കാലവര്‍ഷം; മലമ്പുഴയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ്

മലമ്പുഴ: ജില്ലയില്‍ കാലവര്‍ഷം കനത്തതോടെ കേരളത്തിന്റെ ഉദ്യാന റാണിയായ മലമ്പുഴയിലേക്ക് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. അവധിക്കാലമായ മെയ് മാസത്തില്‍ വേനല്‍മഴ കനത്തതും ഈ സീസണില്‍ ഉദ്യാനത്തിന്റെ നിറം കെടുത്തിയിരുന്നു. ഇതിനു പിന്നാലെ ജൂണ്‍ ആദ്യത്തില്‍ കാലവര്‍ഷം തുടങ്ങിയതും തുടര്‍ച്ചയായ മഴ പെയ്തതാണ് ഉദ്യാനത്തിലേക്ക് സഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമായി.
ഏപ്രില്‍ മാസത്തില്‍ കാര്യമായ തിരക്കുണ്ടായിരുന്നെങ്കിലും മെയ് പകുതിയോടെ തിരക്കു ഗണ്യമായി കുറഞ്ഞെന്ന് അധികൃതര്‍ പറയുന്നു. ജൂണ്‍ - ജൂലൈ മാസങ്ങള്‍ കളക്ഷന്‍ കുറവായിരുന്നു.
എന്നാല്‍ ഇതുവരെ മുന്‍ വര്‍ഷത്തേക്കാള്‍ ഗണ്യമായ കുറവാണ് വരുമാനത്തിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം പെരുന്നാളിനോടനുബന്ധിച്ചായിരുന്നു മെച്ചപ്പെട്ട കളക്ഷന്‍ ലഭിച്ചത്. ജൂണ്‍ 15 ന് 182430 രൂപയും 16 ന് 373565 രൂപയുമാണ് വരുമാനമായി ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ 23 ന് 83600 രൂപയും 24 ന് 164040 രൂപയുംമാണ് കളക്ഷന്‍. ശനി ഞായര്‍ ദിവസങ്ങളെ കൂടാതെ പൊതു അവധി ദിവസങ്ങളിലാണ് മറ്റു ദിവസങ്ങളേക്കാള്‍ തിരക്കനുഭവപ്പെടുന്നത്. 25 ന് തിങ്കളാഴ്ചയാകട്ടെ 34336 രൂപയാണ് വരുമാനമായി ലഭിച്ചത്.
മലമ്പുഴ ഉദ്യാനത്തിലേക്ക് അയല്‍ ജില്ലകളില്‍ നിന്നും മാത്രമല്ല അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും നിരവധി വിനോദസഞ്ചാരികളും പഠനയാത്ര സംബന്ധിച്ച് വിദ്യാര്‍ത്ഥികളുമാണ് എത്തുന്നത്. അവധി ദിനങ്ങളില്‍ മഴ പെയ്യുന്നതാണ് ഉദ്യാനത്തിലേക്ക് വിനോദ സഞ്ചാരികള്‍ വരാന്‍ മടിക്കുന്നതിന് കാരണം. കഴിഞ്ഞ വര്‍ഷത്തെ ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഇത്തവണ ജൂണ്‍ മാസം മഴ കൂടിയതാണ് സഞ്ചാരികളുടെ വരവു കുറയാന്‍ കാരണമായത്.
സാധാരണ ഗതിയില്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ 45000 രൂപയില്‍ താഴെയായിരിക്കും വരുമാനമെന്നിരിക്കെ ഇത്തവണ അതിലും കുറവ് വന്നതാണ് അധികൃതരെ ആശങ്കയിലാഴ്ത്തുന്നത്.
ഇടവേളക്ക് ശേഷം മഴ വീണ്ടും കനത്തതോടെ തുടര്‍ന്നുള്ള നാളുകളിലും മഴ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഉദ്യാനത്തിലേക്കെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകും. വിനോദ സഞ്ചാരികളെ സംബന്ധിച്ച് കാലാവസ്ഥാ വ്യതിയാനം ഒരു ഘടകം തന്നെയാണെന്നിരിക്കെ ഇത് ബാധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ്.
അണക്കെട്ടില്‍ വെള്ളം നിറയുന്നതും അണക്കെട്ടു തുറന്നു വിടുന്നതും കാണാന്‍ മഴക്കാലത്തും ധാരാളം പേര്‍ എത്തുമെന്നിരിക്കെ ഇത്തവണ അതും ഗണ്യമായി കുറയുമെന്നാണ് കരുതുന്നത്. അത്ഭുതങ്ങള്‍ കൊണ്ട് ഉദ്യാന റാണി അഴകുവിടര്‍ത്തുമ്പോഴും കാലവര്‍ഷം കനത്തത് ഉദ്യാനറാണിയുടെ നിറം കെടുത്തിയിരിക്കുകയാണ് ഒപ്പം വരുമാനവും.

RELATED STORIES

Share it
Top