കാലവര്‍ഷം: വിനോദസഞ്ചാര മേഖലയ്ക്ക് കോടികളുടെ നഷ്ടം

കൊച്ചി: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാന ടൂറിസം മേഖലയ്ക്ക് കോടികളുടെ നഷ്ടം. മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം അമ്പതു ശതമാനം കുറഞ്ഞതോടെ വരുമാനയിനത്തില്‍ കോടികളുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടായത്. രാജ്യാന്തര-ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ പോയ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം 10,91,870 വിദേശ ടൂറിസ്റ്റുകളും 1,46,73,520 ആഭ്യന്തര ടൂറിസ്റ്റുകളുമാണ് കേരളത്തിലെത്തിയത്. ഇക്കുറി ഇതിന്റെ പാതി പോലും സംസ്ഥാനത്തേക്ക് എത്തിയില്ലെന്ന് വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ടൂറിസം മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്ന ആലപ്പുഴയിലാണ് കാലവര്‍ഷം ഏറെ നാശം വിതച്ചത്. രാജ്യാന്തര ടൂറിസ്റ്റുകളില്‍ ഏറിയപങ്കും കേരളത്തിലെത്തുമ്പോള്‍ ആലപ്പുഴ കാണാതെ മടങ്ങാറില്ല. കാലവര്‍ഷം ആലപ്പുഴയെ മുക്കിയത് സംസ്ഥാന ടൂറിസം മേഖലയെ മൊത്തത്തില്‍ ബാധിക്കുകയും ചെയ്തു.
നിപാ വൈറസ് ഭീതിയില്‍ തടഞ്ഞുനിന്ന വിനോദസഞ്ചാര മേഖല പ്രതീക്ഷ വച്ചത് മണ്‍സൂണ്‍ ടൂറിസത്തിലായിരുന്നു. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നിപാ വൈറസ് ഭീഷണിയിലും കോടികളുടെ നഷ്ടം വിനോദസഞ്ചാര മേഖലയ്ക്കുണ്ടായി. വൈറസ് ബാധയെക്കുറിച്ച് നിറം പിടിച്ച കഥകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ മാസങ്ങള്‍ക്കു മുമ്പ് ബുക്ക് ചെയ്ത ടൂറിസ്റ്റുകള്‍ പോലും പിന്മാറി. നിപാ ഏല്‍പിച്ച ആഘാതം മറികടക്കാന്‍ മണ്‍സൂണ്‍ ടൂറിസം മുന്നില്‍ക്കണ്ട് റിസോര്‍ട്ടുകളും ഹോം സ്റ്റേകളും മാസങ്ങള്‍ക്കു മുമ്പ് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അപ്രതീക്ഷിതമായി കാലവര്‍ഷം പ്രതീക്ഷിച്ചതിലും ശക്തി പ്രാപിച്ചതോടെ തയ്യാറെടുപ്പുകള്‍ വിഫലമായി.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ആലപ്പുഴ, കുമരകം, തേക്കടി എന്നിവിടങ്ങളില്‍ ബുക്കിങ് കുറവായിരുന്നു. മണ്‍സൂണ്‍ ടൂറിസത്തിനായി കൊച്ചിയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ ഫോര്‍ട്ട് കൊച്ചി സന്ദര്‍ശിച്ച് മൂന്നാര്‍, കുമളി, തേക്കടി, ആലപ്പുഴ ഭാഗങ്ങളിലേക്കു പോകാറാണ് പതിവ്. വെള്ളപ്പൊക്കം രൂക്ഷമായതോടെ കൊച്ചിയില്‍ എത്തിയ വിനോദസഞ്ചാരികള്‍ മൂന്നാറിലേക്കു മാത്രമായി യാത്ര ഒതുക്കി. മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി ടൂര്‍ ഓപറേറ്റര്‍മാര്‍ പ്രഖ്യാപിച്ച പല പാക്കേജുകളും റദ്ദാക്കാനും നിര്‍ബന്ധിതരായി. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ ഏറെയും വരുന്നത് ഹൗസ്‌ബോട്ടുകള്‍ വഴിയാണ്. 1500ഓളം ഹൗസ്‌ബോട്ടുകളാണ് ഇവിടെ വിനോദസഞ്ചാര മേഖലയിലുള്ളത്.
അതേസമയം, മഴ മാറിക്കഴിഞ്ഞാല്‍ ആഗസ്ത് മുതല്‍ വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വാകുമെന്ന പ്രതീക്ഷയുമുണ്ട്. മൂന്നാറിലെ നീലക്കുറിഞ്ഞിയിലാണ് ഇനി വിനോദസഞ്ചാര മേഖലയുടെ പ്രതീക്ഷകള്‍. ഇതിനു മുമ്പ് 2006ല്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍ മൂന്നു ലക്ഷത്തോളം പേരാണ് മൂന്നു മാസത്തിനിടെ മൂന്നാറിലെത്തിയത്. ഇക്കുറി മൂന്നാറില്‍ 15 ലക്ഷം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.

RELATED STORIES

Share it
Top