കാലവര്‍ഷം ശക്തം; അണക്കെട്ടുകള്‍ ജലസമൃദ്ധം

മലമ്പുഴ: കഴിഞ്ഞ അഞ്ച് ദിവസം ജില്ലയില്‍ ശക്തമായ മഴലഭിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പുയര്‍ന്നു. ഇത്തവണ വേനല്‍മഴയും കാര്യമായി ലഭിച്ചിരുന്നു. ജില്ലയിലെ പ്രധാനജലസ്രോതസ്സായ മലമ്പുഴ അണക്കെട്ടിലാണ് ഏറ്റവുമധികം നീരൊഴുക്ക് കൂടിയതു കാരണം ജലനിരപ്പുയര്‍ന്നിട്ടുള്ളത്.35.15 ദശലക്ഷം ഘനമീറ്ററില്‍ നിന്നും ഇന്നലെ 49.12 ദശലക്ഷം ഘനമീറ്ററായി മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നാലുദിവസം പെയ്ത മഴയിലൂടെ മാത്രം 13.97 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് മലമ്പുഴ അണക്കെട്ടിലേക്കൊഴുകിയെത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ഇതേസമയത്ത് 17.84 ദശലക്ഷം ഘനമീറ്ററായിരുന്നു മലമ്പുഴയിലെ ജലനിരപ്പ്. 226 ദശലക്ഷം ഘനമീറ്ററാണ് മലമ്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. മലമ്പുഴ അണക്കെട്ടിനുപുറമെ ജില്ലയിലെ മറ്റു അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നുട്ടുണ്ട്. കിഴക്കന്‍ മേഖലയിലെ പ്രധാന ജലസ്രോതസ്സായ ചുള്ളിയാര്‍ അണക്കെട്ടില്‍ കഴിഞ്ഞ നാലുദിവസത്തിനിടെ 0.45 ദശലക്ഷം ഘനമീറ്റര്‍ വെള്ളം കൂടുതലായി ലഭിച്ചതോടെ 1.37 ദശലക്ഷം ഘനമീറ്ററായി നിലവിലെ ജലനിരപ്പ്.1 3.70 ദശലക്ഷം ഘനമീറ്ററാണ് ചുള്ളിയാര്‍ അണക്കെട്ടിന്റെ ആകെ സംഭരണശേഷി. 11.33 ദശലക്ഷം ഘനമീറ്റര്‍ പരമാവധി സംഭരണശേഷിയുളള മീങ്കര അണക്കെട്ടില്‍ 5.99ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണുളളത്. 50.91 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുളള പോത്തുണ്ടി അണക്കെട്ടില്‍ 6.79 ദശലക്ഷം ഘനമീറ്റര്‍ വെള്ളമുണ്ട്. സംസ്ഥാനാതിര്‍ത്തിയില്‍ കാര്യമായി മഴപെയ്യാത്തതിനാല്‍ വാളയാര്‍ അണക്കെട്ടില്‍ മാത്രം ജലവിതാനം കൂടിയിട്ടില്ല. കാലാവസ്ഥനീരിക്ഷണകേന്ദ്രത്തിന്റെ ജൂണ്‍ 1 മുതല്‍ 11 വരെയുളള കണക്കാനുസരിച്ച് 65 മില്ലിമീറ്റര്‍ മഴലഭിച്ച പറമ്പികുളമാണ് ഒന്നാം സ്ഥാനത്ത്. 24.7 മില്ലി മീറ്റര്‍ ലഭിച്ച പട്ടാമ്പിയാണ് പിന്നിലുള്ളത്. മണ്ണാര്‍ക്കാട് 34.7 മില്ലി മീറ്ററും ഒറ്റപ്പാലം 37.6, തൃത്താല 34.21, ആലത്തൂര്‍ 34, ചിറ്റൂര്‍ 32, കൊല്ലങ്കോട് 28.4 മില്ലി മീറ്റര്‍ മഴയാണ് യഥാക്രമം ലഭിച്ചിട്ടുളളത്.

RELATED STORIES

Share it
Top