കാലവര്‍ഷം: കണ്ണൂരില്‍ 16.25 കോടിയുടെ കൃഷിനാശം

കണ്ണൂര്‍: കനത്ത കാലവര്‍ഷത്തില്‍ ഇതുവരെയുള്ള കണക്കുപ്രകാരം ജില്ലയില്‍ 16.25 കോടി രൂപയുടെ കൃഷിനാശം. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കൃഷി ഓഫിസര്‍ മറിയം ജേക്കബ് അറിയിച്ചതാണ് ഇക്കാര്യം. 4096 കര്‍ഷകര്‍ക്കായി 248 ഹെക്റ്ററിലാണ് കൃഷിനാശം സംഭവിച്ചത്.
വിശദമായ റിപോര്‍ട്ട് നല്‍കുന്നതിന് കൃഷി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അവര്‍ വ്യക്തമാക്കി. ജില്ലയില്‍ പ്രവൃത്തി തടസ്സപ്പെട്ടുകിടക്കുന്ന വിവിധ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പയ്യാവൂര്‍, രാമന്തളി പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതി, പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പൊക്കുണ്ട്-കൂനം കളത്തൂര്‍-കണ്ണാടിപ്പാറ-നടുവില്‍ റോഡ് എന്നിവ പൂര്‍ത്തിയാക്കാനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണം. പ്രവൃത്തികളില്‍ അനാസ്ഥ കാണിക്കുന്ന കരാറുകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്ഥലം ഏറ്റെടുക്കുന്നതിലെ സാങ്കേതിക തടസ്സം കാരണമാണ് പിണറായി ഹൈടെക് വീവിങ് മില്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ കാലതാമസമുണ്ടായതെന്നും പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. കുടിവെള്ള പദ്ധതികള്‍ക്കായി പഞ്ചായത്തുകളിലെ റോഡുകള്‍ വെട്ടിപ്പൊളിക്കുമ്പോള്‍ അത് പഞ്ചായത്ത് അധികൃതരെ അറിയിക്കാന്‍ യോഗം നിര്‍ദേശം നല്‍കി.
ധര്‍മടം പഞ്ചായത്തില്‍ ഇത്തരത്തില്‍ വെട്ടിപ്പൊളിച്ച റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനുള്ള തുക പഞ്ചായത്തിനോട് ആവശ്യപ്പെടും. പയ്യന്നൂര്‍ സബ് രജിസ്ട്രര്‍ ഓഫിസിന് അനുയോജ്യമായ കെട്ടിടമോ കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലമോ കണ്ടെത്താന്‍ സമിതിയെ ചുമതലപ്പെടുത്തി. ജൂണ്‍ വരെയുള്ള വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി യോഗം വിലയിരുത്തി.
2017-18 വര്‍ഷത്തെ സംസ്ഥാന, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് തയ്യാറാക്കിയ പുസ്തകം പ്രകാശനം ചെയ്തു. കെ സി ജോസഫ് എംഎല്‍എ, എഡിഎം ഇ മുഹമ്മദ് യൂസഫ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മണ്ഡലം പ്രതിനിധി യു ബാബു ഗോപിനാഥ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ കെ അനില്‍കുമാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top