കാലവര്‍ഷം ശക്തമായി; 3.88 കോടിയുടെ വിളനാശം

കാസര്‍കോട്്്: തെക്കുപടിഞ്ഞ ാറന്‍ കാലവര്‍ഷം ആരംഭിച്ച മെയ് 26 മുതല്‍ ജില്ലയില്‍ ഇതുവരെ 1758.71 മി.മീ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83.75 മി.മീ. മഴ ലഭിച്ചു. 247 വീടുകള്‍ തകര്‍ന്നു. 44 വീടുകള്‍ പൂര്‍ണ്ണമായും 203 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ഇക്കാലയളവില്‍ ജില്ലയില്‍ 63,47,511 രൂപയുടെ നാശനഷ്ടമുണ്ടായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 78,000 രൂപയുടെ നാശനഷ്ടമുണ്ടായി. മഴക്കെടുതിയില്‍ ഇതുവരെ 3,88,47,447 രൂപയുടെ വിളകള്‍ക്കും നാശനഷ്ടമുണ്ടായതായി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നറിയിച്ചു. അതേസമയം കാലവര്‍ഷത്തില്‍ ഇതിനകം ഏഴോളം പേരാണ് ജില്ലയില്‍ മരണപ്പെട്ടത്. നെല്ലിക്കട്ടക്കടുത്ത് റോഡരികിലെ കല്ലുവെട്ട് കുഴിയില്‍ വീണ് എട്ടാംതരം വിദ്യാര്‍ഥി മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വെള്ളിക്കോത്ത് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടയില്‍ തോട്ടില്‍ വീണും മറ്റൊരാള്‍ പുല്ലരിയാന്‍ പോയപ്പോള്‍ വെള്ളക്കെട്ടില്‍ വീണുമാണ് മരിച്ചത്. കന്നികുളങ്ങര തോട്ടില്‍ വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടയില്‍ വെള്ളിക്കോത്ത് പടിഞ്ഞാറെകരയിലെ കെ വി വേണുഗോപാല്‍ (54) ആണ് മുങ്ങിമരിച്ചത്. വലയെറിയുന്നതിനിടയില്‍ കാല്‍ തെറ്റി വീഴുകയായിരുന്നു. 15 വര്‍ഷത്തോളം ബഹ്‌റയിനിലായിരുന്നു.
വെള്ളിക്കോത്തിന് സമീപത്തെ പെരളം അങ്കണവാടിക്ക് സമീപത്തെ വെള്ളച്ചിയാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. വയലില്‍ പുല്ലരിയാന്‍ പോയപ്പോള്‍ വെള്ളക്കെട്ടില്‍ വീണാണ് അപകടം. കഴിഞ്ഞ ദിവസം. എരിയാല്‍ ബള്ളീരിലെ വയലിന് നടുവിലുള്ള ആള്‍മറിയില്ലാത്ത കിണറ്റില്‍വീണ് ഒന്നരവയസുകാരി മരണപ്പെട്ടിരുന്നു. നെല്ലിക്കട്ടയിലെ അഹമ്മദ്-നസീമ ദമ്പതികളുടെ മകള്‍ ആയിഷത്ത് ഷംനാസാണ് മരിച്ചത്.
വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ അബദ്ധത്തില്‍ മാതാവിന്റെ ഒക്കത്ത് നിന്നും കിണറ്റില്‍വീഴുകയായിരുന്നു. മഞ്ചേശ്വരത്തും ഒരാള്‍ നേരത്തെ മരണപ്പെട്ടിരുന്നു. കടല്‍ ക്ഷോഭത്തില്‍ വ്യാപകമായ നാശനഷ്ടമാണ് ജില്ലയില്‍ റിപോര്‍ട്ട് ചെയ്തത്. ഉപ്പള അദീക്ക, കുമ്പള കോയിപ്പാടി, മൊഗ്രാല്‍നാങ്കി, കാസര്‍കോട് ചേരങ്കൈ, നീലേശ്വരം കോട്ടപ്പുറം തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണത്തില്‍ വ്യാപകമായ നാശം നേരിട്ടത്.

RELATED STORIES

Share it
Top