കാലവര്‍ഷക്കെടുതി; കക്കാ തൊഴിലാളികള്‍ പട്ടിണിയില്‍

മണ്ണഞ്ചേരി: വേമ്പനാട്ട് കായലിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ കക്കാവാരിയും അനുബന്ധ ജോലികളും ചെയ്ത് ഉപജീവനം കഴിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ പട്ടിണിയിലായി.
ശക്തമായ കാറ്റിലും കോളിലും കായലില്‍ പോയി കക്കാവാരുന്നതും മല്‍സ്യബന്ധനം നടത്തുന്നതും അസാധ്യമായതിനാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇവര്‍ക്ക് ജോലിക്ക് പോകാന്‍കഴിയുന്നില്ല. കായലോര മേഖലയില്‍ താമസിക്കുന്ന ഇവരുടെ വീടും കക്കാ പുഴുങ്ങുന്ന ഷെഡുംവെള്ളം കയറി കിടക്കുകയാണ്. കക്കാവാരലും മല്‍സ്യ ബന്ധനവും അല്ലാതെ മറ്റു തൊഴിലൊന്നും വശമില്ലാത്തതിനാല്‍ ഇവരുടെ വീടുകളില്‍ തീപുകഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടു.
കടലുപോലെ കായലും പ്രക്ഷുബ്ധമായതിനാല്‍ അധികൃതരുടെ വിലക്ക് ലംഘിച്ച് കായലിനോട് മല്ലിടാന്‍ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല. നിത്യവൃത്തിക്ക് വകയില്ലാതെജീവിതം വഴിമുട്ടിയ കക്കാമല്‍സ്യതൊഴിലാളികള്‍ക്ക് 50 കിലോ അരിയും രണ്ടായിരം രൂപയും ദുരിതാശ്വാസം നല്‍കണമെന്ന് സംയുക്ത കായല്‍ സംരക്ഷണ സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പ്രസിഡന്റ് വി പി ചിദംബരന്‍ അധ്യക്ഷത വഹിച്ചു. കെഎംപൂവ്, രാജേന്ദ്രന്‍, കൈലാസന്‍, ഷണ്‍മുഖന്‍, കലാധരന്‍, മോഹനന്‍, സിബി സംസാരിച്ചു.

RELATED STORIES

Share it
Top