIES

Share it
Top