കാലവര്‍ഷം കനത്തു; പലയിടത്തും നാശം

കണ്ണൂര്‍: കാലവര്‍ഷം കനത്തതോടെ കാറ്റിലും മഴയിലും ജില്ലയില്‍ പലയിടത്തും നാശനഷ്ടം. പാനൂര്‍ പാത്തിപ്പാലം സുരേന്ദ്ര റോഡിലെ പാറയുള്ള പറമ്പത്ത് നെരോത്ത് പവിയുടെ വീടിനു മുകളില്‍ തെങ്ങ് വീണു. ഞാലിയും നിരവധി ഓടുകളും തകര്‍ന്നു. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇടിമിന്നലില്‍ കതിരൂര്‍ വേറ്റുമ്മലിലെ ആസിയ മന്‍സിലിനു കേടുപാട് പറ്റി. വൈദ്യുതി ഉപകരണങ്ങളും മെയിന്‍ സ്വിച്ചും മീറ്ററും വയറിങും കത്തിനശിച്ചു. ഈ സമയം മുറിയില്‍ ആരുമില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി.
ഉളിയില്‍-പടിക്കച്ചാല്‍ റോഡിലെ അമേരി മൂസയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് നാശനഷ്ടമുണ്ടായി. ഇന്നലെ വൈകീട്ട് നാലോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തെങ്ങ് കടപുഴകിയത്.
മേല്‍ക്കുരയുടെ ഒരു ഭാഗം തകര്‍ന്നു. വീട്ടിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ ഇ കെ മറിയം സ്ഥലം സന്ദര്‍ശിച്ചു.
ഇരിക്കൂറിലും പരിസരപ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. പല സ്ഥലങ്ങളിലും കൃഷി നശിച്ചു. ഇരിക്കൂര്‍ പോസ്റ്റാഫിസിനടുത്ത മുഹ്‌യദ്ദീന്‍ ജുമാമസ്ജിദിന്റെ മുന്നിലെ പള്ളിക്കുളത്തിന്റെ ഭിത്തി തകര്‍ന്നു. പട്ടീല്‍ മേഖലയില്‍ നിന്നു ശക്തിയോടെയെത്തിയ മഴവെള്ളം കെട്ടി നിന്നാണ് ഭിത്തി തകര്‍ന്നത്. അഞ്ച് മീറ്ററോളം നീളത്തിലുള്ള ചെങ്കല്‍ ഭിത്തിയാണ് തകര്‍ന്നത്. ഭിത്തി തകര്‍ന്നതോടെ സമീപത്തെ ശൗചാലയം അപകട ഭീഷണിയിലാണ്. കുളത്തില്‍ ചളിവെള്ളവും നിറഞ്ഞിട്ടുണ്ട്. കോളോട് റോഡരികിലെ ടി കബീറിന്റെ വാഴത്തോട്ടത്തിലെ 25 നേന്ത്ര വാഴകള്‍ കാറ്റില്‍ നിലംപൊത്തി.
കുലച്ചതും കുലക്കാറായതുമായ നേന്ത്രവാഴകളാണ് നശിച്ചത്. കാറ്റില്‍ പട്ടീല്‍, കോളോട്, നിടുവള്ളര്‍, ചേടിച്ചേരി എന്നിവിടങ്ങളില്‍ മരങ്ങള്‍ വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണതിനാല്‍ ഇരിക്കൂര്‍ വൈദ്യുതി സെക്്ഷനു കീഴിലുള്ള പ്രദേശങ്ങളില്‍ വൈദ്യുതി നിലച്ചു.
ഇരിക്കൂര്‍, പടിയൂര്‍, കൂടാളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ കൃഷി നാശമുണ്ടായി. ഓവുചാലുകള്‍ നിറഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകുന്നത് രോഗഭീതി പരത്തുന്നുണ്ട്.
പുനരുദ്ധാരണം നടക്കുന്ന തിരുര്‍-ബ്ലാത്തൂര്‍-ഇരിക്കൂര്‍ റോഡില്‍ പല ഭാഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്.

RELATED STORIES

Share it
Top