കാലവര്‍ഷം: കെഎസ്ആര്‍ടിസി വരുമാനത്തില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ച കാലവര്‍ഷക്കെടുതി കെഎസ്ആര്‍ടിസിയെയും ബാധിച്ചു. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ സര്‍വത്ര പരിഷ്‌കാര നടപടികളുമായി മുന്നോട്ടുപോവുന്നതിനിടെയാണ് കനത്ത മഴ വരുമാനത്തെ സാരമായി ബാധിച്ചത്. മഴ കാരണം സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതുമൂലം വരുമാനത്തില്‍ വലിയ കുറവാണ് ഉണ്ടായത്.
കഴിഞ്ഞ മെയിലെ ആദ്യ18 ദിവസങ്ങളില്‍ 200 കോടി കടന്നെങ്കില്‍ കാലവര്‍ഷം കനത്ത ഈ മാസം ഇതുവരെ ലഭിച്ചത് 115 കോടി മാത്രം. മലയോര മേഖലകളിലേക്കും ചുരങ്ങള്‍ താണ്ടി പോവേണ്ട ഇതര സംസ്ഥാന റൂട്ടുകളിലേക്കുമുള്ള സര്‍വീസുകള്‍ മഴ കാരണം റദ്ദാക്കിയിരുന്നു. കോര്‍പറേഷന് മികച്ച വരുമാനം ലഭിക്കുന്ന ബംഗളൂരു, മൈസൂരു റൂട്ടുകള്‍ ഉള്‍പ്പെടെ ഇതിലുണ്ട്. അതേസമയം, കഴിഞ്ഞ മാസം മുതല്‍ വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധന ഉണ്ടായിട്ടില്ല. അധ്യയന വര്‍ഷം തുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ കണ്‍സഷന്‍ വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങിയതും വരുമാനത്തെ ബാധിച്ചെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.
ജനുവരിയില്‍ ആദ്യ 18 ദിവസത്തെ വരുമാനം 179 കോടിയായിരുന്നു. ഫെബ്രുവരിയില്‍ 175 കോടി. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ പുരോഗതിയുണ്ടായി. യഥാക്രമം 193, 194, 207 കോടി. ജൂണില്‍ 189 കോടിയായി കുറഞ്ഞു. ഡ്യൂട്ടി, റൂട്ട് പരിഷ്‌കരണം ഉള്‍പ്പെടെ നടത്തി വരുമാനം മെച്ചപ്പെടുത്താനുള്ള ശ്രമം എംഡി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. അതിനിടെ, വരുമാനത്തിലുണ്ടായ കുറവ് മാനേജ്മെ ന്റിനെ ആശങ്കപ്പെടുത്തുന്നു. എംഡി സ്വീകരിക്കുന്ന ചില നടപടികളില്‍ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധത്തിലാണ്.

RELATED STORIES

Share it
Top