കാലവര്‍ഷം: നഷ്ടപരിഹാര വിതരണത്തിന് കാലതാമസം ഉണ്ടാവരുത്ജാഗ്രത പാലിക്കാന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ വിലയിരുത്തി നഷ്ടപരിഹാര തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ജില്ലാ കലക്ടര്‍മാരുമായി കാലവര്‍ഷക്കെടുതികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം. ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാനമാണ്. ജില്ലാ കലക്ടര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
വെള്ളപ്പൊക്കം ഉണ്ടാവുന്ന ചില സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കേണ്ടി വരും. അതിനാവശ്യമായ നടപടി സ്വീകരിക്കണം. പകര്‍ച്ചവ്യാധികള്‍ക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിക്കണം. അടിയന്തര സാഹചര്യം നേരിടുന്നതിന് ആശുപത്രികള്‍ സജ്ജമായിരിക്കണം. ദുരിതാശ്വാസ ക്യാംപുകളില്‍ അസുഖമുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. എറണാകുളം ജില്ലയില്‍ 12 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 284 കുടുംബങ്ങളിലെ 1007 പേരാണ് ക്യാംപുകളിലുള്ളത്. ആലപ്പുഴ ജില്ലയില്‍ അഞ്ചു താലൂക്കുകളില്‍ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ആലപ്പുഴയുടെ തീരമേഖലയിലും കടലാക്രമണമുണ്ട്. ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളം പമ്പ് ചെയ്തു മാറ്റുന്നതിനുള്ള ഹെവി പമ്പുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്നു പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി.
തൃശൂരില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. ഇവിടെ അഞ്ചു ക്യാംപുകളിലായി 146 പേര്‍ കഴിയുന്നു. 49 വീടുകള്‍ ഭാഗികമായും രണ്ടെണ്ണം പൂര്‍ണമായും തകര്‍ന്നു. കൊല്ലം ജില്ലയില്‍ 32 വീടുകള്‍ ഭാഗികമായും മൂന്നു വീടുകള്‍ പൂര്‍ണമായും നശിച്ചു. കൊറ്റങ്കരയിലും ഓച്ചിറയിലും രണ്ടു ക്യാംപുകളിലായി 79 പേരെ താമസിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് കടലാക്രമണത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നു.
കണ്ണൂരില്‍ കനത്ത കാറ്റിനെ തുടര്‍ന്ന് 20 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പാലക്കാട് പുഴയുടെ തീരങ്ങളിലുള്ള വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. അകത്തേത്തറയില്‍ ആരംഭിച്ച ക്യാംപില്‍ 50 പേരുണ്ട്.  നെല്ലിയാമ്പതിയില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ ഇവിടെയും ക്യാംപ് തുറന്നിട്ടുണ്ട്. മംഗലം ഡാമില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഏഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് ജില്ലയിലെ രണ്ടു ക്യാംപുകളിലായി 128 പേര്‍ കഴിയുന്നു. വയനാട്ടില്‍ 23 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ രണ്ടു ഡാമുകള്‍ തുറന്നു. കൃഷിയും റോഡുകളും മഴയെ തുടര്‍ന്ന് നശിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നാലു ക്യാംപുകളില്‍ 33 കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ തുറക്കേണ്ട സ്ഥിതിയില്ലെന്നു കലക്ടര്‍ അറിയിച്ചു. പത്തനംതിട്ട തിരുവല്ലയില്‍ 18 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നു.
മല്ലപ്പള്ളിയില്‍ മൂന്നു ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. 198 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 21 ക്യാംപുകളിലായി 218 കുടുംബങ്ങള്‍ കഴിയുന്നു. 35 ലക്ഷം രൂപയുടെ നഷ്ടം രണ്ടു ദിവസത്തെ മഴയില്‍ ഉണ്ടായിട്ടുണ്ട്. കോട്ടയത്ത് 27 ക്യാംപുകളില്‍ 794 പേര്‍ കഴിയുന്നു. രണ്ടു സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. 138 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 33.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നാലു വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും നശിച്ചിട്ടുണ്ട്.  അതേസമയം,  രൂക്ഷമായ കാലവര്‍ഷം സംസ്ഥാനത്ത് പരക്കെ ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മഴക്കെടുതി മൂലം കേരളത്തിലെ ജനങ്ങളൊന്നാകെ ദുരിതത്തിലാണ്ടിരിക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗരൂകരായിരിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍. അതോടൊപ്പം കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും വി എസ് ആവശ്യപ്പെട്ടു. കോട്ടയത്ത് ഉരുള്‍പൊട്ടലും കാലവര്‍ഷക്കെടുതിയും അനുഭവിക്കുന്ന മേഖലകളില്‍ അടിയന്തര സഹായമെത്തിക്കാന്‍ മന്ത്രി കെ രാജു ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.  തലനാട് ചോനമലയിലും ഇളംകാടിലും ഇന്ന് ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മന്ത്രി വിലയിരുത്തി.

RELATED STORIES

Share it
Top