കാലവര്‍ഷം: രണ്ടാഴ്ചയ്ക്കിടെ 4.05 കോടിയുടെ നഷ്ടം

പാലക്കാട്: മെയ് 30 മുതല്‍ ജൂണ്‍ 15 വരെ മാത്രം കാലവര്‍ഷക്കെടുതിയില്‍ ജില്ലയ്ക്ക് നഷ്ടം 4.05കോടി. മണ്ണാര്‍ക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം താലൂക്കുകളിലാണ് കൂടുതല്‍ നാശ നഷ്ടമുണ്ടായിരിക്കുന്നത്. ഏഴ് വീടുകള്‍ പൂര്‍ണമായും 92 എണ്ണം ഭാഗിഗമായും തകര്‍ന്നു. 36.70ലക്ഷം നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റവന്യുവകുപ്പിന്റെ കണക്ക്. ജൂണ്‍ 12 ന് കല്‍പ്പാത്തിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ജയകുമാര്‍ (29) എന്നയാളെ കാണാതായി. മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. നേവിയുടെ സഹായത്താല്‍ തിരച്ചില്‍ നടത്തിവരുന്നുണ്ട്. ജൂണ്‍ 15ന് മണ്ണാര്‍ക്കാട് താലൂക്കില്‍ പാലക്കയം വില്ലേജില്‍ വളളോത്ത് വീട്ടില്‍ നാരായണന്‍കുട്ടി മേനോന്റെ മകന്‍ ശശി(69) പാലക്കയം പുഴയില്‍ രാത്രി എട്ടിന് കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞു. മൊത്തം കൃഷി നാശം 2.30 കോടി. പൊതുമരാമത്ത് വകുപ്പ് (റോഡുകള്‍) മായി ബന്ധപ്പെട്ട നാശനഷ്ടം 1.39 കോടി.അട്ടപ്പാടി ചുരം റോഡില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും മണ്ണിടിഞ്ഞ് റോഡിലേക്ക് വീണുകൊണ്ടിരിക്കുന്നത് നീക്കം ചെയ്തു വരുന്നുണ്ട്.  മറിഞ്ഞ് വീഴുന്ന മരങ്ങള്‍ ഫയര്‍ഫോഴ്‌സ്, പോലിസ് എന്നിവരുടെ സഹായത്തോടെ മുറിച്ച് മാറ്റുന്ന പ്രവൃത്തി നടന്നുവരുന്നു. ആലത്തൂര്‍ താലൂക്ക് മംഗലം ഡാം വില്ലേജിലെ തളിക്കല്ല് ആദിവാസി കോളനിയിലെ 56 ആദിവാസി കുടുംബങ്ങള്‍ക്ക് തിപ്പലിത്തോട്ടില്‍ വെള്ളം കയറി പുറത്ത് പോകുവാന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ സൗജന്യ റേഷന്‍ ഒരു മാസത്തേക്ക് കൊടുക്കുവാന്‍ നിര്‍ദേശം നല്‍കി. കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ റോഡ് തകര്‍ന്ന് 1.39 കോടിയുടെ നാശ നഷ്ടമുണ്ടായി. കേടുപാടുകള്‍ പുനര്‍ നിര്‍മിക്കുന്നതിന് 1.39 കോടി ചെലവാകുമെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനിയര്‍ അറിയിച്ചു. 1624 കര്‍ഷകരുടേതായി 2.30 കോടിയുടെ കൃഷി നാശം കണക്കാക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും തഹസില്‍ദാര്‍മാര്‍ക്ക് 55,50,000  രൂപ വിതരണം ചെയ്തിട്ടുണ്ട്. മതില്‍ ഇടിഞ്ഞ് വീട് തകര്‍ച്ചാ ഭീഷണിയില്‍ ആനക്കര: തൃത്താല പഞ്ചായത്തില്‍ പനമ്പറ്റ കോളനിയില്‍ പെരുമ്പിലാവില്‍ താമിക്കുട്ടിയുടെ വീടിന്റെ മതില്‍ ശക്തമായ മഴയില്‍ തകര്‍ന്ന് വീണു. മതില്‍ തകര്‍ന്ന് മണ്ണിടിഞ്ഞതിനാല്‍ വീട് തകര്‍ച്ചാ ഭീഷണിയിലാണ്. വീടിന് വലിയ വിള്ളലും വന്നിട്ടുണ്ട്. തൃത്താല വില്ലേജ് ഓഫിസര്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദീപ സ്ഥലം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top