കാലവര്‍ഷം ശക്തം; കുടിവെള്ളം കിട്ടാതെ ട്രൈബല്‍ കോളനി

പാലക്കാട്: കാലവര്‍ഷം തിമിര്‍ത്തുപെയ്യുമ്പോഴും സംസ്ഥാനത്ത് അഞ്ച് ഡാമുകളുള്ള ഏക പഞ്ചായത്തില്‍ കുടിക്കാന്‍ ശുദ്ധജലമില്ല. അതിര്‍ത്തി ഗ്രാമമായ മുതലമടയിലാണ് ഈ ദുരവസ്ഥ. കരടിക്കുന്ന് ട്രൈബല്‍ കോളനിയിലെ 20 ഓളം കുടുംബങ്ങളാണ് അനിയന്ത്രിത മാലിന്യ നിക്ഷേപത്തെയും ഇഷ്ടിക ചൂളകളുടെ അമിത ജലചൂഷണത്തെയും തുടര്‍ന്ന് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നത്. 2002 ലാണ് ജലനിധിയുടെ കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. പൊതു കിണറിനെ ആശ്രയിച്ചുള്ളതാണ് പദ്ധതി.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ കിണറിലേക്ക് ഒഴുകിയെത്തുന്നതിനാല്‍ വെള്ളത്തിന് നിറമാറ്റവും രുചിവ്യത്യാസവും അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ വെള്ളമാണ് കോളനിക്കാര്‍ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും മറ്റുമായി ഉപയോഗിക്കുന്നത്.
ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ജല അതോറിറ്റി തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.
കരടിക്കുന്ന് പ്രദേശത്തെ പാപ്പാത്തിയെന്ന രങ്കനായികിയുടെ തോട്ടത്തിലാണ് രാത്രികാലങ്ങളില്‍ കണ്ടെയ്‌നറുകളിലെത്തുന്ന മാലിന്യം നിക്ഷേപിക്കുന്നത്. കൊച്ചി, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലെ ആശുപത്രി മാലിന്യവും അറവ് ഇലക്ട്രിക്കല്‍ മാലിന്യവും ഇതില്‍ ഉള്‍പ്പെടുന്നു.

RELATED STORIES

Share it
Top